രണ്ടാം പിണറായി സർക്കാർ രംഗത്ത്: ആരെല്ലാം മന്ത്രിമാർ!

Divya John
 രണ്ടാം പിണറായി സർക്കാർ രംഗത്ത്: ആരെല്ലാം മന്ത്രിമാർ! എൽഡിഎഫ് നേതൃയോഗത്തിന് ശേഷമാകും ഘടകക്ഷികളിൽ ആർക്കൊക്കെ മന്ത്രിസ്ഥാനം ലഭിക്കും എന്നതിൽ തീരുമാനമാവുകയുള്ളു. സിപിഎമ്മിൽ നിന്ന് ഇത്തവണ ആരൊക്കെ മന്ത്രിയാകും എന്ന ചർച്ചകളും സജീവമാണ്. നിലവിലെ മന്ത്രിസഭയിൽ 20 മന്ത്രിമാരാണ് ഉള്ളത്. കൂടുതൽ ഘടകക്ഷികൾ കടന്ന് വന്നതിനാൽ മന്ത്രിമാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുമോ അതോ, സിപിഎമ്മും സിപിഐയും തങ്ങളുടെ എണ്ണത്തിൽ വിട്ടു വീഴ്ചചെയ്യുമോയെന്നും കാത്തിരുന്ന് കാണേണ്ടിവരും.  ഇടതുപക്ഷം തുടർഭരണം ഉറപ്പാക്കിയതിന് പിന്നാലെ തന്നെ രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർ ആരൊക്കെയാകും എന്ന ചർച്ചകൾ സജീവമാണ്. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐയ്ക്ക് നാലും ജെഡിഎസ്, എൻസിപി, കോൺഗ്രസ് എസ് എന്നിവയ്ക്ക് ഓരോന്നുവീതവും മന്ത്രി സ്ഥാനം കഴിഞ്ഞതവണ നൽകിയിരുന്നു.




ഒറ്റ എംഎൽഎമാർ ഉള്ള ഘടകക്ഷികൾക്ക് മന്ത്രിസ്ഥാനം ഇല്ലെന്ന നിലപാടിലായിരുന്നെങ്കിലും മുതിർന്ന നേതാവ് എന്ന പരിഗണനയിലായിരുന്നു കോൺഗ്രസ് എസിന് മന്ത്രിസ്ഥാനം നൽകിയത്. ഒന്നാം പിണറായി സർക്കാരിൽ 20 മന്ത്രിമാരാണുള്ളത്. ഇതിൽ 13 പേരും സിപിഎമ്മിൻറെ ജനപ്രതിനിധികളാണ്.സീറ്റുകൾ വർധിപ്പിച്ചാണ് ഇടതുപക്ഷം അധികാരത്തുടർച്ച ഉറപ്പ് വരുത്തിയത്. സിപിഎമ്മിന് സ്വതന്ത്രരുൾപ്പെടെ 67 സീറ്റുകളാണ് ഇത്തവണ ലഭിച്ചത്. സിപിഐ- 17, കേരള കോൺഗ്രസ് എം - 5, ജനതാദൾ എസ്- 2 എൻസിപി- 2, കോൺഗ്രസ് എസ്- 1, കേരള കോൺഗ്രസ് ബി- 1, എൽജെഡി- 1, ഐഎൻഎൽ- 1, ആർഎസ്പിഎൽ- 1 ജനാധിപത്യ കേരളാ കോൺഗ്രസ്- 1 എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. പാർട്ടികൾ കൂടിയെങ്കിലും മന്ത്രിമാരുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുമോ എന്നതിൽ സിപിഎം, എൽഡിഎഫ് നേതൃയോഗങ്ങൾക്ക് ശേഷമാകും തീരുമാനമാവുക.




നാല് മന്ത്രിമാർ എന്നതിൽ നിന്ന് സിപിഐ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമോയെന്നും കണ്ടറിയേണ്ടതുണ്ട്. മുന്നണിയിലെ മൂന്നാമത്തെ കക്ഷിയായ കേരളാ കോൺഗ്രസ് എം രണ്ട് മന്ത്രിസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചെന്ന റിപ്പോർട്ടുകളുണ്ട്. ജനതാദൾ എസിനും എൻസിപിയ്ക്കും ഇത്തവണയും ഒന്നുവീതം മന്ത്രിസ്ഥാനം ലഭിച്ചേക്കും.സിപിഎമ്മിൽ നിന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയ്ക്ക് പുറമെ നിലവിലെ മന്ത്രിസഭയിലെ ആർക്കൊക്കെ മന്ത്രിസ്ഥാനം ലഭിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.



 എംഎം മണി, ടിപി രാമകൃഷ്ണൻ, എസി മൊയ്തീൻ, കടകംപള്ളി സുരേന്ദ്രൻ എന്നിവരാണ് ഇത്തവണയും ജയിച്ചുവന്നത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ എംവി ഗോവിന്ദൻ മാസ്റ്ററും കെ രാധാകൃഷ്ണനും മന്ത്രിസഭയിലുണ്ടാകുമെന്ന് ഉറപ്പാണ്. പി രാജീവ്, കെഎൻ ബാലഗോപാൽ, എംബി രാജേഷ്, വീണാ ജോർജ്ജ് എന്നിവരുടെ പേരുകളും ഉയർന്ന് കേൾക്കുന്നുണ്ട്.

Find Out More:

Related Articles: