പോലീസുകാർ ണി ട്രാപ്പിൽ പെടുന്നത് നാണക്കേടെന്ന് മുഖ്യ മന്ത്രി! എൽഡിഎഫ് സർക്കാർ രണ്ടാമതും അധികാരത്തിലേറിയ ശേഷം ആദ്യമായാണ് മുഖ്യമന്ത്രി പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർക്കുന്നത്. പോലീസുകാർ ആനാവശ്യ യോഗത്തിൽ പങ്കെടുക്കരുതെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പങ്കെടുക്കുന്നുണ്ടെങ്കിൽ യൂണീഫോമില്ലാതെ ആകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പോലീസുകാർ ഹണി ട്രാപ്പിൽ പെടുന്നത് നാണക്കേടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അഴിമതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് വിളിച്ചു ചേർത്ത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഇത്തരം കേസുകളുടെ അന്വേഷണത്തിന് ഡിഐജിമാർ മേൽനോട്ടം വഹിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. അതേസമയം പോലീസുകാരെ യുവതി ഹണി ട്രാപ്പിൽ പെടുത്തിയതായ വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമർശം. പുതിയ ബാച്ചിലെ എസ്ഐമാർ അടക്കം സംസ്ഥാനത്തെ നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് യുവതിയുടെ കെണിയിൽ അകപ്പെട്ടത്. ആലപ്പുഴയിൽ നിന്നുള്ള ഒരു എസ്ഐക്ക് ആറ് ലക്ഷം രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. ഗർഭഛിദ്രം നടത്താൻ പണം ആവശ്യപ്പെടുകയും ചെയ്യും.
ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയോ പോലീസുകാരുടെ താമസ സ്ഥലങ്ങളിൽ വെച്ചോ ഹോട്ടലിൽ വെച്ചോ ആണ് ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നത്. ഗർഭിണിയാണെന്ന് അറിയിച്ച ശേഷം പ്രശ്നം ഒതുക്കി തീർക്കാൻ പണം ആവശ്യപ്പെടും. കുരുക്കിൽ പെടുന്ന പോലീസുകാരിൽ നിന്നും പതിനായിരങ്ങളും ലക്ഷങ്ങളുമാണ് യുവതി തട്ടിച്ചെടുത്തത്. കുടുംബ ജീവിതം തകരുമെന്ന ഭീതികൊണ്ട് ആരും പരാതിപ്പെടാൻ തയ്യാറായിരുന്നില്ല. പരിചയപ്പെടുന്നവരിൽ നിന്നും മറ്റുള്ളവരിലേക്ക് ബന്ധം വ്യാപിപ്പിക്കുന്നതായിരുന്നു യുവതിയുടെ രീതി.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ശേഷമാണ് യുവതി പോലീസുകാരെ തട്ടിപ്പിന് ഇരയാക്കിയത്. പരിചയപ്പെടുന്നവരുമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ യുവതിയാണ് മുൻകൈയ്യെടുത്തിരുന്നത്. പിന്നീട് ഗർഭിണിയാണെന്ന് ഇരകളെ അറിയിക്കും. ലോക്ക്ഡൗൺ കാലത്ത് പോലീസിനെതിരെ ഉയർന്ന പരാതികൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എടിഎമ്മിൽ പണമെടുക്കാൻ എത്തിയ പെൺകുട്ടിയുമായി ഉണ്ടായ വാക്കുതർക്കം, മീൻ വിൽപ്പനക്കാരിയുടെ കുട്ടി തട്ടി തെറിപ്പിച്ചത്, അടക്കമുള്ള സംഭവങ്ങൾ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.