ക്രൈസ്തവ സഭാധികാരികൾ പി ടി തോമസിനോട് മാപ്പ് പറയണം! ഒരു ബിഷപ്പിൻ്റെ പ്രസ്താവനയ്ക്കോ മൃതദേഹത്തിന് മുന്നിലുള്ള ഒപ്പീസു ചൊല്ലലിനോ മായ്ച്ചു കളയാനാകില്ല പി ടിയോട് ചെയ്ത ക്രൂരതയുടെ കളങ്കം- ആന്റോ ജോസഫ് പറഞ്ഞു. അന്തരിച്ച കോൺഗ്രസ് നേതാവ് പി ടി തോമസിനോട് ക്രൈസ്തവ സഭാധികാരികൾ മാപ്പ് പറയണമെന്ന് ചലചിത്ര നിർമ്മാതാവ് ആന്റോ ജോസഫ്. പി ടി തോമസിനെക്കുറിച്ചു തന്നെയാണ്. ആ മനുഷ്യനോട് 'മാപ്പ്' എന്നൊരു വാക്ക് ഇനിയെങ്കിലും പറയാൻ ക്രൈസ്തവ സഭാ മേലധികാരികൾ തയ്യാറാകണം. അത് നിങ്ങളുടെ മഹത്വമേറ്റുകയേ ഉള്ളൂ. ഞാൻ ഒരു വിശ്വാസിയാണ്.
നിത്യവും മുടങ്ങാതെ പളളിയിൽ പോയി പ്രാർഥിക്കുന്നയാളാണ്. തെറ്റ് സംഭവിച്ചാൽ അത് ഏറ്റു പറയണമെന്ന് കുട്ടിക്കാലം തൊട്ടേ അൾത്താര പ്രസംഗങ്ങളിൽ കേട്ടു വളർന്നയാളാണ്. വാക്കും പ്രവൃത്തിയും ഒന്നാകുമ്പോഴാണ് നന്മയുണ്ടാകുന്നതും മനസ് വിശുദ്ധമാകുന്നതുമെന്നാണ് പഠിച്ചിട്ടുള്ളത്. അങ്ങനെയെങ്കിൽ പി ടിയോട് തെറ്റ് ഏറ്റുപറയാൻ പുരോഹിതർ ഇനിയും വൈകരുത്. ഇന്ന് തിരുപ്പിറവി ദിനം. ഞാൻ ഏറെ ബഹുമാനിക്കുന്ന ക്രൈസ്തവ പുരോഹിത സമൂഹത്തോട് ചില വസ്തുതകൾ പറയാൻ ഈ ദിവസം തന്നെയാണ് ഉചിതം. അന്ന് ഇടുക്കി രൂപതയില്ല. കോതമംഗലം രൂപതയാണ്. സൺഡേ സ്കൂളിലെ ഏറ്റവും മിടുക്കനായ കുട്ടിയായിരുന്നു പി ടി വേദപാഠ പരീക്ഷകളിൽ കോതമംഗലം രൂപതയിൽ തന്നെ ഒന്നാമൻ.
ആ പി ടിയെയാണ് ജനിച്ച മണ്ണിനും അവിടത്തെ മലയ്ക്കും മനുഷ്യർക്കും വേണ്ടി പിൽക്കാലം നിലപാട് എടുത്തതിൻ്റെ പേരിൽ പുരോഹിത സമൂഹം ക്രൂശിച്ചത്. അതിലും ക്രൂരമായി പ്രതീകാത്മക ശവഘോഷയാത്ര നടത്തി അപമാനിച്ചത്. എന്നിട്ട് മനസുകളിൽ തെമ്മാടിക്കുഴികുത്തി അടക്കം ചെയ്യാൻ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു. എത്ര ക്രൂരം! ഒരു പക്ഷേ കേരളത്തിൽ അധികമാർക്കും അറിയാത്തൊരു പി ടിയുണ്ട്. ഡിജോ കാപ്പനെ പോലെ അടുത്ത സുഹൃത്തുക്കൾക്കുമാത്രം അറിയാവുന്ന ആ പി ടി ഉപ്പുതോട്ടിലെ കല്ലുവഴികളിലൂടെ എല്ലാ ഞായറാഴ്ചയും പള്ളിയിലേക്ക് നടന്നു പോയിരുന്ന ബാലനാണ്. പി ടി ചെയ്ത തെറ്റ് എന്തായിരുന്നു?
എന്ത് ഉത്തരം നൽകാനുണ്ട് ഈ ചോദ്യത്തിന്? ഒരു ബിഷപ്പിൻ്റെ പ്രസ്താവനയ്ക്കോ മൃതദേഹത്തിന് മുന്നിലുള്ള ഒപ്പീസു ചൊല്ലലിനോ മായ്ച്ചു കളയാനാകില്ല പി ടിയോട് ചെയ്ത ക്രൂരതയുടെ കളങ്കം. അതു ഇല്ലാതാകണമെങ്കിൽ പി ടിയോട് മാപ്പു പറഞ്ഞേ തീരൂ. അഭിവന്ദ്യ പുരോഹിതരേ... പി ടി മരിച്ചിട്ടില്ല. ഇനിയും പലരിലൂടെ പുനർജനിക്കും. അവർ അപ്രിയ സത്യങ്ങൾ വിളിച്ചു പറയും. നിങ്ങൾ തെമ്മാടിക്കുഴികൾ കല്പിക്കുമ്പോൾ അവർ ചിതയായി ആളും. അവർക്കരികേ പ്രണയഗാനങ്ങൾ അലയടിക്കും... അതു കൊണ്ട് വൈകരുത്. നിങ്ങളുടെ ഓർമയിലേക്കായി ഒരു ബൈബിൾ വാക്യം കുറിക്കട്ടെ: 'ഞാൻ എൻ്റെ അകൃത്യങ്ങൾ ഏറ്റുപറയുന്നു. എൻ്റെ പാപത്തെ പറ്റി അനുതപിക്കുന്നു' (സങ്കീർത്തനങ്ങൾ 38:18).