ഇന്ധന നികുതി കുറയ്ക്കാത്തത് ചില സംസ്ഥാനങ്ങൾ മാത്രമെന്നു വിമർശിച്ച് മോദി! കേന്ദ്രം എക്സൈസ് നികുതി കുറച്ചിട്ടും ചില സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാൻ തയ്യാറായില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിനിടെ ഇന്ധന വിലവർദ്ധന സാഹചര്യം വിശദീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ പേരെടുത്തു പറഞ്ഞാണ് മോദി വിമർശനം ഉന്നയിച്ചത്. ഇന്ധന വില കുറയ്ക്കാത്തത് സാധാരണക്കാരന് വലിയ ദുരിതമാണെന്നും മുഖ്യമന്ത്രിമാരുടെ യോഗത്തിൽ നരേന്ദ്ര മോദി പറഞ്ഞു. മുഖ്യമന്ത്രി വിദേശത്തായതിനാൽ കേരളത്തെ പ്രതിനിധീകരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജാണ് യോഗത്തിൽ പങ്കെടുത്തത്.
കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് യോഗത്തിൽ അവതരണം നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തിൽ പങ്കെടുത്തു. കൊവിഡ് രോഗികൾ കൂടുന്ന പശ്ചാത്തലത്തിൽ ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതും കൂടുതൽ ആരോഗ്യ പ്രവർത്തകരെ നിയമിക്കുന്നതും യോഗത്തിൽ ചർച്ച ചെയ്തു. രോഗികളുടെ എണ്ണം ഉയരുന്നതും രാജ്യത്ത് നിരവധി ഉത്സവങ്ങൾ നടക്കാൻ പോകുന്നതും പരിഗണിച്ചാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. കൊവിഡ് വെല്ലുവിളി അവസാനിച്ചിട്ടില്ലെന്നും ഓരോ സംസ്ഥാനങ്ങളും ആരോഗ്യ സംവിധാനങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്രവും തമ്മിലുള്ള ഏകോപനം പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയിൽ കുറഞ്ഞ എണ്ണവിലയ്ക്കു വീണ്ടും ജീവൻ വച്ചു. നിലവിൽ ബാരൽവില 106 ഡോളറിനു തൊട്ടരികെയാണ്. കഴിഞ്ഞയാഴ്ച 110 ഡോളറിൽ നിന്നു 106 ഡോളറിലേക്ക് എത്തിയ ശേഷം എണ്ണവില 102 ഡോളറിലേക്ക് അടുത്തിരുന്നു. റഷ്യ- യുക്രൈൻ യുദ്ധം നീളുന്നതും പണപ്പെരുപ്പത്തെ തുടർന്നു യു.എസ്. ഫെഡ് റിസർവ് നിരക്കുകൾ വർധിപ്പിക്കുമെന്നു വ്യക്തമാക്കിയതോടെ വിപണികളിൽ നിന്നു നിക്ഷേപകർ അകലുന്നതുമാണ് നിലവിൽ വിലവർധനയ്ക്കു വഴിവച്ചത്. റഷ്യ- യുക്രൈൻ യുദ്ധമാണ് നിലവിലെ എണ്ണവിലക്കയറ്റത്തിനു കാരണമെന്ന് ഒപെക് കഴിഞ്ഞ ദിവസം രാജ്യാന്തര നാണയനിധിയോട് വ്യക്തമാക്കി കഴിഞ്ഞതാണ്.
രാജ്യത്ത് പെട്രോൾ- ഡീസൽ വിലയിൽ ഇന്നും മാറ്റമില്ല. രാജ്യാന്തര വിപണികൾക്ക് അനുസരിച്ച ഇന്ധനവില മാറുന്ന സമ്പ്രദായമാണ് രാജ്യത്ത് ഉള്ളതെങ്കിലും ഈ മാസം ആറ് തൊട്ട് പ്രാദേശിക കമ്പനികൾ എണ്ണവിലയിൽ മാറ്റം വരുത്തിയിട്ടില്ല. 137 ദിവസത്തെ ഇടവേളയ്ക്കുശേഷം ഇന്ധനവില ലിറ്ററിന് 10 രൂപയോളം വർധിപ്പിച്ച ശേഷമാണ് എണ്ണക്കമ്പനികൾ മൗനത്തിലേക്കു നീങ്ങിയത്. പെട്രോൾ, ഡീസൽ വിലകളിൽ മാറ്റമില്ല.