ബിജെപിക്കായി ഗുജറാത്തിൽപ്രചാരണത്തിനിറങ്ങി 'വിദേശ പൗരന്മാർ; ഞെട്ടിക്കുന്നുവെന്നു തൃണമൂൽ! വിദേശികൾ പ്രചാരണത്തിൻ്റെ ഭാഗമാകുന്ന വീഡിയോ ബിജെപി ഗുജറാത്ത് ഘടകം തന്നെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ഇതിനെതിരെ തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായിരിക്കുന്നത്.ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കായി വിദേശ പൗരന്മാർ പ്രചാരണത്തിനിറങ്ങിയത് വിവാദമാകുന്നു. ബിജെപി ഗുജറാത്ത് ഘടകമാണ് വിദേശ പൗരന്മാർ പ്രചാരണത്തിൽ പങ്കെടുക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്. ബിജെപിയുടെ ഷാൾ ധരിച്ചു നിൽക്കുന്ന ഇവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തുന്നതും വീഡിയോയിൽ കേൾക്കാം.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വിദേശ പൗരന്മാരുടെ പങ്കാളിത്തം 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെയും ഇന്ത്യയിലെ വിസ നിയമങ്ങളുടെയും ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സാകേത് ഗോഖലെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചത്. തെരഞ്ഞെടുപ്പ് നിയമങ്ങൾ പൂർണമായും ലംഘിച്ച് വിദേശികളെ ബിജെപി പ്രചാരണത്തിന് ഉപയോഗിക്കുന്നു. ഇത് ഗുരുതരമായ സംഭവമാണെന്നും നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചുവെന്നും സാകേത് ഗോഖലെ ട്വിറ്ററിൽ കുറിച്ചു. സംഭവം ഞെട്ടിക്കുന്നതാണെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ വക്താവ് സാകേത് ഗോഖലെ പ്രതികരിച്ചു. ബിജെപിയുടെ ഷാൾ ധരിച്ച് പ്രചാരണത്തിനിറങ്ങിയ വിദേശ പൗരന്മാർക്കെതിരെ ഉടൻ തന്നെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സാകേത് ഗോഖലെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
സീറ്റ് നിഷേധിച്ചതിനെ തുടർന്നു സ്വതന്ത്രരായി നാമനിർദേശ പത്രിക നൽകിയ നേതാക്കളെ ബിജെപി സസ്പെൻഡ് ചെയ്തു. 12 നേതാക്കളെയാണ് ബിജെപി ഇന്നലെ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച ഏഴ് വിമത നേതാക്കളെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് 12 നേതാക്കൾക്കെതിരെ കൂടി ബിജെപി നടപടി സ്വീകരിച്ചത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ആറുവർഷത്തേക്കാണ് നേതാക്കളെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.അതേസമയം ഗുജറാത്തിൽ വിമത ശബ്ദം ഉയർത്തുന്നവർക്കെതരെ ബിജെപി വീണ്ടും വാളെടുത്തു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനലാപ്പിലേക്ക് എത്തിയതോടെ ഗുജറാത്ത് ആവേശത്തിലാണ്.
ഭരണകക്ഷിയായ ബിജെപിക്കും പ്രതിപക്ഷമായ കോൺഗ്രസിനു പുറമേ ആം ആദ്മി പാർട്ടി കൂടി ശക്തമായ പ്രചാരണം കാഴ്ചവെച്ചു തുടങ്ങിയതോടെ ത്രികോണ പോരാട്ടമാണ് ഗുജറാത്തിൽ അരങ്ങേറുന്നത്. ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ പ്രചാരണ രംഗത്ത് സജീവമാകുമ്പോൾ കോൺഗ്രസ് രാഹുൽ ഗാന്ധിയെ എത്തിച്ചാണ് പ്രതിരോധം തീർക്കുന്നത്.