ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ടതിൽ എന്തുകൊണ്ട് പോലീസ് പഴി കേൾക്കുന്നു? കഴിഞ്ഞ ദിവസം കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടെന്ന കേസിൽ മുൻ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വെറുതെവിട്ട കോടതി വിധി അംഗീകരിക്കാനാവില്ലെന്നാണ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച എസ്.പി ഹരിശങ്കർ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ പക്ഷേ, പോലീസ് അന്വേഷണത്തിൽ നിരവധി വീഴ്ച്ചകളുണ്ടായെന്നാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതി വിധി ചൂണ്ടിക്കാട്ടുന്നത്. വിധി ന്യായത്തിലെ 141 മുതൽ 145 വരെയുള്ള ഭാഗങ്ങൾ അന്വേഷണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടാനാണ് കോടതി ഉപയോഗിച്ചിരിക്കുന്നത്. 2015 ജനുവരി പതിനഞ്ചിന് താൻ ബലാൽസംഗത്തിന് ഇരയായിട്ടില്ലെന്ന് ഇര ഒരു മറ്റൊരു മൊഴിയിലും വെളിപ്പെടുത്തിയിട്ടില്ലെന്ന് സമ്മതിക്കുകയാണ് ഡി.വൈ.എസ്.പി ചെയ്തത്. ഫോൺ ചെയ്തപ്പോൾ ഇര തീയ്യതികൾ പറഞ്ഞെന്നും അതിൽ ഈ തീയ്യതി ഉൾപ്പെട്ടിരുന്നുവെന്നുമാണ് വിശദീകരണം.
അതിനാലാണ് കുറ്റപത്രത്തിൽ ആ തീയ്യതി ഉൾപ്പെട്ടത്. ഇരയുടെ മൊഴിയുടെ വാസ്തവം സ്ഥിരീകരിക്കാൻ എന്ത് അന്വേഷണം നടത്തിയെന്ന കാര്യം ഡി.വൈ.എസ്.പി നൽകിയ തെളിവിൽ ഇല്ല. ആ തീയ്യതിയിൽ എന്തുണ്ടായി എന്ന് കാര്യം മൊഴിയായി രേഖപ്പെടുത്താൻ ഡി.വൈ.എസ്.പി ശ്രമിച്ചില്ല.'' -- കോടതി ചൂണ്ടിക്കാട്ടി. ''അന്വേഷണത്തിലെ ന്യൂനതകൾ നേരത്തെ തന്നെ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിഭാഗം ചൂണ്ടിക്കാട്ടിയ മറ്റു ചില സുപ്രധാന ന്യൂനതകളും പരാമർശിക്കേണ്ടതാണ്. 2015 ജനുവരി പതിനഞ്ചിന് താൻ ബലാൽസംഗം ചെയ്യപ്പെട്ടുവെന്ന് മുമ്പ് നൽകിയ ഒരു മൊഴിയിലും ഇര പറഞ്ഞിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷ് നൽകിയ വിശദീകരണം അമ്പരിപ്പിക്കുന്നതാണ്. ആരോപണ വിധേയന് അതിൽ ഒരു പങ്കുമില്ല. അടുക്കളയിലെ പ്രവൃത്തികളുടെ രേഖകൾ കൊണ്ടുവന്ന് നൽകാൻ പ്രതി പറഞ്ഞെന്നാണ് ഇരയുടെ മൊഴി പറയുന്നത്. അങ്ങനെ മുറിയിൽ എത്തിയപ്പോൾ പുറകിൽ നിന്ന് പിടിച്ചെന്നാണ് മൊഴി പറയുന്നത്.
അൽഭുദകരമെന്ന് പറയട്ടെ ആ രേഖകൾ ഈ കോടതിയുടെ മുന്നിൽ എത്തിയിട്ടില്ല. കോൺവെന്റിലെ അക്കൗണ്ട്സ് ചാർജുള്ള എട്ടാം സാക്ഷി സിൽസി സ്കറിയയുടെ മൊഴിയിൽ ഇതുമായി ബന്ധപ്പെട്ട ചില തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. അക്കൗണ്ട് ഓഡിറ്റിങ്ങിനായി പരിയാരത്ത് പോവാറുണ്ടെന്നാണ് അവർ പറയുന്നത്. അക്കൗണ്ടിങ് നടപടികൾ പൂർത്തീകരിക്കാൻ അവിടെ മൂന്നോ നാലോ ദിവസവും അവർ താമസിക്കാറുണ്ട്. അങ്ങനെയാണെങ്കിൽ അടുക്കള പ്രവൃത്തികളുമായി ബന്ധപ്പെട്ട രേഖകൾ വിശ്വാസിക്കൂട്ടത്തിൽ തന്നെ കാണും. അത്തരം രേഖകൾ ഇരയുടെ കൈവശമില്ലെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. ഈ മേഖലകളിൽ അന്വേഷണം നടന്നിട്ടില്ലെന്നാണ് തോന്നുന്നത്.'' -- വിധി പറയുന്നു. ''ചങ്ങനാശേരി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് (1) മുമ്പിൽ ക്രിമിനൽ നടപടി ചട്ടങ്ങളിലെ (സി.ആർ.പി.സി) 164ാം വകുപ്പ് പ്രകാരം ഇര നൽകിയ മൊഴി പ്രകാരം സിസ്റ്റർ റെജീനയും സിസ്റ്റർ മാഗിയുമാണ് അടുക്കളയിലെ പ്രവൃത്തികൾ തടയാൻ കാരണം.
''ഇരയുടെ അധിക മൊഴി 2018 ജൂൺ 30ന് എടുത്തിട്ടില്ലെന്നാണ് പ്രതിഭാഗം വാദിക്കുന്നത്. പ്രതിയെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് മൊഴി എടുത്തതെന്നാണ് പ്രതിഭാഗം പറയുന്നത്. രണ്ടാം സാക്ഷിയായ സിസ്റ്റർ ലിസി വടക്കേലിനോട് ഇര വെളിപ്പെടുത്തൽ നടത്തിയതുമായി ബന്ധപ്പെട്ട പരാമർങ്ങളൊന്നും പ്രതി അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ഇര നൽകിയ ഒരു മൊഴികളിലും ഇല്ല. അതിനാൽ ഇരയുടെ വിശ്വാസ്യത വർധിപ്പിക്കാനായി മുൻകാലത്ത് രേഖപ്പെടുത്തിയെന്ന പോലുള്ള ഒരു മൊഴി പിന്നീട് കൊണ്ടുവരുകയാണ് ചെയ്തിരിക്കുന്നതെന്നാണ് ആരോപണം. ഈ കേസിൽ ഹൈക്കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥൻ ഫയൽ ചെയ്ത 'ഫാക്ട് റിപ്പോർട്ടിലാണ്' പ്രതിഭാഗം ഊന്നുന്നത്.'' മാത്രമല്ല ഇരയുടെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടിൽ 'ലൈംഗിക അവയവം ശരീരത്തിൽ പ്രവേശിപ്പിച്ചു' എന്ന ഭാഗം തിരുത്തിയ സംഭവത്തിലും അന്വേഷണ ഉദ്യോഗസ്ഥനെ കോടതി വിമർശിക്കുന്നുണ്ട്. കൂടാതെ കേസിൽ നിർണായകമാവുമായിരുന്ന ഫോണുകളും ലാപ്ടോപ്പും കൃത്യസമയത്ത് പിടിച്ചെടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും കോടതി പറയുന്നു.
എഫ്.ഐ.ആർ റജിസ്റ്റർ ചെയ്ത ഉടൻ ലാപ്പ്ടോപ്പ് റിപ്പയറിങ്ങിന് നൽകിയതും കേടായ ഹാർഡ് ഡിസ്ക് പിടിച്ചെടുത്തതും സംശയം വർധിപ്പിക്കുകയാണ്. ഇരക്കെതിരെ നിഷിദ്ധ ബന്ധം ആരോപിച്ച പതിനാറാം സാക്ഷിയുടെയും ഭർത്താവിന്റെയും ഫോൺ പിടിച്ചെടുത്ത് പരിശോധിക്കാതിരുന്നതും ശാസ്ത്രീയ തെളിവുകൾ കോടതിയിൽ എത്തുന്നതിന് തടസമായി. ''ഈ ഫാക്ട് റിപ്പോർട്ടിൽ ഇരയുടെ അധികമൊഴി 30-06-2018ന് എടുത്തു എന്നു പറയുന്നില്ല. എന്നാൽ, സി.ആർ.പി.സി 164ാം വകുപ്പ് പ്രകാരം 05-07-2018ന് ഇരയുടെ മൊഴി രേഖപ്പെടുത്തിയെന്ന് പറയുന്നുണ്ട്. നെടുങ്കണ്ടം സെയിന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസികളുടെ മൊഴി രേഖപ്പെടുത്തിയെന്നും ഈ ഫാക്ട് റിപ്പോർട്ടിൽ പറയുന്നുണ്ട്.