രാഷ്ട്രീയം മതിയാക്കി ബാബുൽ സുപ്രിയോ!

Divya John
രാഷ്ട്രീയം മതിയാക്കി ബാബുൽ സുപ്രിയോ! മന്ത്രിസഭയിൽ നിന്നും ഒഴിവാക്കപ്പെട്ടതിനു പിന്നാലെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ബിജെപി എംപി ബാബുൽ സുപ്രിയോ. താൻ മറ്റൊരു പാർട്ടിയിലേക്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രഖ്യാപനം. "ഞാൻ വിടവാങ്ങുന്നു, ഭാവുകങ്ങൾ" എന്ന വരികളോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. ബംഗാളി ഭാഷയിലാണ് കുറിപ്പ്. താൻ എല്ലാവരുടേയും അഭിപ്രായം കേട്ടു. മറ്റ് പാർട്ടികളിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി. എപ്പോഴും ഒരു ടീമിനൊപ്പം മാത്രം നിൽക്കുന്ന ആളാണ് താൻ. സമൂഹിക പ്രവർത്തനം നടത്താൻ രാഷ്ട്രീയം വേണമെന്നില്ല. കുറച്ചു കാര്യങ്ങൾ ചിട്ടപ്പെടുത്താനുണ്ടെന്നും ബാബുൽ പറയുന്നു.


    മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയതാണ് രാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങാനുള്ള കാരണമെന്ന് അദ്ദേഹം പരോക്ഷമായി പറയുന്നുണ്ട്. താൻ അധികാരത്തിനുള്ള വിലപേശൽ നടത്തുകയാണെന്ന് തെറ്റിദ്ധരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭയിൽ നിന്നും ഒഴിവാക്കിയതുമായി ബന്ധമുണ്ടോയെന്ന് ചോദിച്ചാൽ ഉണ്ട്. ഉണ്ടായിരിക്കണം. എന്തായാലും വിഷമിക്കാനില്ലെന്ന് അദ്ദേഹം പറയുന്നു. എംപി സ്ഥാനം രാജിവെക്കുമെന്നും അദ്ദേഹം പറയുന്നു. 2014 ലാണ് ബിജെപിയിലൂടെ ബോളിവുഡ് ഗായകനായ സുപ്രിയോ രാഷ്ട്രീയ പ്രവേശം നടത്തുന്നത്. ഒന്നാം നരേന്ദ്ര മോദി മന്ത്രിസഭയിലും രണ്ടാം മന്ത്രിസഭയിലും സുപ്രിയോ അംഗമായിരുന്നു.


    ബംഗാളിലെ ടോളിഗുഞ്ച് മണ്ഡലത്തിൽ നിന്നും മത്സരിച്ച സുപ്രിയോയ്ക്ക് തോൽക്കാനായിരുന്നു യോഗം. മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർദ്ധൻ അടക്കമുള്ള മന്ത്രിമാർ രാജിവെച്ചു. അദ്ദേഹത്തിന് പുറമെ ആരോഗ്യ വകുപ്പ് സഹമന്ത്രിയായിരുന്ന അശ്വിനി കുമാർ ചൗബേയും രാജിവച്ചിട്ടുണ്ട്. ഇവർക്ക് പുറമെ, മറ്റ് സുപ്രാധാന വകുപ്പുകളിൽ ഉള്ളവരും ചുമതലയിൽ നിന്നും മാറ്റിയിട്ടുണ്ട്. സദാനന്ദ ഗൗഡ, ബാബുൽ സുപ്രിയോ തുടങ്ങിയവരും രാജിവച്ച കേന്ദ്ര മന്ത്രിമാരിൽ ഉൾപ്പെടുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്റിയാൽ തൊഴിൽമന്ത്രി സന്തോഷ് ഗാങ്ങ്വാർ എന്നിവരും രാജിവച്ചു. 


  രണ്ടാം കൊവിഡ് തരംഗമുണ്ടാക്കിയ കേന്ദ്ര സർക്കാരിന്റെ പ്രതിച്ഛായ നഷ്ടത്തിന് മാറ്റം വരുത്തുന്നതിനാണ് ഈ പുനസംഘടന വഴി വച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. അതേസമയം, ധനവകുപ്പിൽ എന്തെങ്കിലും അഴിച്ചുപണിയുണ്ടാകുമോ എന്നാണ് കൗതുകത്തോടെ നോക്കി കാണുന്നത്. കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിക്കും മാറ്റം വന്നേക്കുമെന്ന് സൂചനയുണ്ട്. ഉത്തർ പ്രദേശിന്റെ ചുമതല ഇവർക്ക് നൽകിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖർ കേന്ദ്രമന്ത്രി ആയേക്കും എന്ന് റിപ്പോർട്ടുണ്ട്. ഇന്ന് വൈകിട്ട് ആറുമണിക്ക് 43 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്.

Find Out More:

Related Articles: