സ്മൃതി ഇറാനിയെ വിമാനത്തിൽ ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ്! പെട്രോൾ, ഡീസൽ വിലകളും പാചകവാതക വിലയും തുടർച്ചയായി വർധിക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയെ താൻ ചോദ്യം ചെയ്യുന്നതിൻ്റെ വീഡിയോ മഹിളാ കോൺഗ്രസ് ആക്ടിങ് പ്രസിഡൻ്റ് നെറ്റ ഡിസൂസ ട്വിറ്ററിലൂടെ പുറത്തു വിട്ടത്. ഡൽഹിയിൽ നിന്ന് ഗുവാഹത്തിയിലേയ്ക്കുള്ള വിമാനത്തിലായിരുന്നു നാടകീയമായ സംഭവങ്ങൾ.
വർധിച്ചു വരുന്ന ഇന്ധനവിലയുടെ പേരിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ വിമാനത്തിൽ വെച്ച് നേർക്കുനേർ ചോദ്യം ചെയ്ത് മഹിളാ കോൺഗ്രസ് നേതാവ്. "ഗുവാഹത്തിയിലേയ്ക്ക് പോകുന്ന വഴി മോദി മന്ത്രിസഭയിലെ അംഗമായ സ്മൃതി ഇറാനിയെ ഇന്നു നേരിട്ടു.
എൽപിജി വിലയിലുണ്ടാകുന്ന അസഹനീയമായ വർധനവിനെപ്പറ്റി ചോദിച്ചപ്പോൾ അവർ വാക്സിനെയും റേഷനെയും എന്തിന് പാവപ്പെട്ട ജനങ്ങളെ വരെ കുറ്റപ്പെടുത്തി. വീഡിയോയുടെ ഭാഗങ്ങൾ കാണൂ. സാധാരണക്കാരുടെ ദുരിതത്തെപ്പറ്റി അവർ പ്രതികരിച്ചത് എങ്ങനെയാണെന്ന് കാണൂ." നെറ്റ ഡിസൂസ വീഡിയോയ്ക്കൊപ്പം കുറിച്ചു. താൻ മോദി മന്ത്രിസഭയിലെ അംഗമായ സ്മൃതി ഇറാനിയുമായി ഏറ്റുമുട്ടിയെന്ന അടിക്കുറിപ്പുമായി നെറ്റ ഡിസൂസ തന്നെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. നെറ്റയുടെ ദൃശ്യങ്ങൾ സ്മൃതി ഇറാനി പകർത്തുന്നതും വീഡിയോയിൽ കാണാം.പാചകവാതക ക്ഷാമത്തെപ്പറ്റി ചോദിച്ചപ്പോൾ നുണ പറയരുതെന്നായിരുന്നു സ്മൃതി ഇറാനിയുടെ വാക്കുകൾ. എന്നാൽ തനിക്കെതിരെ നെറ്റ ഡിസൂസ തട്ടിക്കയരുകയാണെന്ന് സ്മൃതി ഇറാനി പറയുന്നതും വീഡിയോയിൽ കാണാം.
16 ദിവസത്തിനിടെ പെട്രോൾ വിലയിൽ 14 തവണയാണ് വർധനവുണ്ടായത്. ഇതോടെ വില 10 രൂപയോളം വർധിച്ചു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി ഇന്ധനവിലയിൽ മാറ്റമില്ല. നിലവിൽ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 105.41 രൂപയാണ് വില. ഡീസലിനാകട്ടെ 96.67 രൂപയും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ ഡീസൽ വില അടക്കം നൂറ് കടന്നിട്ടുണ്ട്. വിമാനത്തിൽ നിന്നു യാത്രക്കാർ ഇറങ്ങുന്നതിനിടയിലായിരുന്നു കോൺഗ്രസ് നേതാവ് ക്യാമറയുമായി സ്മൃതി ഇറാനിയെ സമീപിച്ചത്. എന്നാൽ നെറ്റ ഡിസൂസ വഴി തടസ്സപ്പെടുത്തുകയാണെന്നായിരുന്നു സ്മൃതി ഇറാനി ആരോപിച്ചത്.
ഇന്ധനത്തിൻ്റെ അടിസ്ഥാനവില വളരെ താഴെയാണെന്നും കേന്ദ്ര സംസ്ഥാന സർക്കാരുകൾ ചുമത്തുന്ന നികുതിയാണ് വിലയിലെ വലിയൊരു ശതമാനമെന്നും കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. യുക്രൈൻ - റഷ്യ യുദ്ധത്തിനു പിന്നാലെ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില വർധിച്ചതോടെയാണ് രാജ്യത്ത് ഇന്ധനവില വർധിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ മുൻപ് പലപ്പോഴും ക്രൂഡോയിൽ വില ഇത്രയും വർധിച്ചപ്പോഴും ഇത്രയധികമായി ഇന്ധനവില വർധിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്.