ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നത് സ്ത്രീത്വമല്ല: മുഖ്യമന്ത്രി!

Divya John
ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നത് സ്ത്രീത്വമല്ല: മുഖ്യമന്ത്രി! ഭാര്യയെ തല്ലുന്നത് ആണത്തമാണെന്ന് കരുതരുതെന്നും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുതെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിൽ ഗാർഹിക പീഡനങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.  നമ്മുടെ നാടിന് ചേരാത്ത ഒന്നാണ്. ഇപ്പോൾ ഉണ്ടായിട്ടുള്ള സംഭവങ്ങളിൽ പഴുതുകളടച്ച അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിലെത്തിക്കും. സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഒരിടവേളയ്ക്കു ശേഷം വീണ്ടും സമൂഹത്തിൽ ചർച്ചയാവുകയാണ്. രാജ്യത്ത് സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ട് ആറു പതിറ്റാണ്ട് പിന്നിട്ടു. എന്നിട്ടും പല രൂപത്തിലും അളവിലും സ്ത്രീധനം കൊടുക്കുകയും വാങ്ങുകയും ചെയ്യുകയാണ്.




   ഇത് അങ്ങേയറ്റം ഗൗരവമുള്ള ഒരു സാമൂഹ്യവിപത്താണ്. ആ നിലയ്ക്ക് സ്ത്രീധനത്തേയും ഗാർഹികപീഡനത്തെയും കാണാനും കൈകാര്യം ചെയ്യാനും നമുക്ക് കഴിയണം.സ്ത്രീധനത്തിന്റെ പേരിലുള്ള പീഡനവും ജീവഹാനിയും നമ്മുടെ രാജ്യത്ത് പലയിടത്തും നടക്കുന്നുണ്ട്. അത്തരത്തിലുള്ള ഒരു നാടായി നമ്മുടെ നാട് മാറുക എന്നത് നാം ആർജ്ജിച്ചിട്ടുള്ള സംസ്‌കാര സമ്പന്നതയ്ക്കു തന്നെ യോജിക്കാത്തതാണ്. തികച്ചും ഖേദകരമായ കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട രണ്ട് കാര്യങ്ങൾ പ്രത്യേകമായി ഓർക്കണം. ഒന്നാമത്തേത്, പെൺകുട്ടികളും അവരുടെ മാതാപിതാക്കളും ശ്രദ്ധിക്കേണ്ട വിഷയമാണ്. സ്ത്രീധനത്തിനു വേണ്ടി ചോദിച്ചപ്പോൾ ആ കല്യാണം എനിക്കു വേണ്ട എന്നുപറഞ്ഞ പെൺകുട്ടികളെ നാം സമൂഹത്തിനു മുന്നിൽ കണ്ടിട്ടുണ്ട്. കുടുംബത്തിന്റെ നിലയും വിലയും കാണിക്കാനുള്ള ഒന്നല്ല വിവാഹവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും.





  പെൺകുട്ടിക്ക് എന്താണ് കൊടുത്തത് അല്ലെങ്കിൽ എത്രയാണ് കൊടുത്തത് എന്നതാവാൻ പാടില്ല കുടുംബത്തിന്റെ മഹിമയുടെ അളവുകോൽ. അങ്ങനെ ചിന്തിക്കുന്നവർ സ്വന്തം മക്കളെ വിൽപ്പനചരക്കായി മാറ്റുകയാണ് എന്നോർക്കണം. സ്ത്രീ-പുരുഷ ഭേദമെന്യേ, ഭർത്താവിന്റെ കുടുംബമെന്നോ ഭാര്യയുടെ കുടുംബമെന്നോ ഉള്ള വ്യത്യാസം കൂടാതെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കാൻ നമുക്കാവണം. വിവാഹത്തെയും കുടുംബജീവിതത്തെയും ആ വിധത്തിലുള്ള വ്യാപാര കരാറായി തരംതാഴ്ത്തരുത്. വീടിനുള്ളിലെ ചർച്ചകൾ പോലും ഇക്കാര്യത്തിൽ വലിയ സ്വാധീനം മക്കളിൽ ചെലുത്തും എന്ന് മാതാപിതാക്കൾ തിരിച്ചറിയണം. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് എന്തെങ്കിലുമൊക്കെ പാരിതോഷികം ലഭിക്കേണ്ടത് അവകാശം ആണെന്ന ചിന്ത ആൺകുട്ടികൾക്ക് ഉണ്ടാക്കിക്കൊടുക്കരുത്. ഭർത്താവിന്റെ വീട്ടിൽ ശാരീരികവും മാനസികവുമായ പീഡനങ്ങളെല്ലാം സഹിച്ചു കഴിയേണ്ടവളാണ് ഭാര്യ എന്ന ചിന്ത പെൺകുട്ടികളുടെ മനസ്സിൽ അടിച്ചേൽപ്പിക്കരുത്.





    ഇവ രണ്ടും പുരുഷാധിപത്യ ചിന്താഗതിയുടെ പ്രകടനങ്ങളാണ്. ആധിപത്യമല്ല സഹവർത്തിത്വമാണ് ആവശ്യം. ഇതോടൊപ്പം ആൺകുട്ടികളും അവരുടെ മാതാപിതാക്കളും ഗൗരവമായി ശ്രദ്ധിക്കേണ്ട വിഷയവുമുണ്ട്. വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ എന്നാൽ അതേപോലെയുള്ള കണക്കുകൂട്ടലുകളാണ് വിവാഹത്തിന് അടിസ്ഥാനം എന്നു കരുതരുത്. ആധുനിക സമൂഹമെന്ന നിലയ്ക്ക് വിജ്ഞാന സമ്പദ്ഘടനയിലേക്കു കേരളത്തെ പരിവർത്തിപ്പിക്കാനാണ് നാം ശ്രമിക്കുന്നത്. അതിനു ഉയർന്ന അറിവും ശേഷിയും ഉള്ള തലമുറയെ വാർത്തെടുക്കേണ്ടതുണ്ട്. അവിടെ ലിംഗപരമായ ഉച്ചനീചത്വങ്ങൾക്ക് സ്ഥാനമുണ്ടാവില്ല എന്നുറപ്പു വരുത്താനുള്ള ഉത്തരവാദിത്തം നാം ഓരോരുത്തർക്കും ഉണ്ട്. അതിനുതകുന്ന ബാലപാഠങ്ങൾ കുടുംബത്തിൽ നിന്നു തന്നെ ആരംഭിക്കണം. 





   പൊതുഇടങ്ങളിലും തൊഴിലിടങ്ങളിലും ഒക്കെ അത്തരത്തിലുള്ള കാഴ്ചപ്പാടുകൾ പ്രോത്സാഹിപ്പിക്കാനുള്ള ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നുമുണ്ടാകും. ഇത് അതീവ ഗൗരവമായാണ് സർക്കാർ കാണുന്നത്, മുഖ്യമന്ത്രി പറഞ്ഞു. ഭാര്യയെ തല്ലുന്നത് ആണത്തം ആണെന്നും, ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നതാണ് സ്ത്രീത്വത്തിന്റെ ലക്ഷണമെന്നും കരുതരുത്. ഇത്തരം അബദ്ധജഡിലങ്ങളായ കാഴ്ചപ്പാടുകൾ നമ്മുടെ കുഞ്ഞുങ്ങൾക്ക് പകർന്നുകൊടുക്കുകയും അരുത്. സ്ത്രീ-പുരുഷ സമത്വത്തിന്റേതായ പുതിയ ചിന്തകൾ നമ്മുടെ സമൂഹത്തിന് ആവശ്യമായ കാലമാണിത്. അതിനുതകുന്ന പാഠങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കും.

Find Out More:

Related Articles: