തിരുവനന്തപുരം∙ മദ്യപിച്ച് സ്റ്റേഷനിലെത്തിയശേഷം പടക്കം പെട്ടിച്ച പൊലീസുകാരനെതിരെ കേസെടുത്തു. മംഗലപുരം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ബിജുവിനെതിരെയാണ് കേസെടുത്തത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മദ്യപിച്ച് സ്റ്റേഷനിലെത്തിയ ബിജു പൊലീസ് സഹകരണ സംഘം തിരഞ്ഞെടുപ്പിലെ വിജയം ആഘോഷിക്കുകയാണെന്ന് പറഞ്ഞതിനുശേഷം പടക്കം പൊട്ടിക്കാനൊരുങ്ങി. സിഐ വിലക്കിയെങ്കിലും പടക്കം പൊട്ടിച്ചു. ഇതിനുശേഷം സ്റ്റേഷനില്‍ ബഹളം ഉണ്ടാക്കി.
പുറത്തുപോകാന്‍ സിഐ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ കാറിൽ മടങ്ങാൻ ഒരുങ്ങി. സ്റ്റേഷനു പുറത്തെത്തിയപ്പോൾ കാര്‍ മറ്റൊരു കാറില്‍ ഇടിച്ചു. നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ചു പൊലീസിനു കൈമാറി. സ്റ്റേഷനില്‍ എത്തിച്ച ഇയാള്‍ ബഹളമുണ്ടാക്കി നിലത്തുകിടന്ന് ഉരുണ്ടു. സ്പെഷല്‍ ബ്രാഞ്ച് അറിയിച്ചതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി.
ഫൊറന്‍സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മദ്യപിച്ച് വാഹനം ഓടിച്ചതിനും പൊതുസ്ഥലത്ത് ബഹളമുണ്ടാക്കിയതിനും സ്റ്റേഷനില്‍ പടക്കം പൊട്ടിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. പൊലീസുകാരനെതിരെ നടപടിയുണ്ടാകും.