കെ റെയിലുമായി ബന്ധപെട്ടു തരൂരിൻ്റെ പ്രതികരണം ശരിയല്ലെന്ന് കെ സുധാകരൻ! ഒരു പ്രസ്താവനയുടെ പേരിൽ അദ്ദേഹത്തെ വിലയിരുത്താനാകില്ല. പദ്ധതിയെ അനുകൂലിച്ച് കൊണ്ടുള്ള അദ്ദേഹത്തിൻ്റെ പ്രതികരണം ശരിയല്ല. കോൺഗ്രസും യുഡിഎഫും കെ റെയിൽ പദ്ധതിക്കെതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ റെയിൽ വിഷയത്തിൽ യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്ന തരത്തിൽ നിലപാട് സ്വീകരിക്കുന്ന ശശി തരൂർ എംപിയിൽ നിന്നും വിശദീകരണം തേടുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ. പാർട്ടിയെ അംഗീകരിക്കുന്ന തരൂരിൻ്റെ എല്ലാ കാര്യങ്ങളും അംഗീകരിച്ച് കൊണ്ട് തന്നെയാകും അദ്ദേഹം നടത്തിയ പ്രസ്താവന പാർട്ടി അന്വേഷിക്കും.
വിഷയം പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത് തിരുത്തേണ്ടതാണെങ്കിൽ തിരുത്തുമെന്നും സുധാകരൻ പറഞ്ഞു. തരൂരിനോട് സംസാരിക്കാതെ വിഷയത്തിൽ പ്രതികരിക്കുന്നത് ശരിയല്ല. വികസനത്തിൽ മുഖ്യമന്ത്രിയെ പിന്തുണയ്ക്കുന്നത് കുറ്റമല്ല. മുഖ്യമന്ത്രിയുടെ എല്ലാ വികസനത്തെയും നമുക്ക് എതിർക്കണമെന്നില്ല. പക്ഷേ ഈ വികസനത്തോട് വിയോജിപ്പുണ്ട്. അശാസ്ത്രീയമായ കെ റെയിൽ പദ്ധതിക്ക് എതിരാണെന്ന് യുഡിഎഫും പാർട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. ഈ പദ്ധതി ഒരു കാരണവശാലും കേരളത്തിൽ അനുവദിക്കാൻ സാധിക്കില്ല. കെ റെയിൽ കൊണ്ടുവന്നവരാണ് ഹൈ സ്പീഡ് റോഡ് വന്നപ്പോൾ എതിർപ്പുമായി രംഗത്തുവന്നത്.
പരിസ്ഥിതി സർവേ, സോഷ്യൽ സർവേ, ഡിപിആർ എന്നിവയൊന്നും നടത്താതെ 64,000 കോടിയാണ് പദ്ധതിയുടെ ചെലവെന്ന് പറയുന്നത് കളവല്ലേ എന്നും കെപിസിസി പ്രസിഡൻ്റ് ചോദിച്ചു. കഴിഞ്ഞ ദിവസം കെ റെയിലിനെതിരെ 18 യുഡിഎഫ് എംപിമാർ റെയിൽവെ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ തരൂർ ഒപ്പ് വെച്ചിരുന്നില്ല. കെ റെയിൽ പദ്ധതിക്കെതിരെ പ്രതിപക്ഷം പ്രത്യക്ഷ സമരത്തിന് തയ്യാറെടുക്കുമ്പോഴാണ് തരൂർ വ്യത്യസ്ത നിലപാടുമായി മുന്നണിയെ പ്രതിസന്ധിയിലാക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ തരൂർ നിരന്തരം പുകഴ്ത്തുന്നതിനൊപ്പം കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട യുഡിഎഫിൻ്റെ നിവേദനത്തിൽ ഒപ്പിടാത്ത നിലപാടുമാണ് തരൂരിനെതിരായ നീക്കം ശക്തമാക്കിയത്.
അതേസമയം, കെ റെയിൽ വിഷയത്തിൽ വ്യത്യസ്ത നിലപാട് സ്വീകരിച്ച ശശി തരൂർ എംപിയ്ക്കെതിരെ രൂക്ഷവിമർശവുമായി കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്തുവന്നു. അച്ചടക്കം തരൂരിനും ബാധകമാണെന്നും ഹൈക്കമാൻഡ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കണം. കെ റെയിൽ പദ്ധതി ജനോപകാരപ്രദമല്ലെന്ന് കൊച്ചു കുഞ്ഞിന് പോലും അറിയാം. സർക്കാരിനെ സഹായിക്കാനുള്ള ഗൂഢ തന്ത്രമാണ് തരൂരിൻറേത്. അത് പാർട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതാണെന്നും മുല്ലപ്പള്ളി പറഞ്ഞു.