കൊച്ചി വിമാനത്താവളത്തിന്റെ റണ്‍വെ നവീകരണ പദ്ധതി ബുധനാഴ്ച ആരംഭിക്കും

VG Amal
കൊച്ചി വിമാനത്താവളത്തിന്റെ റണ്‍വെ നവീകരണ പദ്ധതി ബുധനാഴ്ച ആരംഭിക്കും. 2020 മാര്‍ച്ച് 28 വരെ ഇനി പകല്‍ സമയം വിമാനസര്‍വീസുകള്‍ ഉണ്ടാകില്ല. എല്ലാ ദിവസവും രാവിലെ പത്തിന് വിമാനത്താവള റണ്‍വെ അടയ്ക്കും വൈകീട്ട് ആറിന് തുറക്കും. മിക്ക സര്‍വീസുകളും വൈകീട്ട് ആറ് മുതല്‍ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുന:ക്രമീകരിച്ചിട്ടുള്ളതിനാല്‍ അഞ്ച് വിമാന സര്‍വീസുകള്‍ മാത്രമാണ് റദ്ദുചെയ്യപ്പെടുകയെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.സ്പൈസ് ജെറ്റിന്റെ മാലദ്വീപ് സര്‍വീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തില്‍ റദ്ദാക്കിയത്. വിവിധ എയര്‍ലൈനുകളുടെ അഹമ്മദാബാദ്, ഡല്‍ഹി, ചെന്നൈ, മൈസൂര്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ഓരോ സര്‍വീസുകളും റദ്ദാക്കപ്പെട്ടു. അതേസമയം, ഒക്ടോബര്‍ അവസാനവാരം നടപ്പിലായിത്തുടങ്ങിയ ശീതകാല സമയപ്പട്ടികയില്‍ നിരവധി സര്‍വീസുകള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുമുണ്ട്.

റണ്‍വെ റീ-സര്‍ഫസിങ് പ്രവൃത്തിയാണ് നടക്കുന്നത്. ഇതിന്‍റെ ഭാഗമായി 24 മണിക്കൂര്‍ പ്രവര്‍ത്തന സമയം ബുധനാഴ്ചമുതല്‍ 16 മണിക്കൂര്‍ ആയി കുറയും . ഈ സാഹചര്യത്തില്‍ രാവിലേയും വൈകീട്ടും കൂടുതല്‍ തിരക്കുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ചെക്ക്-ഇന്‍ സമയം വര്‍ധിപ്പിച്ചിട്ടുണ്ട്. ആഭ്യന്തര യാത്രക്കാര്‍ക്ക് ഇനി മൂന്നു മണിക്കൂര്‍ മുമ്പു തന്നെ ചെക്ക്-ഇന്‍ നടത്താം. രാജ്യാന്തര യാത്രക്കാര്‍ക്ക് നാല് മണിക്കൂര്‍ മുമ്പും ഈ സൗകര്യം ഏവർക്കും പ്രയോജനപ്പെടുത്താം.

Find Out More:

Related Articles: