ഈരാറ്റുപേട്ടയ്ക്കു പിന്നാലെ കോട്ടയവും പിടിച്ച് കോൺഗ്രസ്! ഭൂരിപക്ഷമുണ്ടായിട്ടും എൽഡിഎഫ്-എസ്ഡിപിഐ കൂട്ടുകെട്ടിലൂടെ അട്ടിമറിച്ച ഈരാറ്റുപേട്ട ഭരണവും ബിജെപിയുടെ തോളിൽ ചാരി മറിച്ചിട്ട കോട്ടയത്തെ നഗരഭരണവും ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ തിരികെ പിടിക്കാനായത് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷിൻ്റെ പേരിന് പെരുമയായി. കൈവിട്ട നഗരഭരണം പ്രായോഗിക രാഷ്ട്രീയ തന്ത്രത്തിലൂടെ കോൺഗ്രസ് തിരികെ പിടിച്ചത് സുരേഷ് ഇഫക്ടിലൂടെ. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് നിയോഗിക്കപ്പെട്ട നാട്ടകം സുരേഷിന്റെ ആദ്യ വെല്ലുവിളി തന്നെ കൈവിട്ട ഈരാറ്റുപേട്ടയും, കോട്ടയവും തിരികെ പിടിക്കുക എന്നതായിരുന്നു. ഇതിനായി തൻ്റെ ആവനാഴിയിലെ ആയുധങ്ങളെല്ലാം അദ്ദേഹം എടുത്ത് പ്രയോഗിച്ചിരുന്നു.
ഇത് തന്നെയാണ് ആദ്യ ഘട്ടത്തിൽ ബഹുദൂരം മുന്നിലെത്താൻ സുരേഷിന് തുണയായതും. ഈരാറ്റുപേട്ടയിൽ ഇടതുപക്ഷത്തിൻ്റെ അവിശുദ്ധ സഖ്യത്തെ തുറന്നുകാട്ടി ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ പോരാട്ടം, കൃത്യ സ്ഥലത്താണ് പതിച്ചത്. ഫലമോ കോൺഗ്രസ് അധികാരം പിടിച്ചെടുത്തു. കോട്ടയം നഗരസഭയിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയാണ് അധികാരം പിടിച്ചെടുക്കാൻ സിപിഎമ്മും ഇടതുമുന്നണിയും തന്ത്രം പയറ്റിയത്. എട്ട് ബിജെപി അംഗങ്ങൾ അവിശ്വാസ പ്രമേയ ചർച്ചയിൽ കോൺഗ്രസിനെ എതിർത്ത് എൽഡിഎഫിന് വോട്ട് ചെയ്തു. ഇതോടെ ഭരണം താഴെ വീണു. ഇതോടെ വിഷയത്തിൽ എൽഡിഎഫ് പ്രതിരോധത്തിലായി. എസ്ഡിപിഐയുമായി ചേർന്ന് യുഡിഎഫിനെതിരെ അവിശ്വാസം പാസാക്കിയ എൽഡിഎഫിന് അവസാനം കൂട്ടുകെട്ടിൽ നിന്നും പിന്മാറേണ്ടി വന്നു.
ബിജെപി സഖ്യമെന്ന് കോൺഗ്രസിനെ നിരന്തരം ആക്രമിക്കാറുള്ള സിപിഎമ്മിന് അതേ നാണയത്തിൽ തന്നെ കോൺഗ്രസിന്റെ ഡിസിസി പ്രസിഡന്റ് നേരിട്ട് മറുപടി നൽകിയതോടെ സിപിഎമ്മിനും ഇടതു മുന്നണിയ്ക്കും പിടിച്ചു നിൽക്കാനാവാതെയായി. അവിശ്വാസപ്രമേയ വോട്ടെടുപ്പിലെ നിലപാട് ഭരണം പിടിക്കാനുള്ള വോട്ടെടുപ്പിലും പുറത്തെടുക്കാൻ തന്ത്രം ഒരുക്കിയ സിപിഎമ്മും ബിജെപിയും ഇതോടെ പ്രതിരോധത്തിലുമായി. ഇതാണ് കോൺഗ്രസിനും യുഡിഎഫിനും വീണ്ടും കോട്ടയത്തെ അധികാരം പിടിക്കാൻ സഹായകമായത്. ബിജെപിയുമായി കൂട്ടുകൂടിയ ഇടതുമുന്നണി രാഷ്ട്രീയമാണ് കോട്ടയത്ത് യുഡിഎഫും കോൺഗ്രസും ആയുധമാക്കിയത്. ഇതോടെ വൻ തിരിച്ചടിയാണ് എൽഡിഎഫിനു നേരിടേണ്ടി വന്നത്.
അവിശ്വാസ പ്രമേയത്തിലൂടെ ചെയർപേഴ്സണെ പുറത്താക്കി 52 ദിവസത്തിന് ശേഷം ഇന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്. 22 സീറ്റുകൾ എൽഡിഎഫിനാണ്. സ്വതന്ത്രയായി ജയിച്ച മുൻ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ഉൾപ്പെടെ യുഡിഎഫ് അംഗസംഖ്യയും 22 ആണ്. ബിജെപിക്ക് എട്ട് കൗൺസിലർമാരുണ്ട്. ബിൻസി സെബാസ്റ്റ്യൻ അവിശ്വാസ പ്രമേയത്തിൽ പുറത്തായെങ്കിലും ഈ തെരഞ്ഞെടുപ്പിലും വിജയം നേടി വീണ്ടും ചെയർപേഴ്സണായി തെരഞ്ഞെടുക്കുകയായിരുന്നു. എൽഡിഎഫിൻ്റെ റ്റി എൻ മനോജ് രോഗാവസ്ഥയിൽ വോട്ട് ചെയ്യാൻ എത്താതെ ഇരുന്നതും യുഡിഎഫിന് തുണയായി. 22 അംഗങ്ങളുടെ പിന്തുണയുള്ള ഷീജയ്ക്ക് ഇതോടെ 21 വോട്ടാണ് ലഭിച്ചത്. 22 അംഗങ്ങളുടെ പിന്തുണയോടെ ബിൻസി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാർഥി റീബാ വർക്കി 8 വോട്ടുകൾ നേടി.