102 ലക്ഷം കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കുമെന്ന് കേന്ദ്ര ധനമന്ത്രി

VG Amal
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ 102 ലക്ഷം കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍.

ഇതിലൂടെ 2024-25 ഓടെ അഞ്ച് ട്രില്യണ്‍ യു.എസ് ഡോളര്‍ ജിഡിപി എന്ന ലക്ഷ്യം കൈകരിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

അടിസ്ഥാന സൗകര്യ രംഗത്ത് 100 ലക്ഷം കോടിയുടെ നിക്ഷേപം നടത്തുമെന്ന് കഴിഞ്ഞ സ്വതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. മോദിയുടെ മുന്നേറ്റത്തിന് അനുസൃതമായി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 100 ലക്ഷം കോടിയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് വിശദമായ പദ്ധതി തയ്യാറാക്കിയതായി നിര്‍മല സീതാരാമന്‍ അഭിപ്രായപ്പെട്ടു. 

ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 70 പ്രത്യേക സംഘങ്ങളുമായി ചര്‍ച്ചകള്‍ നടത്തി. 102 ലക്ഷം കോടിയുടെ പദ്ധതികള്‍ നിലവില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിനൊപ്പം മൂന്നു ലക്ഷം കോടിയുടെ പദ്ധതികളും വൈകാതെ ഉള്‍പ്പെടുത്തും. പദ്ധതിത്തുകയുടെ 39 ശതമാനം വീതം കേന്ദ്രവും സംസ്ഥാനങ്ങളും ബാക്കി 22 ശതമാനം സ്വകാര്യ മേഖലയും വഹിക്കും.രണ്ടര ലക്ഷം കോടിയുടെ തുറമുഖ - വിമാനത്താവള പദ്ധതികള്‍, 3.2 ലക്ഷം കോടിയുടെ ഡിജിറ്റല്‍ ഇന്‍ഫ്രാ പ്രോജക്ടുകള്‍, 16 ലക്ഷം കോടിയുടെ ജലസേചന പദ്ധതികള്‍, ഗ്രാമീണ, കാര്‍ഷിക - ഭക്ഷ്യ സംസ്‌കരണ മേഖലയിലെ പദ്ധതികള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.

മൊബിലിറ്റി പ്രോജക്റ്റുകള്‍ ഉള്‍പ്പെടെ 16 ലക്ഷം കോടിയുടെ പ്രോജക്റ്റുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 20 ലക്ഷം കോടി രൂപയുടെ റോഡ്,  14 ലക്ഷം കോടി റെയില്‍വേ പദ്ധതികളും 5 ലക്ഷം കോടിയുടെ ഊര്‍ജ്ജ പദ്ധതികളും അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് കീഴില്‍ വരുന്നുണ്ട്.

Find Out More:

Related Articles: