ഷീല ദീക്ഷിതിന്റെ സംസ്കാരം ഇന്ന് യമുനാ തീരത്ത് ; അന്ത്യോപചാരം അർപ്പിച്ച് പ്രമുഖർ
ന്യൂഡൽഹി∙ അന്തരിച്ച ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ സംസ്കാരം ഇന്ന്. ഡൽഹി നിസാമുദ്ദീനിലെ വീട്ടിൽ നിന്നു കോണ്‍ഗ്രസ് ആസ്ഥാനത്ത് പൊതുദർശനത്തിന് എത്തിക്കുന്ന ഭൗതീകശരീരം ഉച്ചയ്ക്ക് 2.30തിന് ഡല്‍ഹി കശ്മീരി ഗേറ്റിലെ യമുനാ നദിക്കരയിലുള്ള നിഗംബോദ് ഘട്ടിൽ സംസ്കരിക്കും. ഷീല ദീക്ഷിതിന്റെ ആഗ്രഹപ്രകാരം സിഎൻജി ശമ്ശാനത്തിലായിരിക്കും സംസ്കാരമെന്നു മകനും കോണ്‍ഗ്രസ് നേതാവുമായ സന്ദീപ് ദീക്ഷിത് പറഞ്ഞു.
നിരവധി പ്രമുഖരാണ് ഇന്നലെയും ഇന്നുമായി അന്ത്യമോപചാരം അർപ്പിക്കാനായി ഷീല ദീക്ഷിതിന്റെ ദക്ഷിണ ഡൽഹിയിലെ വസതിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള, യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി
കോണ്‍ഗ്രസ് ദേശീയ നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, കെ.സി. വേണുഗോപാല്‍, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ബിജെപി നേതാവ് എൽ. കെ. അഡ്വാനി, മുൻ കേന്ദ്ര മന്ത്രി സുഷമ സ്വരാജ് തുടങ്ങിയ പ്രമുഖർ വസതിയിലെത്തി അന്ത്യമോപചാരം അര്‍പ്പിച്ചു.