കശ്മീരിൽ 50,000 തൊഴിലുകൾ; 6 മാസത്തിൽ 50 കോളജുകൾ: പ്രഖ്യാപനവുമായി ഗവർണർ.

Divya John

ശ്രീനഗർ∙ കശ്മീരി യുവാക്കൾക്കായി പുതിയ പ്രഖ്യാപനവുമായി ഗവർണർ സത്യപാൽ മാലിക്. അടുത്ത മൂന്നു മാസത്തിനുള്ളിൽ യുവാക്കൾക്കായി 50,000 തൊഴിലുകൾ സൃഷ്ടിക്കുമെന്നാണ് മാലിക് ബുധനാഴ്ച അറിയിച്ചത്. ഇതിനു പുറമേ അടുത്ത ആറു മാസത്തിനുള്ളിൽ കശ്മീരിൽ 50 പുതിയ കോളജുകൾ തുറക്കുമെന്നും പെൺകുട്ടികൾക്കായി പ്രത്യേക കോളജുകൾക്ക് അനുമതി നൽകമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീർ ഭരണ സമിതിയിൽ 50,000 പുതിയ തൊഴിലുകൾ സൃഷ്ടിക്കും. യുവജനത പൂർണ ഊർജത്തോടെ ഭരണത്തിൽ  ഇടപെടണം. അടുത്ത രണ്ടോ മൂന്നോ മാസം കൊണ്ട് ഈ തസ്തികകളിലേക്കെല്ലാം നിയമനം പൂർത്തിയാക്കും. ഇത് കശ്മീരിൽ നടക്കുന്ന ഏറ്റവും വലിയ റിക്രൂട്ട്മെന്റ് ആകും–മാലിക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. നേരത്തേ കശ്മീരിലേക്കു നിക്ഷേപങ്ങൾ ഒന്നും വന്നിരുന്നില്ല, തൊഴിലില്ലായ്മ കൂടുതലുമായിരുന്നു. എന്നാൽ ഇന്ന് ഈ സ്ഥിതി മാറിവരികയാണ്.

 

കശ്മീരിനായി കേന്ദ്രസർക്കാൻ എന്തോ വലുത് കരുതി വച്ചിട്ടുണ്ടെന്നും പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നും മാലിക് കൂട്ടിച്ചേർത്തു. കശ്മീരി ജനങ്ങളുടെ വ്യക്തിത്വവും സംസ്കാരവും ഏതുവിധേനയും സംരക്ഷിക്കുമെന്നും 370–ാം അനുച്ഛേദം എടുത്തുകളഞ്ഞതിനു ശേഷമുള്ള നിയന്ത്രണങ്ങൾ സുരക്ഷയെ മുൻനിർത്തി മാത്രമാണെന്നും മാലിക് വ്യക്തമാക്കി.

 

അതേസമയം, പ്രതിഷേധത്തിനിടെ കശ്മീർ താഴ്‌വരയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പെല്ലറ്റ് തോക്കുകൾ ഉപയോഗിച്ചതായി മാലിക് സമ്മതിച്ചു. വൻ അപകടങ്ങൾ ഒഴിവാക്കാനായിരുന്നു ഇതെന്നാണു വിശദീകരണം നൽകിയത്. രാഷ്ട്രീയ നേതാക്കളുടെ തടങ്കലിനെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അതിൽ വിഷമിക്കേണ്ടെന്നും അവരുടെ രാഷ്ട്രീയ ഭാവിക്ക് അത് ഗുണം ചെയ്യുമെന്നുമാണ് മാലിക് മറുപടി പറഞ്ഞത്. എത്ര നാൾ അധികം അവർ തടങ്കലിൽ കഴിയുന്നോ, അത്രയും വോട്ടുകൾ അവർക്ക് അധികം ലഭിക്കും. അവർക്ക് ഈ അവസരം വേണ്ടവിധം ഉപയോഗപ്പെടുത്താൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നതായും മാലിക് പറഞ്ഞു.

Find Out More:

Related Articles: