മൂടൽമഞ്ഞിനെ തുടർന്ന് ഡൽഹിക്ക് സമീപം വാഹനാപകടം

VG Amal
കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ അടക്കം ആറ് മരണം.

ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ കാര്‍ കനാലിലേയ്ക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

മാരുതി  കാറാണ്അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.

സംഭലില്‍നിന്ന് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മഹേഷ്, കിഷന്‍, നീരേഷ്, രാം ഖിലാഡി, മല്ലു, നേത്രപാല്‍ എന്നിവരാണ് മരിച്ചത്.

ശക്തമായ  മൂടല്‍മഞ്ഞു മൂലം കാഴ്ച തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ഖേര്‍ലി കനാലിലേയ്ക്ക് പതിക്കുകയുമായിരുന്നു.

വാഹനത്തില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആറു പേര്‍ മരിക്കുകയായിരുന്നെന്ന് പോലീസ് സ്ഥിരീകരിച്ചു. 

രണ്ടാഴ്ചയോളമായി ഡല്‍ഹിയിലും യുപി, ബിഹാര്‍, ഹരിയാണ, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. മൂടല്‍മഞ്ഞും വായുവിലെ പൊടിപടലങ്ങളും മൂലം പകല്‍ പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് ഡല്‍ഹിയിലുള്ളത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

കട്ടിയേറിയ മൂടല്‍മഞ്ഞു മൂലം ഡല്‍ഹയില്‍ വിമാന-തീവണ്ടി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നുള്ള നിരവധി വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. 30 തീവണ്ടികള്‍ വൈകിയോടുന്നു. 50 മീറ്റര്‍ അകലെയുള്ള കാഴ്ചകള്‍ പോലും വ്യക്തമല്ലാത്തതിനാല്‍ എമര്‍ജന്‍സി ലൈറ്റ് ഇട്ടാണ് വാഹനങ്ങള്‍ യാത്രചെയ്യുന്നത്.

Find Out More:

Related Articles: