'ദീപം' ചേരിതിരിവിനു തീ പകരരുതിന്നു ദേശാഭിമാനി! പാലാ ബിഷപ്പ് നടത്തിയ വിവാദപരാമർശത്തെ സമൂഹം ഒറ്റക്കെട്ടായി നേരിടുമ്പോൾ കത്തോലിക്കാ സഭയുടെ നേതൃത്വത്തിലുള്ള ദീപിക ദിനപത്രം വിവാദം ആളിക്കത്തിക്കാൻ ശ്രമിക്കുകയാണെന്നാണ് ദേശാഭിമാനിയുടെ കുറ്റപ്പെടുത്തൽ. ദീപികയുടെ പേര് പറയാതെയാണ് ദേശാഭിമാനിയുടെ രൂക്ഷവിമർശനം. നാർക്കോട്ടിക് ജിഹാദ് വിവാദം ചർച്ചയാകുന്നതിനിടെ 'ഒരു കോട്ടയം പത്രം' മതസ്പർധ വളർത്തുകയാണെന്നും ബിഷപ്പിൻ്റെ മുതലെടുപ്പിനെ ആളിക്കത്തിക്കാൻ ശ്രമം നടത്തുകയാണെന്നും ആരോപിച്ച് സിപിഎം മുഖപത്രം ദേശാഭിമാനി. സമൂഹത്തിൽ ചേരിതിരിവുണ്ടാക്കി ചോര കുടിക്കാൻ കാത്തിരിക്കുന്ന സംഘപരിവാറിനും മറ്റു ചില ശക്തികൾക്കും ഊർജം പകരുന്നതാണ് ദീപികയുടെ രീതിയെന്ന് ദേശാഭിമാനി വിമർശിച്ചു.
സാധാരണഗതിയിൽ മാധ്യമങ്ങൾ തങ്ങളുടെ രാഷ്ട്രീയം തുറന്നു കാണിക്കുമ്പോഴും സാമൂഹികാവസ്ഥ കലുഷിതമാക്കാൻ ശ്രമിക്കാറില്ലെന്നും എന്നാൽ ഈ പത്രത്തിൻ്റെ രീതി മറിച്ചാണെന്നും ദേശാഭിമാനി ആരോപിക്കുന്നു. ഏറെ പാരമ്പര്യമുള്ള ഈ പത്രത്തിൻ്റെ പല റിപ്പോർട്ടുകളും സാമൂഹിക ചേരിതിരിവിനു വളമിട്ടു കൊടുക്കുന്നതാണെന്നും സിപിഎം മുഖപത്രം ആരോപിച്ചു. ഈ പത്രത്തിൽ വരുന്ന ലേഖനങ്ങളും പരമ്പരകളും മുതലെടുപ്പുകാർക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണെന്ന് ദേശാഭിമാനി വിമർശിച്ചു. വിഷയം ആളിക്കത്തിക്കാനാണ് ദീപിക ശ്രമിക്കുന്നത്. ദീപികയുടെ പേരിലെ ദീപം സമൂഹത്തിന് വെളിച്ചം പകരാനാണഅ ഉപയോഗിക്കേണ്ടെതന്നും ഇരുട്ടിലാക്കരുതെന്നും ദേശാഭിമാനി വ്യക്തമാക്കി.
ക്രൈസ്തവ സമൂഹത്തിൽ നിന്നു തന്നെ നിരവധി പേർ മതസ്പർധ വളർത്താനുള്ള നീക്കത്തിനെതിരെ രംഗത്തു വന്നു. മയക്കുമരുന്നിൻ്റെ ഉപയോഗത്തെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന സർക്കാരിൻ്റെ നിർദേശമാണ് എല്ലാവരും ചെവിക്കൊണ്ടത്. എന്നാൽ ഇതൊന്നും ബാധകമല്ലാത്ത തരത്തിലാണ് പത്രത്തിൻ്റെ രീതിയെന്നും സിപിഎം മുഖപത്രം വിമർശിച്ചു. സാമുദായിക നേതാക്കൾ പറയുന്നതു പോലും ബാധകമല്ലെന്ന വിധത്തിലാണ് പത്രത്തിൻ്റെ പെരുമാറ്റമെന്ന് ദേശാഭിമാനി പറയുന്നു. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വിമർശിച്ചത് ഏതെങ്കിലും മതത്തെയല്ലെന്നും സമൂഹത്തിലെ അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പായിരുന്നുവെന്നുവെന്നും സഹായമെത്രാൻ ജേക്കബ് മുരിക്കനും കത്തോലിക്കാ കോൺഗ്രസും വിശദീകരിച്ചതാണ്.
ഗുജറാത്ത് കലാപം അടക്കമുള്ള അക്രമസംഭവങ്ങൾ ഉണ്ടായി. എന്നാൽ ഇതൊക്കെ മറന്നതായി നടിക്കുന്ന ദീപിക ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ഇല്ലാതാക്കാൻ അഡ്വ. ജയശങ്കർ പറയുന്നതും യൂട്യൂബ് നോക്കിയും അന്വേഷിക്കണമെന്നാണ് പറയുന്നതെന്നും ദേശാഭിമാനി കുറ്റപ്പെടുത്തി. അവസരം കിട്ടുമ്പോഴെല്ലാം ദീപിക ദിനപത്രം മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരെ വാളെടുക്കുകയാണെന്നും എന്നാൽ ഇത് സമൂഹതതിലെ സൗഹാർദ അന്തരീക്ഷം തകർക്കാൻ ഇടയാക്കരുതെന്നും ദേശാഭിമാനി റിപ്പോർട്ടിൽ വ്യക്തമാക്കി. 20 പള്ളികൾ ഒരുമിച്ച് സംഘപരിവാർ കത്തിച്ചത് ചരിത്രമാണ്. കാന്ധമാൽ സംഭവവും ഗ്രഹാം സ്റ്റെയിൻസിൻ്റെ കുടുംബത്തെ കൊലപ്പെടുത്തിയതും ദേശാഭിമാനി ഓർമിപ്പിച്ചു.