ജോസഫ് വിഭാഗത്തിനെതിരെ പോലീസിൽ പരാതിയുമായി കേരളാ കോൺഗ്രസ് (എം)!
അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്താൻ ശ്രമം നടത്തുന്നത് ജോസ് കെ മാണി വിഭാഗമാണെന്ന ആരോപണമാണ് പി ജെ ജോസഫ് വിഭാഗം ഉന്നയിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ തുടർച്ചയായി അപകീർത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേരളാ കോൺഗ്രസിനെതിരെ ജോസ് കെ മാണി വിഭാഗം പോലീസിൽ പരാതി നൽകിയത്. ഈ സാഹചര്യങ്ങൾ ജോസ് കെ മാണി വിഭാഗത്തെ അനുകൂലിക്കുന്ന സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ ഏറ്റെടുത്തിരുന്നു. എന്നാൽ, കോട്ടയം ജില്ലയിൽ നടന്ന ഉപതെരഞ്ഞെടുപ്പിലും കേരളാ കോൺഗ്രസ് സ്ഥാനാർഥി പരാജയപ്പെട്ടതോടെ ജോസ് കെ മാണി വിഭാഗത്തെ പരിഹസിച്ച് ജോസഫ് അനുകൂലികളും യുഡിഎഫ് പ്രവർത്തകരും രംഗത്തുവന്നു. എലിക്കുളം പഞ്ചായത്ത് പതിനാലാം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ജോസ് പക്ഷം സ്ഥാനാർഥി തോൽവി ഏറ്റുവാങ്ങിയത്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഏറ്റുമുട്ടൽ രൂക്ഷമായിരുന്നു. മുൻപ് നിയമസഭാ കയ്യാങ്കളി കേസിൽ സംസ്ഥാന സർക്കാർ അഭിഭാഷകൻ സുപ്രീം കോടതിയിൽ നടത്തിയ പരാമർശവും എതിർ ചേരി ആയുധമാക്കിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് (എം) മികച്ച നേട്ടമുണ്ടാക്കിയപ്പോൾ പി ജെ ജോസഫ് വിഭാഗം പ്രതിരോധത്തിലായി. മോൻസ് ജോസഫ് - ഫ്രാൻസിസ് ജോർജ് വിഭാഗവും ചേരിതിരിഞ്ഞ് അധികാരത്തിനായി രംഗത്തുവന്നതോടെ കേരളാ കോൺഗ്രസിൽ ആഭ്യന്തരപ്രശ്നം രൂക്ഷമായ സാഹചര്യവും ജോസഫ് പക്ഷത്തുണ്ട്. തെരഞ്ഞെടുപ്പുകളിലെ തോൽ വിക്ക് കാരണം സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജ പ്രചാരണങ്ങളും അപകീർത്തിപ്പെടുത്തുന്ന പോസ്റ്റുകളുമാണെന്ന വിലയിരുത്തലിലാണ് കേരളാ കോൺഗ്രസ് (എം). യുഡിഎഫ് നേതാക്കളും പി ജെ ജോസഫ് വിഭാഗവുമാണ് ആരോപണങ്ങൾക്ക് പിന്നിലെന്നാണ് ജോസ് കെ മാണി വിഭാഗം ആരോപിക്കുന്നത്.
സമീപകാലത്ത് നടന്ന ചില രാഷ്ട്രീയ ഇടപെടലുകളും വിവാദങ്ങളും ചൂണ്ടിക്കാട്ടിയാണ് സമൂഹമാധ്യമങ്ങളിൽ എതിർപ്പ് രൂക്ഷമായത്. ഇതോടെയാണ് പോലീസിൽ പരാതി നൽകാൻ ജോസ് കെ മാണി വിഭാഗം തീരുമാനിച്ചത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങൾ നടത്തുന്നത് ജോസ് വിഭാഗമാണ്. മനപ്പൂർവം സത്യം മറച്ചുവയ്ക്കുകയാണെന്നും ഇവർ ആരോപിച്ചു. അതേസമയം, വിഷയത്തിൽ പ്രതികരണം നടത്താൻ കേരളാ കോൺഗ്രസ് (എം) ചെയർമാൻ കൂടിയായ ജോസ് കെ മാണി ഇതുവരെ തയ്യാറായിട്ടില്ല.