കേരള സർവകലാശാലയ്ക്ക് ഇത് അഭിമാന നേട്ടം; സംസ്ഥാനത്ത് ആദ്യമായി A++ ഗ്രേഡ്! അഖിലേന്ത്യാ തലത്തിൽ തന്നെ ഉയർന്ന ഗ്രേഡാണിത്. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി സർക്കാർ നടപ്പാക്കിവരുന്ന ഗുണഫലമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നാക്ക് റീ അക്രഡിറ്റേഷനിൽ എ പ്ലസ് പ്ലസ് നേട്ടവുമായി കേരള സർവകലാശാല. കേരളത്തിൽ ആദ്യമായാണ് ഒരു സർവകലാശാലയ്ക്ക് ഈ അംഗീകാരം നേടുന്നത്. 3.67 ഗ്രേഡ് പോയിന്റോടെയാണ് നേട്ടം. "കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ കുതിപ്പേകുന്നതാണ് കേരള സർവകലാശാലയ്ക്ക് ലഭിച്ച അംഗീകാരം. നാഷണൽ അസെസ്‌മെന്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിൽ നൽകുന്ന എ പ്ലസ് പ്ലസ് ഗ്രേഡ് ആണ് കേരള സർവ്വകലാശാല സ്വന്തമാക്കിയത്.
ഈ അംഗീകാരം ആദ്യമായാണ് സംസ്ഥാനത്തെ ഒരു സർവ്വകലാശാലയ്ക്ക് ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ വളർച്ചയ്ക്കായി സർക്കാർ നടപ്പാക്കി വരുന്ന പദ്ധതികളുടെ ഗുണഫലമാണ് ഈ നേട്ടം. മറ്റു സർവ്വകലാശാലകൾക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മികവുറ്റ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ ഇതു പ്രചോദനമാകണം." മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേരത്തെ ഔദ്യോഗിക കത്തിലെ അക്ഷര തെറ്റിന്റെയും വ്യാകരണ പിശകിന്റെയും പേരിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരിഹാസത്തിനിരയായ വൈസ് ചാൻസലർ ഡോ വി പി മഹാദേവൻ പിള്ളയുടെ സാരഥിത്വത്തിലാണ് കേരള സർവകലാശാലയുടെ ഈ ചരിത്ര നേട്ടം. മുൻ ഗവർണർ ജസ്റ്റിസ് സദാശിവത്തിന്റെ കാലത്താണ് മഹാദേവൻ പിള്ളയെ വൈസ് ചാൻസലറായി നിയമിക്കുന്നത്.
വൈസ് ചാൻസലർ പദവി തേടിയെത്തുമ്പോൾ കുസാറ്റ്, പെരിയോർ, അളഗപ്പ സർവകലാശാലകളുടെ ബോർഡ് ഓഫ് സ്റ്റഡീസ് മെംബറായിരുന്നു അദ്ദേഹം. കൂടാതെ 33 വർഷത്തെ അധ്യാപന പരിചയവും മഹാദേവൻ പിള്ളയ്ക്കുണ്ട്. ഫിസിക്സിൽ ഡോക്ടറേറ്റ് ഉള്ള മഹാദേവൻ പിള്ള കേരള യൂണിവേഴ്സിറ്റിയുടെ ഒപ്റ്റോ ഇലക്ട്രോണിക് വിഭാഗത്തിന്റെ മേധാവിയായിരിക്കെയാണ് വൈസ് ചാൻസലറാകുന്നത്. ഗവർണറുടെ നിർദ്ദേശം സിൻഡിക്കേറ്റ് തള്ളി എന്നാണ് മഹാദേവൻ പിള്ള എഴുതി നൽകിയത്. ഗവർണർ നിർബന്ധിച്ച് എഴുതി വാങ്ങിയതായിരുന്നു കുറിപ്പ്. സ്വന്തം കൈപ്പടയിൽ വെള്ള പേപ്പറിൽ കുറിപ്പ് എഴുതി നൽകാൻ മഹാദേവൻ പിള്ള തയ്യാറായി.
ഓഫീസിൽ ചെന്ന് ഔദ്യോഗികമായി എഴുതി നൽകാമെന്ന് അറിയിച്ചെങ്കിലും നിന്ന നിൽപ്പിൽ എഴുതി വാങ്ങിയെന്നാണ് ഇതേക്കുറിച്ച് പുറത്തുവന്ന വിവരം.ഈ കത്തിലെ വ്യാകരണ പിശകും അക്ഷര തെറ്റും ചൂണ്ടിക്കാട്ടി ഗവർണർ പരസ്യ പ്രതികരണം നടത്തുകപോലും ചെയ്തു. വൈസ് ചാൻസലറുടെ ഭാഷ കണ്ട് താൻ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് ഉപയോഗിച്ചതെന്നും ഗവർണർ പറഞ്ഞു. ഇങ്ങനെയാണോ ഒരു വൈസ് ചാൻസലറുടെ ഭാഷ എന്നും രണ്ട് വരി തെറ്റില്ലാതെ എഴുതാൻ അറിയില്ല. ഇതാണ് നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെന്നും അദ്ദേഹം പരിഹസിച്ചു. ഒടുവിൽ ഗവർണർ അക്ഷരത്തെറ്റിന്റെ പേരിൽ പരിഹസിച്ച അതേ വൈസ് ചാൻസലർക്കു കീഴിലുള്ള സർവകലാശാലയെ തേടി നാക്കിന്റെ അംഗീകാരം എത്തിയിരിക്കുകയാണ്.