കെപിസിസി പുനഃസംഘടന; ചർച്ച നടന്നില്ലെന്ന് മുല്ലപ്പള്ളിയും സുധീരനും! പട്ടിക തയ്യാറാക്കുന്നതിൽ ആവശ്യമായ കൂടിയാലോചനകൾ നടന്നില്ലെന്ന് കെപിസിസി മുൻ അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രനും വി എം സുധീരനും ആരോപിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കെപിസിസി ഭാരവാഹി പട്ടിക പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ കോൺഗ്രസിൽ എതിർപ്പ്. അന്തിമ ചർച്ചകൾക്ക് ശേഷം കെപിസിസി ഭാരവാഹിക പട്ടിക കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ഹൈക്കമാൻഡിന് ഇന്ന് കൈമാറുമെന്നാണ് റിപ്പോർട്ട്. പട്ടിക കൈമാറിയ ശേഷം കെപിസിസി പ്രസിഡൻ്റ് തന്നെയാകും പ്രഖ്യാപനം നടത്തുക. ഇതിനിടെയാണ് എതിർപ്പുകൾ ശക്തമായത്. പട്ടികയുമായി ബന്ധപ്പെട്ട് തർക്കമില്ലെന്നും മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കഴിഞ്ഞ ദിവസം വ്യക്തമക്കിയിരുന്നു.
എന്നാൽ പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത് പോലെ കെപിസിസി ഭാരവാഹി പട്ടികയിൽ ചർച്ച നടന്നില്ലെന്നാണ് മുല്ലപ്പള്ളിയുടെയും സുധീരൻ്റെയും ആരോപണത്തിൽ നിന്നും വ്യക്തമാകുന്നത്. സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുന്ന എ വി ഗോപിനാഥിനെയും പട്ടികയിൽ ഉൾപ്പെടുത്തിയേക്കും. എറണാകുളത്ത് നിന്നുള്ള ജമാൽ മണക്കാടൻ്റെ പേര് ട്രഷറർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. വി ടി ബൽ റാം, ശബരീനാഥൻ, ശിവദാസൻ നായർ, വി എസ് ശിവകുമാർ, വി പി സജീന്ദ്രൻ എന്നിവർ കെപിസിസി ഭാരവാഹികളാകുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. കെപിസിസി ഭാരവാഹി പട്ടികയിൽ ചെറിയ മാറ്റങ്ങൾ മാത്രമേയുള്ളൂവെന്നും പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. "പട്ടികയുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകളിൽ കേരളത്തിലെ മുതിർന്ന നേതാക്കൾ തൃപ്തരാണെന്നാണ് കരുതുന്നത്.
എല്ലാവരും ആഗ്രഹിക്കുന്നത് നല്ല കമ്മിറ്റി വരണം എന്നാണ്. കോൺഗ്രസിൻറെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമാകണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. ചർച്ചകളിൽ അനിശ്ചിതത്വം ഇല്ല. പട്ടിക സമർപ്പിക്കാൻ മറ്റു തടസങ്ങൾ ഒന്നും ഇല്ല" - എന്നും അദ്ദേഹം പറഞ്ഞിരുന്നു. വനിതകളുടെ പ്രതിനിധ്യം വർധിപ്പിക്കാൻ നിലവിലെ മാനദണ്ഡങ്ങൾ വരുത്തിയതോടെ പത്‌മജ വേണുഗോപാൽ, ബിന്ദു കൃഷ്ണ എന്നിവർ ഭാരവാഹികൾ ആകാനുള്ള സാധ്യത വർധിച്ചു.
ഡിസിസി പട്ടികയുമായി ബന്ധപ്പെട്ട വിവാദങ്ങൾ സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ പശ്ചാത്തലത്തിൽ ഗ്രൂപ്പുകളെ വിശ്വാസത്തിലെടുത്താണ് കെപിസിസി ഭാരവാഹി പട്ടിക തയ്യാറാക്കുന്നതെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. പട്ടികയുമായി ബന്ധപ്പെട്ട് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായി കെ സുധാകരനും വി ഡി സതീശനും ഒന്നിലധികം പ്രവാശ്യം ചർച്ച നടത്തിയിരുന്നു.