കാല്‍കഴുകല്‍ ശുശ്രൂഷയോ വിശുദ്ധവാരത്തിലെ കുമ്പസാരമോ ഇല്ലാതെ ക്രൈസ്തവര്‍ വ്യാഴാഴ്ച പെസഹ ആചരിക്കും.
കുരിശുമരണത്തിനു മുമ്പ് ശിഷ്യന്‍മാര്‍ക്കൊപ്പം ക്രിസ്തു അന്ത്യ അത്താഴം കഴിച്ചതിന്റെ ഓര്‍മയിലാണ് പെസഹ ആചരിക്കുന്നത്.
അന്ത്യ അത്താഴ വേളയില്‍ ക്രിസ്തു ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകിയിരുന്നു.
ഇതിന്റെ ഓര്‍മയ്ക്കായി ദേവാലയങ്ങളില്‍ നടത്തുന്ന കാല്‍കഴുകല്‍ ശുശ്രൂഷ ഇത്തവണ കാണില്ല.
ചില വൈദികര്‍ ഇടവകാംഗങ്ങള്‍ക്ക് പ്രത്യേകമായി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വീടുകളില്‍ അപ്പന്‍ മക്കളുടെയും മക്കള്‍ മാതാപിതാക്കളുടെയും കാലുകള്‍ കഴുകി ചുംബിക്കാന്‍ നിര്‍ദേശം നല്‍കിയവരുണ്ട്.
പൊതു നിര്‍ദേശമില്ലെങ്കിലും പല പള്ളികളിലും ഇത്തരം രീതികള്‍ ചെയ്യുന്നുണ്ട്.
'താലത്തില്‍ വെള്ളമെടുത്ത്...' എന്ന ഗാനം കുടുംബമായി വീടുകളില്‍ പാടി, അതിന്റെ വീഡിയോ പള്ളിയുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു ചിലർ. വിശുദ്ധവാരത്തിലെ മറ്റൊരു പ്രധാന കര്‍മമായ വ്യക്തിഗത കുമ്പസാരവും ഇത്തവണ ഉണ്ടാകില്ല.
ഓണ്‍ലൈനില്‍ കുമ്പസാരിപ്പിക്കാമോ എന്നു ചോദിച്ച് ധാരാളംപേര്‍ വിളിക്കുന്നതായി വൈദികര്‍ പറയുന്നു. ഒരു വര്‍ഷം മുഴുവന്‍ കുമ്പസാരിക്കാത്തവരും വിശുദ്ധവാരത്തില്‍ അത് ചെയ്യാറുണ്ട്.
Find Out More: