മോദിയുടെ ആ വിജയശിൽപി ശരദ് പവാറിനൊപ്പം; ആകാംക്ഷയിൽ രാഷ്ട്രീയലോകം! കേരളത്തിലെ ഒരേയൊരു സീറ്റ് നഷ്ടപ്പെട്ട ബിജെപിയ്ക്ക് പശ്ചിമ ബംഗാളിലോ തമിഴ്നാട്ടിലോ ഉദ്ദേശിച്ച ലക്ഷ്യം കൈവരിക്കാൻ ബിജെപിയ്ക്ക് സാധിച്ചില്ല. ഇതിനിടയിലാണ് രാഷ്ട്രീയ തന്ത്രജ്ഞനും പശ്ചിമ ബംഗാളിലെ തൃണമൂൽ തുടർവിജയത്തിൻ്റെ ശിൽപിയുമായ പ്രശാന്ത് കിഷോർ എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ച സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ലെങ്കിലും ദേശീയതലത്തിൽ നടക്കുന്ന വലിയ കരുനീക്കങ്ങളുടെ തുടർച്ചയായാണ് പലരും ഈ സംഭവത്തെ നോക്കിക്കാണുന്നത്. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്നിടത്താണ് ബിജെപിയ്ക്ക് വലിയ തിരിച്ചടി നേരിട്ടത്.
അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മൂന്നിടത്താണ് ബിജെപിയ്ക്ക് വലിയ തിരിച്ചടി നേരിട്ടത്. രണ്ടാം വട്ടവും ലോക്സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായാണ് 2019ൽ വിജയിച്ചതെങ്കിലും സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ഭീഷണികളാണ് കേന്ദ്രസർക്കാർ നേരിടുന്നത്.തൃണമൂൽ വിട്ടു ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയെ നന്ദിഗ്രാമിൽ ചെന്നു നേരിട്ട മമതയുടെ പോരാട്ടമാണ് ബംഗാളിൽ വിജയിച്ചത്. പശ്ചിമ ബംഗാളിൽ മമത ബാനർജിയുടെ തന്ത്രങ്ങൾക്ക് നേതൃത്വം നൽകിയത് പ്രശാന്ത് കിഷോറായിരുന്നു. കൂടാതെ ബിജെപിയെ മുഖ്യ എതിരാളിയായി കാണുന്ന ഡിഎംകെ തമിഴ്നാട്ടിൽ ഭരണം തിരിച്ചു പിടിച്ചു. കേരളത്തിൽ ഒരേയൊരു സീറ്റും നഷ്ടമായി.
അടുത്ത വർഷം വരുന്ന യുപി അടക്കമുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളെ ബിജെപി നേതൃത്വം അതീവശ്രദ്ധയോടെയാണ് നോക്കിക്കാണുന്നത്.അഞ്ചിടത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപി വലിയ പ്രതീക്ഷയോടെ നേരിട്ട പശ്ചിമ ബംഗാളിലെയും കേരളത്തിലെയും പോരാട്ടത്തിൽ ബിജെപിയ്ക്ക് നിരാശയായിരുന്നു ഫലം.ആദ്യഘട്ടത്തിൽ തൃണമൂലിൽ നിന്ന് ബിജെപി അടർത്തിയെടുത്ത നേതാവായിരുന്നു മുകുൾ റോയ്. എന്നാൽ കൂടുതൽ നേതാക്കൾ ബിജെപിയിൽ നിന്നു തിരിച്ചെത്തുമെന്നാണ് മുകുൾ റോയ് ഇന്നു വിശദീകരിച്ചത്. പശ്ചിമ ബംഗാളിലെ കനത്ത തോൽവിയ്ക്കു പിന്നാലെയാണ് ബിജെപിയ്ക്ക് സംസ്ഥാനത്ത് വലിയ നഷ്ടം സംഭവിക്കുന്നത്. ബിജെപി ഭീഷണിപ്പെടുത്തിയാണ് മുകുൾ റോയിയെ അവരുടെ പാളയത്തിലെത്തിച്ചതെന്നാണ് മമത ബാനർജി ആരോപിക്കുന്നത്.
അതേസമയം, നനഞ്ഞിടം കുഴിക്കുക എന്ന നയം പിന്തുടരുന്ന മമത ബിജെപിയിൽ നിന്ന് കൂടുതൽ നേതാക്കളെ അടർത്തിയെടുക്കാനാണ് ശ്രമിക്കുന്തന്നത്.ബിജെപിയിൽ നിന്നു രാജിവെച്ച ദേശീയ ഉപാധ്യക്ഷൻ മുകുൾ റോയിയും മകനും ഇന്നാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.ഇതിനിടെയാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ എൻസിപി അധ്യക്ഷൻ ശരത് പവാറുമായി അദ്ദേഹത്തിൻ്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തുന്നത്. പശ്ചിമ ബംഗാളിൽ തൃണമൂലിൻ്റെയും തമിഴ്നാട്ടിൽ ഡിഎംകെയുടെയും വിജയത്തിനു കളമൊരുക്കിയ ശേഷമാണ് കൂടിക്കാഴ്ചയെന്നതാണ് ശ്രദ്ധേയം. ഇരുവരും തമ്മിൽ ഉച്ചഭക്ഷണത്തിനിടെ എന്താണ് സംസാരിച്ചതെന്ന് ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാൽ വർഷങ്ങളായി ബിജെപി വിരുദ്ധ ചേരിയിലുള്ള പ്രശാന്ത് കിഷോർ 2024 ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മുന്നൊരുങ്ങളിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
ഇന്നലെ തന്നെ പ്രശാന്ത് കിഷോർ നടൻ ഷാറൂഖ് ഖാനുമായി കൂടിക്കാഴ്ച നടത്തിയതായും എൻഡിടിവി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശരത് പവാറിനു പുറമെ സഖ്യകക്ഷിയായ ശിവസേനയിലെ നിരവധി നേതാക്കളുമായും കിഷോഷിനു അടുത്ത ബന്ധമുണ്ട്. സൗഹൃദം പുതുക്കിയതാണെന്നാണ് വിശദീകരണം. ചർച്ചയ്ക്കു ശേഷം പുറത്തിറങ്ങിയ കിഷോറോ ശരത് പവാറോ മാധ്യമങ്ങളോടു പ്രതികരിക്കാൻ തയ്യാറായില്ല.കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡിഎംകെ, ആംആദ്മി പാർട്ടി, ബിജെപി തുടങ്ങി നിരവധി ദേശീയ പാർട്ടികളുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് രൂപം നൽകി അധികാരത്തിലെത്തിച്ചിട്ടുണ്ട് പ്രശാന്ത് കിഷോർ.
2011ൽ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയ്ക്കു വേണ്ടി പ്രവർത്തിച്ച കിഷോർ 2014ൽ ബിജെപിയുടെ ലോക്സഭാ പ്രചാരണത്തിനും ചുക്കാൻ പിടിച്ചു. പ്രധാനമന്ത്രിപദത്തിലേയ്ക്കുള്ള മോദിയുടെ വളർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് പ്രശാന്ത് കിഷോറായിരുന്നു. എന്നാൽ ഇതിനു ശേഷം ബിജെപിയുമായി വഴിപിരിഞ്ഞു. തുടർന്ന് ഐപാക് എന്ന സ്വന്തം സ്ഥാപനവുമായി വളർന്ന പ്രശാന്ത് കിഷോറിന് പഞ്ചാബിലെ കോൺഗ്രസ് വിജയത്തിനു പിന്നിലും നിർണായക പങ്കുണ്ട്.