സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പ്രതികൾ!

Divya John
 സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പ്രതികൾ! സന്ദീപുമായി വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇതിനെ രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായും ഒന്നാം പ്രതി ജിഷ്ണു പറഞ്ഞു. പ്രതികളെ തിരുവല്ല ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം പുറത്തേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു പ്രതികളുടെ പ്രതികരണം. തിരുവല്ലയിൽ കൊല്ലപ്പെട്ട സന്ദീപിന്റേത് രാഷ്ട്രീയ കൊലപാതകം അല്ലെന്ന് പ്രതികൾ. ജിഷ്ണുവിന് മാത്രമാണ് സന്ദീപിനോട് വിരോധം ഉണ്ടായിരുന്നതെന്ന് മൂന്നാം പ്രതി നന്ദു മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ അഞ്ച് പ്രതികളേയും ഈ മാസം 13 വരെ കസ്റ്റഡിയിൽ വിട്ടു.



  കഴിഞ്ഞ ഒരു വർഷമായി തനിക്ക് ബിജെപിയുമായി ബന്ധമില്ല. സന്ദീപിനെ ആക്രമിച്ചത് കൊല്ലുക എന്ന ലക്ഷ്യത്തോടെയല്ലെന്നും ഒന്നാം പ്രതി ജിഷ്ണു പറഞ്ഞു.  എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് വധ ഭീഷണി ഉണ്ടെന്നായിരുന്നു ജിഷ്ണുവിന്റെ മറുപടി. ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച കേസ് ആണിതെന്ന് സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. പ്രതികൾക്കു വേണ്ടി അഭിഭാഷകർ ആരും ഹാജരായില്ല. അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. എന്നാൽ ഏഴ് ദിവസം കോടതി അനുവദിക്കുകയായിരുന്നു. ശബ്ദത്തിന്റെ ഉടമ അഞ്ചാം പ്രതി വിഷ്ണു ആണെന്ന് പോലീസ് ഉറപ്പിക്കുന്നുണ്ട്. എന്നാൽ ശാസ്ത്രീയ പരിശോധനയ്ക്കു ശേഷമായിരിക്കും ഇത് കോടതിയിൽ സമർപ്പിക്കുക.



തിരുവനന്തപുരം ഫോറൻസിക് സയൻസ് ലാബിനെയാണ് ഇതിനായി പോലീസ് സമീപിക്കുക. അതേസമയം സന്ദീപിനെ കൊലപ്പെടുത്തിയതിനു ശേഷം പ്രതികളിൽ ഒരാൾ നടത്തിയ സംഭാഷണം കേസിൽ നിർണ്ണായകമാകും.  അഞ്ചാം പ്രതി വിഷണു സുഹൃത്തുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സംഭാഷണത്തിൽ മൻസൂർ ഒഴികെയുള്ള പ്രതികളുടെ പേര് വിഷ്ണു പരാമർശിക്കുന്നുണ്ട്. കൊലപാതകത്തെ 'സീൻ' എന്നാണ് വിഷ്ണു വിശേഷിപ്പിക്കുന്നത്. പരപ്രേരണ ഇല്ലാതെ പ്രതികളിൽ ഒരാൾ കുറ്റം സമ്മതിക്കുന്ന നിർണ്ണായക തെളിവാണ് വിഷ്ണുവിന്റെ ശബ്ദരേഖ. 



"താനാണ് കഴുത്ത് വെട്ടിയത്, മറ്റാരോടും പറയണ്ട. ഞങ്ങൾക്ക് പകരം മൂന്നു പേരെ ഉൾപ്പെടുത്തി കൊടുക്കാമെന്ന് മിഥുൻ ചേട്ടൻ പറഞ്ഞിട്ടുണ്ട്. താൻ ഏതായാലും കേസിൽ ഉൾപ്പെടില്ല. ഇക്കാര്യം മറ്റാരോടും പറയരുത്." എന്നാണ് വിഷ്ണു സംഭാഷണത്തിൽ പറയുന്നത്. സംഭാഷണത്തിൽ പറയുന്ന മിഥുൻ ചങ്ങനാശേരി സ്വദേശിയാണ്. കൊലപാതകത്തിൽ ഇയാളുടെ പങ്ക് എന്താണെന്ന് പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

Find Out More:

Related Articles: