ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരണം! പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസനാണ് പിടിയിലായത്. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹിയും കെടിഡിസി ജീവനക്കാരനുമാണ് ഇയാളെന്ന് പോലീസ് അറിയിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആലത്തൂർ പോലീസ് പിടികൂടിയ ഇയാളെ തൃക്കാക്കര പോലീസിന് കൈമാറും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.കണ്ണൂർ, കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലകളിലുള്ളവരാണ് വീഡിയോ പ്രചരിപ്പിച്ച മറ്റുള്ളവർ. ഐടി ആക്ട് 67എ, റപ്രസൻറേഷൻ ഓഫ് പീപ്പിൾ ആക്ട് 123 വകുപ്പുകൾ പ്രകാരമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
വ്യാജ വീഡിയോ പ്രചരണവുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് ഇവർ ഫേസ്ബുക്കിൽ വീഡിയോ അപ് ലോഡ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ച അഞ്ച് പേരെകൂടി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി എച്ച് നാഗരാജു പറഞ്ഞു. വീഡിയോ പ്രചരിപ്പിച്ച ശേഷം ഇവർ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തിരുന്നു. സൈബർ വിദഗ്ധരുടെ സഹായത്തോടെ പ്രതികളുടെ സമൂഹമാധ്യമ ഇടപെടലുകൾ കണ്ടെത്തിയാണ് ആറു പേരെയും തിരിച്ചറിഞ്ഞത്.
വ്യാജ വീഡിയോ പ്രചരണത്തിന് പിന്നിൽ യുഡിഎഫാണെന്ന് സിപിഎം നേതാക്കൾ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ജോ ജോസഫിൻറെ ഭാര്യ ദയ പസ്കലും സൈബർ ആക്രമണത്തിനെതിരെ രംഗത്തെത്തി. ഇതേസാഹചര്യത്തിലാണ് യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹി പിടിയിലായെന്ന വാർത്ത ചർച്ചയാകുന്നത്.
കഴിഞ്ഞദിവസങ്ങളിലാണ് എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിൻറേതെന്ന പേരിൽ സോഷ്യൽമീഡിയയിൽ വീഡിയോകൾ പ്രചരിപ്പിച്ചത്.
സംഭവത്തിനെതിരെ ഇടതുമുന്നണി തൃക്കാക്കര മണ്ഡലം സെക്രട്ടറിയും മുൻ എംഎൽഎയുമായ എം സ്വരാജ് നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. സൈബർ സെല്ലിൻറെ സഹായത്തോടെ വിപുലമായ അന്വേഷണമാണ് കേസിൽ നടത്തിയത്. യുഡിഎഫിൻറെ രാഷ്‌ട്രീയ അന്തസില്ലായ്‌മയാണ് അശ്ലീല വീഡിയോ പ്രചാരണത്തിലൂടെ വെളിവായതെന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എം സ്വരാജ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. കോൺഗ്രസ് തീറ്റിപ്പോറ്റുന്ന സൈബർ ക്രിമിനലുകളാണ് അതു ചെയ്യുന്നത്.