പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുന്ന ജാഫറാബാദിന് സമീപമുള്ള മൗജ്പൂരില്‍ സംഘര്‍ഷം.

VG Amal
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടക്കുന്ന ജാഫറാബാദിന് സമീപമുള്ള മൗജ്പൂരില്‍ സംഘര്‍ഷം.

ബിജെപി പ്രാദേശിക നേതാവിന്റെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ഒരുവിഭാഗം നടത്തിയ റാലിയാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ഇരുവിഭാഗങ്ങളും പരസ്പരം കല്ലേറ് നടത്തി. ഇതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

പോലീസും അര്‍ധസൈനിക വിഭാഗവും സ്ഥലത്തെത്തി. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെങ്കിലും സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ അറിയിച്ചു. 

വിവാദ പ്രസ്താവനകളിലൂടെ ശ്രദ്ധനേടിയ ബിജെപി നേതാവ് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിക്കുന്ന സംഘം വൈകീട്ട് മൂന്നോടെ ജാഫറാബാദ് മെട്രോ സ്‌റ്റേഷന് സമീപമെത്തി റോഡില്‍നിന്ന് മാറാന്‍ പ്രക്ഷോഭകരോട് ആവശ്യപ്പെട്ടുവെന്ന ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

തൊട്ടുപിന്നാലെയാണ് കല്ലേറുണ്ടായത്. പോലീസ് ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രച്ചു. എന്നാല്‍, സിഎഎയെ അനുകൂലിക്കുന്നവര്‍ ആരും കല്ലേറ് നടത്തിയിട്ടില്ലെന്ന് കപില്‍ മിശ്ര അവകാശപ്പെട്ടു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാഫറാബാദില്‍ ശനിയാഴ്ച രാത്രിയാണ് പ്രക്ഷോഭം തുടങ്ങിയത്. നിയമ ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യവുമായി 200 ഓളം സ്ത്രീകള്‍ ജാഫറാബാദ് മെട്രോ സ്‌റ്റേഷന് സമീപം രാത്രിയോടെ സമരം തുടങ്ങി. ദേശീയ പതാകകളേന്തി ആസാദി മുദ്രാവാക്യം മുഴക്കിയാണ് സ്ത്രീകള്‍ സമരം ആരംഭിച്ചത്. 

Find Out More:

Related Articles: