രാജ് കുന്ദ്രയ്ക്ക് ജാമ്യം നൽകരുതെന്ന് മുംബൈ പോലീസ്! ജാമ്യം നൽകിയാൽ അത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് മുംബൈ പോലീസിന്റെ വാദം. പ്രതി ഇനിയും കുറ്റം ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും ജാമ്യം നൽകരുതെന്നും പോലീസ് കോടതിയെ അറിയിച്ചു.അശ്ലീല ചിത്ര നിർമ്മാണത്തിന് അറസ്റ്റിലായ രാജ് കുന്ദ്രയ്ക്ക് ജാമ്യം നൽകിയാൽ നീരവ് മോദിയെപ്പോലെ രാജ്യം വിടുമെന്ന് മുംബൈ പോലീസ്. ഓഗസ്റ്റ് 20 നാണ് കേസ് വീണ്ടും പരിഗണിക്കുക. ജുലൈ മാസത്തിലാണ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. പ്രതി വീണ്ടും കുറ്റം ആവർത്തിച്ചാൽ അത് സംസ്കാരത്തെ ബാധിക്കും.
കേസിലെ കക്ഷിയും ഇപ്പോൾ ഒളിവിൽ കഴിയുന്ന പ്രദീപ് ബക്ഷിയുടെ ബന്ധുവുമാണ് കുന്ദ്ര. അതിനാൽ പ്രതി പുറത്തിറങ്ങിയാൽ ഇരുവരും തമ്മിൽ ബന്ധപ്പെടാനും ബക്ഷിയെ കേസിൽ നിന്നും രക്ഷപെടുത്താനും ഇടയുണ്ടെന്ന് പോലീസ് പറഞ്ഞു.ഏപ്രിൽ മാസം ഫയൽ ചെയ്ത എഫ്ഐആറിൽ തന്റെ പേരില്ലെന്നാണ് രാജ് കുന്ദ്ര പറയുന്നത്. അന്ന് പേരുള്ളവർ ഇപ്പോൾ ജാമ്യം നേടി പുറത്തിറങ്ങിയെന്നും അദ്ദേഹം വാദിച്ചു. ഇതിനുള്ള മറുപടിയായാണ് പ്രതിയുടേത് ഗുരുതരമായ കുറ്റമാണെന്ന് മുംബൈ പോലീസ് കോടതിയിൽ പറഞ്ഞത്. കേസിലെ ഇരകൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. അതിനാൽ പ്രതി പുറത്തിറങ്ങിയാൽ ഇരകൾ തെളിവു നൽകാൻ മുന്നോട്ട് വന്നേക്കില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം സംഭവത്തിൽ നടിക്ക് പങ്കില്ലെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു പുറത്തുവന്നത്.
ഇത്തരത്തിലൊരു കാര്യം ചെയ്യേണ്ട ആവശ്യമെന്തായിരുന്നുവെന്ന് നടി ഭർത്താവിനോട് ചോദിച്ചതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. കുന്ദ്രയുടെ അറസ്റ്റിന് ശേഷമായാണ് ശിൽപയ്ക്കും അമ്മയ്ക്കും എതിരെ തട്ടിപ്പ് കേസെന്നുള്ള വിവരങ്ങൾ പുറത്തുവന്നിട്ടുള്ളത്. ഉത്തർപ്രദേശിൽ നിന്നുള്ളയാളാണ് നടിക്കും അമ്മയ്ക്കും എതിരെ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഇവരെ ചോദ്യം ചെയ്യാനായി അന്വേഷണ സംഘം മുംബൈയിലേക്ക് എത്തിയേക്കുമെന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഫിറ്റ്‌നെസ് സെന്റർ ബ്രാഞ്ച് തുടങ്ങാമെന്ന് പറഞ്ഞ് ശിൽപയും മാതാവും കോടികൾ തട്ടിയെന്നാണ് പരാതി.
ലോസിസ് വെൽനെസ് സെന്റർ എന്ന സ്ഥാപനം നടത്തുന്നുണ്ട് ശിൽപയും അമ്മയും. അമ്മ ചെയർപേഴ്‌സണായുള്ള സ്ഥാപനത്തിന്റെ ഡയറക്ടറാണ് ശിൽപ. ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാവശ്യപ്പെട്ട് നടിക്കും അമ്മയ്ക്കും പോലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. കുന്ദ്രയുടെ അറസ്റ്റിന് പിന്നാലെയായാണ് ശിൽപയ്ക്കും അമ്മയ്ക്കും എതിരായി പരാതി ഉയർന്നിട്ടുള്ളത്.സിനിമാലോകത്തെ തന്നെ ഒന്നടങ്കം നടുക്കുന്ന തരത്തിലുള്ള കാര്യങ്ങളായിരുന്നു ശിൽപ ഷെട്ടിയുടെ കുടുംബത്തിൽ അരങ്ങേറിയത്.