സുരേന്ദ്രൻ രാജിവെയ്ക്കണമെന്ന് ഒരു വിഭാഗം; അച്ചടക്കം ഉറപ്പാക്കുമെന്ന് അധ്യക്ഷൻ!

Divya John
സുരേന്ദ്രൻ രാജിവെയ്ക്കണമെന്ന് ഒരു വിഭാഗം; അച്ചടക്കം ഉറപ്പാക്കുമെന്ന് അധ്യക്ഷൻ! പ്രവർത്തകർക്ക് നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടമായെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം സുരേന്ദ്രൻ ഏറ്റെടുക്കണമെന്നുമാണ് നേതാക്കൾ ആവശ്യപ്പെട്ടതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവെയ്ക്കണമെന്ന് ഒരു വിഭാഗം. ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് സുരേന്ദ്രനെ എതിർക്കുന്ന ഒരു വിഭാഗം ആവശ്യം ഉന്നയിച്ചത്.  കുഴൽപ്പണ കേസ് അടക്കമുള്ള വിവാദങ്ങളെ പ്രതിരോധിക്കാനുള്ള പരിപാടികളിൽ ആളുകളുടെ എണ്ണം കുറയുന്നത് നേതൃത്വത്തോടുള്ള എതിർപ്പ് മൂലമാണെന്നും നേതാക്കൾ പറഞ്ഞു. ശോഭാ സുരേന്ദ്രൻ, പികെ കൃഷ്ണദാസ് പക്ഷത്തുള്ള നേതാക്കളാണ് സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. 




   കേരളത്തിൽ വളർന്നുകൊണ്ടിരുന്ന ബിജെപി ഇപ്പോൾ മുരടിച്ച അവസ്ഥയിലാണെന്നും നേതൃ മാറ്റം ആവശ്യമാണെന്നും നേതാക്കൾ പറഞ്ഞു. അതേസമയം പാർട്ടിയുടെ അടിത്തട്ടു മുതൽ അഴിച്ചുപണിയുമെന്ന് കെ സുരേന്ദ്രൻ വ്യക്തമാക്കി. കാസർഗോട്ടെ യോഗത്തിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന നേതൃത്വം നൽകുന്ന അഞ്ച് സമിതികൾ എല്ലാ മണ്ഡലവും സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. പുനഃസംഘടനയില്ലാതെ മുന്നോട്ടു പോയാൽ കേരളത്തിൽ ഭാവിയുണ്ടാകില്ലെന്നാണ് സുരേന്ദ്ര പക്ഷം പറയുന്നത്. പാർട്ടി അച്ചടക്കമാണ് പരമപ്രധാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അച്ചടക്കം ലംഘിക്കുന്നവരെ തിരുത്താനുള്ള നടപടിയുണ്ടാകും. 




   കോൺഗ്രസ് പാർട്ടിയല്ല ബിജെപിയെന്നും കാസർകോട് നടക്കുന്ന ഭാരവാഹി യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. സമീപകാല സംഘവങ്ങളുടെ പശ്ചാത്തലത്തിലാണ് സുരേന്ദ്രൻ്റെ ഈ മുന്നറിയിപ്പ് എന്നതാണ് ശ്രദ്ധേയം. സുൽത്താൻ ബത്തേരി, മഞ്ചേശ്വരം കോഴക്കോസുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഈ യോഗത്തിൽ ഉന്നയിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. പാർട്ടിയുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങൾ പുറത്തുവരുന്നതിൽ പാർട്ടിയിൽ തന്നെയുള്ള ഏതെങ്കിലും വിഭാഗത്തിന് പങ്കുണ്ടോ എന്ന സംശയം സുരേന്ദ്രൻ വിഭാഗത്തിനുണ്ട്. 




  ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് സുരേന്ദ്രൻ നിലപാട് കടുപ്പിച്ചത്.അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അച്ചടക്കം ലംഘിക്കുന്നവരെ തിരുത്താനുള്ള സംഘടന നടപടി യോഗത്തിൽ പ്രധാന വിഷയമാണെന്നും ആമുഖ പ്രസംഗത്തിനിടെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി. യോഗത്തിൽ സംസ്ഥാന അധ്യക്ഷനെതിരെ ആരോപണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പാർട്ടി അധ്യക്ഷൻ തന്നെ പ്രതിസ്ഥാനത്ത് നിൽക്കുന്ന കേസുകൾ, തെരഞ്ഞെടുപ്പിലെ ഏകോപനമില്ലായ്മ എന്നിവ ചർച്ചയാകും. തെരഞ്ഞെടുപ്പ് അവലോകനം നേരത്തെ പൂർത്തിയായതിനാൽ വിവിധ വിഷയങ്ങളിൽ പാർട്ടി സംസ്ഥാനത്ത് സ്വീകരിക്കേണ്ട തന്ത്രങ്ങൾ, രാഷ്ട്രീയ നിലപാടുകൾ എന്നിവ യോഗത്തിൽ ചർച്ചയാകും. കൊടകര കുഴൽപ്പണ കേസ് അന്വേഷണത്തിൻ്റെ ഭാഗമായി സുരേന്ദ്രനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച സാഹചര്യത്തിലാണ് ഭാരവാഹി യോഗവും നടക്കുന്നത്.

Find Out More:

Related Articles: