സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിയാൻ കോടിയേരി ബാലകൃഷ്ണൻ! ആരോഗ്യസ്ഥിതി കണക്കിലെടുത്ത് തനിക്ക് സ്ഥാനത്തു തുടരാൻ കഴിയില്ലെന്ന് കോടിയേരി കേന്ദ്രനേതാക്കളെ അറിയിച്ചെന്നാണ് റിപ്പോർട്ടുകൾ. നാളെ തിരുവനന്തപുരത്ത് ചേരുന്ന അവൈലബിൾ പിബി യോഗം വിഷയം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. ആരോഗ്യപ്രശ്നങ്ങൾ മൂലം ഇടയ്ക്കിടെ വിശ്രമത്തിൽ പ്രവേശിക്കുന്ന സാഹചര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് വിവരം. കോടിയേരിയുടെ അഭാവത്തിൽ സംസ്ഥാനത്തെ പാർട്ടി ഘടകത്തെ നയിക്കാൻ പകരം സംവിധാനം ഒരുക്കുക എന്നത് നാളത്തെ യോഗത്തിലെ പ്രധാന വിഷയമാണ്. കോടിയേരിയ്ക്ക് പകരക്കാരനായി മറ്റാരെയെങ്കിലും തീരുമാനിക്കണോ അതോ മറ്റൊരാൾക്ക് താത്കാലിക ചുമതല നൽകിയാൽ മതിയോ എന്നാണ് യോഗം പരിശോധിക്കുന്നത്. ഇതിനു പുറമെ രണ്ട് സഹായികളെ നൽകി കോടിയേരിയെ സ്ഥാനത്തു നിലനിർത്തുന്ന സാധ്യതയും പാർട്ടി പരിശോധിക്കുന്നുണ്ട്.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയ നേതാക്കൾ നാളത്തെ യോഗത്തിൽ ചർച്ച ചെയ്യും.താൻ അർബുദരോഗത്തിന് ചികിത്സയിലാണെന്ന് 2021 ഡിസംബറിലാണ് കോടിയേരി തുറന്നു പറഞ്ഞത്. താൻ പാൻക്രിയാസ് കാൻസറിന് ചികിത്സയിലാണണെന്നും പാതി മുറിച്ചു മാറ്റിയ പാൻക്രിയാസുമായാണ് ജീവിക്കുന്നതെന്നും തിരുവനന്തപുരത്ത് ഒരു പൊതുവേദിയിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. കീമോതെറാപ്പിയ്ക്ക് തൊട്ടുശേഷമാണ് പൊതുവേദിയിൽ പ്രസംഗിക്കാൻ എത്തുന്നതെന്നും രോഗവിവരം മറച്ചുവെക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കോടിയേരിയ്ക്ക് പകരം മറ്റാർക്കെങ്കിലും താത്കാലിക ചുമതല നൽകിയാൽ പോളിറ്റ്ബ്യൂറോ അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, എ കെ ബാലൻ എന്നിവരുടെ പേരുകൾ പരിഗണിക്കാനാണ് സാധ്യത. ഇക്കാര്യത്തിൽ സിപിഎം കേന്ദ്രനേതൃത്വത്തിൻ്റേതായിരിക്കും അന്തിമ തീരുമാനം.
ആരോഗ്യനില മോശമായ സാഹചര്യത്തിൽ സ്ഥാനത്തു തുടരാനല്ലെന്ന് കോടിയേരി കേന്ദ്രനേതാക്കളെ ഇതിനോടകം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും എ വിജയരാഘവൻ, എം എ ബേബി എന്നിവരും നാളത്തെ യോഗത്തിൽ പങ്കെടുക്കും എന്നാണ് വിവരം.കോടിയേരി ചുമതലയിൽ നിന്ന് മാറി നിൽക്കുന്നത് ഇതാദ്യമല്ല. ദീർഘകാലമായി അർബുദരോഗത്തിന് ചികിത്സയിലുള്ള കോടിയേരി 2020 നവംബറിൽ ഒരു വർഷത്തോളം മാറി നിന്നിരുന്നു. അന്ന് എ വിജയരാഘവനായിരുന്നു ചുമതല.
തുടർന്ന് എറണാകുളത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം വീണ്ടും ചുമതല ഏറ്റെടുക്കുകയായിരുന്നു. ഇടയ്ക്ക് അമേരിക്കയിൽ ചികിത്സയ്ക്കായി രണ്ട് തവണ കോടിയേരി യാത്ര നടത്തുകയും ചെയ്തിരുന്നു. അതേസമയം, മറ്റൊരു നേതാവിന് ഇനി താത്കാലിക ചുമതല നൽകുകയാണെങ്കിൽ എത്ര കാലത്തേയ്ക്ക് എന്നത് അടക്കമുള്ള കാര്യങ്ങളിൽ വ്യക്തതയില്ല. കോടിയേരി ബാലകൃഷ്ണൻ്റെ ചികിത്സാ ആവശ്യങ്ങളും ആരോഗ്യസ്ഥിതിയും പരിഗണിച്ചായിരിക്കും പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.