അഭിരാമിയുടെ ആത്മഹത്യ; നടപടി ഉടനെന്ന് മന്ത്രി കെ എൻ ബാലഗോപാൽ! കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ മൃതദേഹം സംസ്കരിച്ചു. കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെയാണ് ശൂരനാട് സ്വദേശി അജികുമാറിൻ്റെ മകൾ അഭിരാമി ആത്മഹത്യ ചെയ്തത്. മൂന്നി മണിയോടെ വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് അഭിരാമിയുടെ മൃതദേഹം ശൂരനാട്ടെ വസതിയിലെത്തിച്ചത്. കഴിഞ്ഞ ദിവസം കേരള ബാങ്ക് അധികൃതർ ജപ്തി നടപടികളുടെ ഭാഗമായി വീട്ടിൽ നോട്ടീസ് പതിച്ചതിൽ മനംനൊന്താണ് അഭിരാമി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിൻ്റെ ആരോപണം. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും നടപടിക്രമങ്ങളിൽ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. സർക്കാർ നയത്തിന് വിരുദ്ധമായി ഉദ്യോഗസ്ഥർ പെരുമാറിയിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്ന് അഭിരാമിയുടെ വീട്ടിലെത്തിയ മന്ത്രി കെ എൻ ബാലഗോപാലും വ്യക്തമാക്കി.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയ അഭിരാമിയുടെ മൃതദേഹം കേരള ബാങ്കിൻ്റെ പതാരം ശാഖയ്ക്ക് മുന്നിൽ പൊതുദർശനത്തിന് വെച്ച് ബന്ധുക്കൾ പ്രതിഷേധിച്ചു. പിന്നീട് വീട്ടുവളപ്പിൽ സംസ്കാര ചടങ്ങുകൾ നടന്നു. കഴിഞ്ഞ ദിവസമാണ് കേരള ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ പതിനെട്ടുകാരി അഭിരാമി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിനെ ന്യായീകരിച്ച് ചെയർമാൻ. അഭിരാമിയുടെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണമെന്നും ജപ്തിയുടെ പേരിൽ തന്നെയാണോ കുട്ടി മരിച്ചതെന്ന് സ്ഥിരീകരിക്കേണ്ടതുണ്ടെന്നും കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പിഴവുണ്ടായോ എന്നതിൽ വിശദമായ പരിശോധന നടത്താൻ ഉദ്യോഗസ്ഥരെ നിയോഗിച്ചു കഴിഞ്ഞു. ജപ്തി ബോർഡ് സ്ഥാപിക്കുന്നതിൽ അനാവശ്യ ധൃതി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്കിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമക നിഗമനമെന്നും അദ്ദേഹം വ്യക്തമാക്കി. ജപ്തി നോട്ടീസ് വീടിന്റെ മുന്നിൽ പതിച്ചതാണ് മകൾ ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പിതാവ് അജികുമാർ പറഞ്ഞു.
ജപ്തി നോട്ടീസ് പതിച്ചതിൽ മകൾക്ക് മനോവിഷമം ഉണ്ടായിരുന്നു. ബോർഡ് മറച്ചുവയ്ക്കണമെന്ന് പറഞ്ഞതായും അജികുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നാലുവർഷം മുൻപാണ് വീട് പണിക്കായി അഭിരാമിയുടെ അച്ഛൻ അജികുമാർ കേരള ബാങ്കിൻറെ പാതാരം ശാഖയിൽ നിന്നും പതിനൊന്നര ലക്ഷം രൂപ വായ്പ എടുത്തത്.വായ്പ തിരിച്ചടവ് മുടങ്ങാൻ കാരണം കൊവിഡ് പ്രതിസന്ധിയാണെന്നാണ് അജികുമാർ പറയുന്നത്. കൊവിഡ് വന്നതോടെ അജികുമാറിന്റെ ജോലി നഷ്ടപ്പെട്ടിരുന്നു.