ഹോസ്റ്റലിലേക്കു വാഹനം നൽകിയില്ല; വിദ്യാർഥികൾ പ്രിൻസിപ്പലിനെ തടഞ്ഞുവെച്ചു.

Narayana Molleti
നേമം:ഹോസ്റ്റലിലേക്കു പോകാൻ കോളേജ് ബസ് വിട്ടുനൽകാത്തതിൽ പ്രതിഷേധിച്ച് നേമം വിദ്യാധിരാജ ഹോമിയോ കോളേജിൽ വിദ്യാർഥികൾ പ്രിൻസിപ്പലിനെ തടഞ്ഞുവെച്ചു.

നരുവാമൂട് മുക്കുനടയിലെ ഹോസ്റ്റലിലേക്കും തിരിച്ചും വിദ്യാർഥികളെ എല്ലാ ദിവസവും കൊണ്ടുപോകുന്നത് കോളേജ് ബസിലാണ്. ബുധനാഴ്ച വൈകീട്ട് മുന്നറിയിപ്പ് കൂടാതെ കോളേജ് അധികൃതർ ബസ് വിട്ടുകൊടുത്തില്ല. ഹോസ്റ്റലിലെ ഫീസ് കൂട്ടി നൽകിയാൽ മാത്രമേ ബസിൽ യാത്ര അനുവദിക്കൂ എന്ന് കോളേജ് അധികൃതർ നിലപാട് എടുത്തതായി വിദ്യാർഥികൾ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ചാണ് എസ്.എഫ്.ഐ.യുടെ നേതൃത്വത്തിൽ വിദ്യാർഥികൾ പ്രിൻസിപ്പൽ ഡോ. താരയെ തടഞ്ഞുവെച്ചത്.

നേമം പോലീസ് സ്ഥലത്തെത്തി. വ്യാഴാഴ്ച മാനേജരുമായി പോലീസ് സാന്നിധ്യത്തിൽ ചർച്ച നടത്താമെന്നും തീരുമാനിച്ചതോടെ വിദ്യാർഥികൾ പിരിഞ്ഞുപോയി. രാത്രി ഏഴരയോടെ വിദ്യാർഥികളെ പി.ടി.എ. ഇടപ്പെട്ട് കോളേജ് ബസിൽ തന്നെ ഹോസ്റ്റലിൽ കൊണ്ടുവിടുകയും ചെയ്തതായി നേമം ഇൻസ്‌പെക്ടർ ബൈജു എൽ.എസ്.നായർ പറഞ്ഞു. കോളേജിലെ അൻപത്തിയഞ്ചോളം വിദ്യാർഥികളാണ് നരുവാമൂട് ഹോസ്റ്റലിൽ താമസിക്കുന്നത്.


Find Out More:

Related Articles: