കാട്ടാക്കട ആക്രമണത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി! സ്ത്രീത്വത്തെ അപമാനിച്ചെന്ന വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തത്. ഇരയായ രേഷ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ മുന്നിലിട്ട് ജീവനക്കാർ അച്ഛനെ മർദിച്ച സംഭവത്തിൽ കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ കുറ്റം. അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്‌മെന്റ് സംരക്ഷിക്കില്ലെന്ന് എംഡി സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. മാനസികവിഭ്രാന്തിയുള്ള ജീവനക്കാരാണെന്ന് ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചു. കെഎസ്ആർടിസി ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റത്തിൽ എംഡി ബിജു പ്രഭാകർ മാപ്പു ചോദിച്ചു. ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്‌നം.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കോളജ് വിദ്യാർഥിനിയായ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കുന്നതു സംബന്ധിച്ച തർക്കത്തിനിടെ മകളുടെ മുന്നിൽവെച്ച് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ചത്. തടയാൻ ശ്രമിച്ച മകൾക്കും മർദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ് ആർ സുരേഷ് കുമാർ, കണ്ടക്ടർ എൻ അനിൽകുമാർ, അസിസ്റ്റന്റ് സി പി മിലൻ ഡോറിച്ച് എന്നിവരെ സസ്‌പെന്റ് ചെയ്തിരുന്നു. തിരുവനന്തപുരം കാട്ടാക്കടയിലെ കെഎസ്ആർടിസി ജീവനക്കാരാണ് ആമച്ചൽ സ്വദേശി സ്വദേശി പ്രേമനെ വളഞ്ഞിട്ട് മർദ്ദിച്ചത്. പഞ്ചായത്ത് ജീവനക്കാരനാണ് പ്രേമൻ.
മകൾക്ക് കൺസഷൻ നൽകാത്തതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തതിനാണ് ജീവനക്കാരുടെ മർദ്ദനം. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പ്രേമന്റെ മകൾ രണ്ടാം വർഷ ബിരുദ വിദ്യാർഥിയാണ്. മകളും മകളുടെ ഒരു സുഹൃത്തുമാണ് പ്രേമനൊപ്പം ഉണ്ടായിരുന്നത്. പാസ് തരണമെങ്കിൽ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് കൗണ്ടറിൽ ഇരുന്ന ജീവനക്കാരൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ നേരത്തെ തന്നെ അത് നൽകിയിട്ടുണ്ടെന്ന് പ്രേമൻ പറഞ്ഞു. വീണ്ടും കോഴ്സ് സർട്ടിഫിക്കറ്റ് നൽകാതെ പാസ് നൽകാൻ കഴിയില്ലെന്ന് ജീവനക്കാരൻ പറയുകയായിരുന്നു.ആളുകളെ എന്തിനാണ് ഇങ്ങനെ ബുദ്ധി മുട്ടിക്കുന്നതെന്നും കെഎസ്ആർടിസി ഇങ്ങനെയാകാൻ കാരണം ഇത്തരത്തിലുള്ള പ്രവർത്തിയാണെന്നും പറഞ്ഞു.
ഇതിൽ പ്രകോപിതരായ മൂന്ന് ജീവനക്കാരാണ് പ്രേമനെ മർദ്ദിച്ചത്. പ്രേമനെ വലിച്ചിഴച്ച് ഒരു റൂമിലേക്ക് കൊണ്ടുപോയി അവിടെവെച്ച് തല്ലി ചതയ്ക്കുകയും ആയിരുന്നു. തന്നെയും മർദ്ദിച്ചെന്ന് മകൾ വീഡിയോയിൽ പറയുന്നത് വ്യക്തമാണ്. അതേസമയം വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഗതാഗതമന്ത്രി ആൻ്റണി രാജു കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ഓഫീസിലെത്തി ബഹളം വച്ചയാളെ പോലീസിന് കൈമാറാൻ ശ്രമിക്കുക മാത്രമാണ് ജീവനക്കാർ ചെയ്തത് എന്നാണ് കെഎസ്ആർടിസി സ്റ്റേഷൻ മാസ്റ്ററുടെ വിശദീകരണം.പ്രേമൻ്റെ കോളറിൽ പിടിച്ച് കെഎസ്ആർടിസി ജീവനക്കാർ ഇയാളെ വലിച്ചിഴച്ച് കൊണ്ടു പോകുന്നത് പുറത്തു വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. മർദ്ദനത്തിൽ ക്ഷതമേറ്റ പ്രേമൻ ആശുപത്രിയിൽ എത്തി ചികിത്സ തേടി. പുറത്തു വന്ന ദൃശ്യങ്ങളിൽ കണ്ട സംഭവം ഒരു രീതിയിലും അംഗീകരിക്കാൻ പറ്റാത്തതാണെന്നും ഒറ്റപ്പെട്ട സംഭവമാണെങ്കിലും കർശനമായി തന്നെ വിഷയത്തിൽ ഇടപെടുമെന്നും ഗതാഗതമന്ത്രി ആൻ്റണി രാജു പറഞ്ഞു. പ്രേമൻ്റെ പരാതിയിൽ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന് കാട്ടാക്കട പോലീസ് അറിയിച്ചു.