നാഷണൽ ഹെറാൾഡ് കേസ്; എഐസിസി ആസ്ഥാനത്തിനു മുന്നിൽ പോലീസ് വിന്യാസം!

Divya John
 നാഷണൽ ഹെറാൾഡ് കേസ്; എഐസിസി ആസ്ഥാനത്തിനു മുന്നിൽ പോലീസ് വിന്യാസം! നാഷണൽ ഹെറാൾഡ് പത്രത്തിൻ്റെ ഹെഡ് ഓഫീസായ നാഷണൽ ഹെറാൾഡ് ഹൗസിനുള്ളിലാണ് യങ് ഇന്ത്യ ഓഫീസ് പ്രവർത്തിക്കുന്നത്. അനുമതിയില്ലാതെ തുറക്കരുതെന്ന് ഓഫീസ് അധികൃതർക്ക് ഇഡി ഉദ്യോഗസ്ഥർ നിർദേശം നൽകി. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് യങ് ഇന്ത്യ ഓഫീസ് പൂട്ടി മുദ്രവെച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് കോൺഗ്രസിൻ്റെ ഉടമസ്ഥതയിലുള്ള ഓഫീസ് പൂട്ടി ഇഡി സീൽ ചെയ്തത്.  കേസിൽ കൂടുതൽ തെളിവുകൾ കണ്ടെത്തുക എന്ന ഉദ്ദേശത്തോടെയായിരുന്നു സെൻട്രൽ ഡൽഹിയിലെ ബഹദൂർ ഷാ സഫർ മാർഗിലുള്ള ഹെറാൾഡ് ഓഫീസിലടക്കം ഇഡി സംഘം പരിശോധയ്ക്ക് എത്തിയത്. 




  അതിനിടെ എഐസിസി ആസ്ഥാനത്തിനു മുന്നിലും സോണിയാ ഗാന്ധിയുടെ വസതിക്കു പുറത്തും രാഹുൽ ഗാന്ധിയുടെ വസതിയിലേക്കുള്ള വഴിയിലും പോലീസിനെ വിന്യസിക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. പോലീസ് നടപടിയെ അപലപിച്ച് മുതിർന്ന നേതാവ് ജയ്റാം രമേശ് രംഗത്തെത്തി. ഡൽഹി പോലീസിൻ്റെ നടപടി ദുരൂഹമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചൊവ്വാഴ്ച 12 ഇടങ്ങളിലാണ് ഇഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയത്. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും ഇഡി സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. 



  മൂന്നു പ്രാവശ്യമായി 11 മണിക്കൂറോളം നേരം സോണിയയെയും അഞ്ചു ദിവസങ്ങളിലായി 50 മണിക്കൂറോളം നേരമാണ് രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്തത്. ഇഡിയുടെ നടപടിയിൽ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങിയിരുന്നു. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിലാണ് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇഡിയുടെ അന്വേഷണം തുടങ്ങിയത്. 


  നാഷണൽ ഹെറാൾഡ് പത്രത്തിൻ്റെ പ്രസാധകരായ എജെഎൽ എന്ന കമ്പനിയുടെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ യങ് ഇന്ത്യ എന്ന കമ്പനി രൂപീകരിച്ച് തട്ടിയെടുത്തു എന്നാണ് സുബ്രഹ്മണ്യൻ സ്വാമിയുടെ ആരോപണം. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിലാണ് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ ഇഡിയുടെ അന്വേഷണം തുടങ്ങിയത്. 
 

Find Out More:

Related Articles: