ബിജെപി അധ്യക്ഷനാകുമോ സുരേഷ് ഗോപി? ന്യൂനപക്ഷ വോട്ടുകളോ ലക്ഷ്യം?

Divya John
 ബിജെപി അധ്യക്ഷനാകുമോ സുരേഷ് ഗോപി? ന്യൂനപക്ഷ വോട്ടുക ളോ ലക്ഷ്യം? തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അനുവദിച്ച ഫണ്ടിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിനു പിന്നാലെയാണ് സംസ്ഥാന ഘടകത്തിൽ കേന്ദ്രനേതൃത്വം വലിയ മാറ്റങ്ങൾക്കൊരുങ്ങുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ് കനത്ത തിരിച്ചടിയിൽ നിന്ന് കരകയറുന്നതിൻ്റെ ഭാഗമായി സുരേഷ് ഗോപി എംപിയെ മുന്നിൽ നിർത്തി കേരള ബിജെപിയിൽ കേന്ദ്രനേതൃത്വം അഴിച്ചുപണിയ്ക്ക് ഒരുങ്ങുന്നതായി റിപ്പോർട്ട്.സംസ്ഥാനത്തെ പരമ്പരാഗത വോട്ടുബാങ്കിനെ മാത്രം ആശ്രയിച്ചു മുന്നോട്ടു പോയാൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിയില്ലെന്നും പുതിയ ജനവിഭാഗങ്ങളെ പാർട്ടിയിലേയ്ക്ക് ആകർഷിക്കണമെന്നുമാണ് ബിജെപിയുടെ നിലപാട്. ഇത്തരം പ്രവർത്തനങ്ങളുടെ നേതൃചുമുതലയായിരിക്കും സുരേഷ് ഗോപിയ്ക്ക് ലഭിക്കുക. ബിഷപ്പിനെ കാണാൻ സുരേഷ് ഗോപി പോയത് പാർട്ടി നേതൃത്വത്തിൻ്റെ നിർദേശപ്രകാരമാണെന്നാണ് മനോരമ റിപ്പോർട്ട്.






   എന്നാൽ ഇക്കാര്യം പാർട്ടിയോ സുരേഷ് ഗോപിയോ സ്ഥിരീകരിച്ചിട്ടില്ല. നാർക്കോട്ടിക് ജിഹാദ് വിവാദപരാമർശത്തിൽ സുരേഷ് ഗോപി എംപി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദർശിച്ചതിനു പിന്നാലെയാണ് പുതിയ വാർത്തകൾ പുറത്തു വരുന്നത്. സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങളെ ബിജെപിയിലേയ്ക്ക് ആകർഷിക്കാനുള്ള പുതിയ പദ്ധതികൾ മാസങ്ങൾക്കു മുൻപേ ബിജെപി നേതൃത്വം തയ്യാറാക്കിയിരുന്നു.ബിജെപി നേതാവ് എന്നതിനു പുറമെ നടൻ എന്ന നിലയിലുള്ള സ്വീകാര്യതയും പൊതുസമൂഹത്തിലെ അദ്ദേഹത്തിൻ്റെ ഇടപെടലുകളും പാർട്ടിയ്ക്കു ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ക്രിസ്ത്യൻ സമുദായത്തെ ഒപ്പം നിർത്താനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ അദ്ദേഹത്തിന് നിർദേശം ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.






  കൊടകര കേസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന നേതൃത്വം പ്രതിക്കൂട്ടിലായ സാഹചര്യത്തിൽ ബിജെപിയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനും പുതിയ നീക്കങ്ങൾ ബിജെപിയെ സഹായിക്കും. ആറു മാസത്തിനുളളിൽ പാർട്ടിയിൽ അഴിച്ചുപണി നടത്താനാണ് ബിജെപി ഒരുങ്ങുന്നതെന്നാണ് മുതിർന്ന നേതാക്കളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. സുരേഷ് ഗോപിയെ മുന്നിൽ നിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പിന്തുണയുണ്ടെന്നാണ് റിപ്പോർട്ട്. പാർട്ടിയിൽ അഴിച്ചുപണിയുണ്ടാകുന്ന ഘട്ടത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷനായി സുരേഷ് ഗോപിയെ പരിഗണിച്ചേക്കുമെന്നും പാർട്ടി നേതാക്കൾ പറയുന്നു. കൂടാതെ ബിജെപിയിലേയ്ക്ക് മറ്റു പാർട്ടികളിൽ നിന്നു കൂടുതലായി ആളുകൾ എത്താത്തതിനു കാരണം ബിജെപി അധികാരത്തിലെത്തില്ലെന്ന പ്രതീക്ഷയില്ലാത്തതാണെന്ന് മുതിർന്ന നേതാക്കൾ വിലയിരുത്തുന്നു.







  ഈ സാഹചര്യത്തിൽ ആളുകളെ ആകർഷിക്കാനുള്ള സുരേഷ് ഗോപിയുടെ കഴിവ് ഗുണകരമാകുമെന്ന് പാർട്ടി കരുതുന്നു.മുൻപ് സംസ്ഥാനത്തെ ക്രിസ്ത്യൻ മതമേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ആവശ്യമെങ്കിൽ പ്രധാനമന്ത്രിയുമായി ഇനിയും കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്നാണ് സുരേഷ് ഗോപിയെ നേതൃത്വം അറിയിച്ചിട്ടുള്ളത്.അതേസമയം, പുറത്തു വന്ന റിപ്പോർട്ടുകൾ തള്ളുന്നതായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. പാർട്ടി നേതൃചുമതലയിലേയ്ക്ക് വരാൻ താൻ തയ്യാറല്ലെന്നും നല്ല പ്രവർത്തകനായി തുടരാനാണ് താത്പര്യമെന്നും സുരേഷ് ഗോപി പറഞ്ഞു. പാർട്ടിയിൽ തനികക് കൈപ്പിടിയിൽ ഒതുങ്ങാവുന്ന ചില നേതാക്കളുമായി മാത്രമാണ് നല്ല ബന്ധമുള്ളതെന്നും താൻ എന്തു ജോലി ചെയ്യാനാണ് തയ്യാറായിട്ടുള്ളതെന്ന് അവർക്ക് അറിയാമെന്നും സുരേഷ് ഗോപി പറഞ്ഞു. പാർട്ടി അധ്യക്ഷനാകുന്നത് വലിയ പാടവം ആവശ്യമായ ജോലിയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്ക് ജനങ്ങളിലേയ്ക്ക് എത്തുന്ന മികച്ച പദ്ധതികൾ നടപ്പാക്കാനാണ് താത്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Find Out More:

Related Articles: