ചീരാലിൽ ഹർത്താൽ പൂർണം: ബഹുജന മാർച്ചിൽ അണിനിരന്നത് നിരവധി പേർ!

Divya John
 ചീരാലിൽ ഹർത്താൽ പൂർണം: ബഹുജന മാർച്ചിൽ അണിനിരന്നത് നിരവധി പേർ! ചീരാൽ മേഖലയിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. ഹർത്താലിന്റെ ഭാഗമായി സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ബഹുജനമാർച്ചിൽ നൂറുകണക്കിന് ആളുകളാണ് അണിനിരന്നത്. വയനാട് ചീരാലിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ചീരാൽ വില്ലേജിൽ നടത്തിയ ജനകീയ ഹർത്താൽ പൂർണം.ബഹുജനമാർച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ ഉദ്ഘാടനം ചെയ്തു. ജനകീയ സമര സമിതി ചെയർമാൻ കെ ആർ സാജൻ അധ്യക്ഷത വഹിച്ചു. കൺവീനർ എം എ സുരേഷ്, സി കെ ശശീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി അസൈനാർ, നെന്മേനി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റ്റിജി ചെറുതോട്ടിൽ, പി എം ജോയ്, കെ പി മധു, ടി മുഹമ്മദ്, അമൽ ജോയ്, വി ടി ബേബി സംസാരിച്ചു.





   ഇന്ന് രാവിലെ 9.30 ഓടെയാണ് ചീരാലിൽ നിന്നും ബഹുജന മാർച്ച് ആരംഭിച്ചത്. 'ഞങ്ങൾക്കും ഇവിടെ ജീവിക്കണം' എന്ന മുദ്രാവാക്യവുമായി സ്ത്രീകളും കുട്ടികളും വയോധികരുമടക്കം നൂറുകണക്കിന് ആളുകൾ പഴൂരിലെ ഫോറസ്റ്റ് സ്‌റ്റേഷനിലേക്കുള്ള മാർച്ചിലും ധർണയിലും അണിനിരന്നു. രണ്ട് കിലോ മീറ്റർ പിന്നിട്ട് മാർച്ച് പഴൂരിലെ ഫോറസ്റ്റ് സ്‌റ്റേഷന് സമീപത്തെത്തിയപ്പോൾ, റോഡിൽ പോലീസ് ബാരിക്കേട് തീർത്ത് സമരക്കാരെ തടഞ്ഞു. സുൽത്താൻ ബത്തേരി ഡിവൈഎസ്പി അബ്ദുൾ ഷെരീഫിന്റെ നേതൃത്വത്തിൽ സ്ഥലത്ത് വലിയ സുരക്ഷാ സന്നാഹമൊരുക്കിയിരുന്നു. കടുവയെ പിടികൂടുന്നതിനായി അഞ്ച് ദിവസം മുമ്പ് രണ്ട് കൂടുകൾ സ്ഥാപിച്ചെങ്കിലും കടുവയെ ഇതുവരെ കെണിയിലാക്കാനായിട്ടില്ല.






   നേരത്തെ കടുവയിറങ്ങി കന്നുകാലികളെ കൊലപ്പെടുത്തിയ മുണ്ടക്കൊല്ലിയിലെ കണ്ണാംപറമ്പിൽ ഡാനിയേലിൻ്റെയും, വല്ലൂരിലെ വിപിൻ്റെയും തോട്ടങ്ങളിലാണ് കൂടുകൾ സ്ഥാപിച്ചിട്ടുള്ളത്. ചീരാൽ, പഴൂർ, മുണ്ടക്കൊല്ലി ഭാഗങ്ങളിൽ കടുവാശല്യം രൂക്ഷമായി തുടരുകയാണ്.ഇതേതുടർന്ന് പ്രദേശത്ത് വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചിരുന്നെങ്കിലും കടുവയെ പിടികൂടാനായിട്ടില്ല. വളർത്തുമൃഗങ്ങള ആക്രമിച്ചിട്ടില്ലെങ്കിലും ഇന്നലെ രാത്രിയും പ്രദേശത്ത് കടുവയിറങ്ങിയതായി വനം വകുപ്പ് സ്ഥിരീകരിച്ചു. കടുവയെ പിടികൂടാൻ ഇനിയും വൈകിയാൽ വരും ദിവസങ്ങളിൽ സമരം ശക്തമാക്കാൻ ആണ് ജനകീയ സമിതിയുടെ തീരുമാനം.വളർത്തുമൃഗങ്ങൾക്കു നേരെ കടുവയുടെ ആക്രമണം പതിവായതോടെ വെള്ളിയാഴ്ച ജനങ്ങൾ തോട്ടാമൂല ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.

Find Out More:

Related Articles: