വൈറസ് നിയന്ത്രണവിധേയമാക്കാന്‍ ചൈന അഞ്ചുനഗരങ്ങള്‍ പൂര്‍ണമായി അടച്ചിട്ടു.

VG Amal
അതിവേഗം പടരുന്ന കൊറോണ വൈറസ് നിയന്ത്രണവിധേയമാക്കാന്‍ ചൈന അഞ്ചുനഗരങ്ങള്‍ പൂര്‍ണമായി അടച്ചിട്ടു. 

വൈറസ് ആദ്യം റിപ്പോര്‍ട്ടുചെയ്ത വുഹാനു പിന്നാലെ ഹുബൈ പ്രവിശ്യയിലെ ഹുവാങ്ഗാങ്, ഇജൗ, ഷിജിയാങ്, ക്വിയാന്‍ ജിയാങ് എന്നിവയാണ് ഇത്തരത്തിൽ അനിശ്ചിതകാലത്തേക്ക് അടച്ചത്.

വുഹാന്‍ നഗരത്തിലേക്കും നഗരവാസികള്‍ പുറത്തേക്കും യാത്രചെയ്യുന്നത് ബുധനാഴ്ച നിരോധിച്ചിരുന്നു.

നഗരങ്ങളില്‍ വിമാനം, ബസ്, ട്രെയിന്‍, ഫെറി എന്നിവയുള്‍പ്പെടെയുള്ള പൊതുഗതാഗതസംവിധാനങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ വ്യാഴാഴ്ച ഉത്തരവിട്ടു. നഗരം അടച്ച വാര്‍ത്ത പുറത്തുവന്നതോടെ നഗരവാസികള്‍ കൂട്ടത്തോടെ റെയില്‍വേ സ്റ്റേഷനിലേക്കും വിമാനത്താവളങ്ങളിലേക്കുമെത്തിയതോടെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. 'പ്രത്യേക കാരണ'മില്ലാതെ പ്രദേശം വിടരുതെന്ന് അധികൃതര്‍ അറിയിച്ചു. 

വ്യാഴാഴ്ച രാത്രിയോടെയാണ് ഹുവാങ്ഗാങ്ങിലും ഇജൗവിലും ഷിജിയാങ്ങിലും ക്വിയാന്‍ ജിയാങ്ങിലും നിയന്ത്രണമേര്‍പ്പെടുത്തിയത്.

രണ്ടരക്കോടി ജനങ്ങളെയാണ് നിയന്ത്രണം ബാധിക്കുക. ചൈനീസ് പുതുവത്സരവുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്കും വിലക്ക് ഏർപെടുത്തി. 

അതിനിടെ, വ്യാഴാഴ്ച സിങ്കപ്പൂരിലും വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനില്‍നിന്നെത്തിയ 66-കാരനിലാണ് രോഗം കണ്ടെത്തിയത്. ചൈനയ്ക്കുപുറമേ തായ്‌ലാന്‍ഡ്, തയ്‌വാന്‍, ജപ്പാന്‍, ദക്ഷിണകൊറിയ, യു.എസ്., മക്കാവു, ഹോങ് കോങ്, വിയറ്റ്‌നാം, സൗദി എന്നിവിടങ്ങളില്‍ രോഗം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

Find Out More:

Related Articles: