ഇന്ത്യൻ ഒളിംപിക്സ് അധ്യക്ഷ സ്‌ഥാനത്ത് ആദ്യ വനിത പിടി ഉഷ!

Divya John
 ഇന്ത്യൻ ഒളിംപിക്സ് അധ്യക്ഷ സ്‌ഥാനത്ത് ആദ്യ വനിത പിടി ഉഷ! നിലവിൽ രാജ്യസഭാംഗമായ പിടി ഉഷ രാജ്യത്ത് ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പട്ടിരിക്കുകയാണ്. ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു വനിത ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ഉയർത്തപ്പെടുന്നത്.ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടതോടെ പുതിയൊരു റെക്കോഡ് കൂടി പിടി ഉഷയുടെ പേരിലാകുകയാണ്. രണ്ടാഴ്ച മുൻപ് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന വിവരം ഉഷ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരുന്നു. മത്സരരംഗത്ത് എതിരില്ലാതെ വന്നതോടെ ഉഷ തന്നെയാകും അടുത്ത അധ്യക്ഷ എന്ന് ഉറപ്പായിരുന്നു. ഒടുവിൽ നടപടിക്രമങ്ങൾ പാലിച്ച് ഡിസംബർ 10ന് പ്രഖ്യാപനം നടത്തുകയായിരുന്നു.




  കേന്ദ്രസർക്കാരിൻ്റെ കൂടി ആശീർവാദത്തോടെയാണ് പിടി ഉഷ ഒളിംപിക്സ് അസോസിയേഷൻ പ്രസിഡൻ്റ് സ്ഥാനത്ത് എത്തുന്നത്.ഏറെക്കാലമായി ബിജെപി സഹയാത്രികയായ പിടി ഉഷ കഴിഞ്ഞ ജൂലൈയിലാണ് രാജ്യസഭാംഗമായി ചുമതലയേറ്റത്. രാഷ്ട്രപതിയുടെ നാമനിർദശപ്രകാരം രാജ്യസഭയിലെത്തിയ പിടി ഉഷ അന്ന് ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാവ്ച നടത്തുകയും ചെയ്തിരുന്നു. സംഘപരിവാറിനൊപ്പം നിൽക്കുന്നവർക്ക് സ്ഥാനമാനങ്ങൾ വാരിക്കോരി നൽകുന്ന സ്ഥിതിയാണെന്നായിരുന്നു അന്ന് സിപിഎം നേതാവ് എളമരം കരീം ആരോപിച്ചത്. മുൻപ് ഏഷ്യൻ അത്ലറ്റിക് ഫെഡറേഷൻ്റെയും ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷൻ്റെയും നിരീക്ഷക പദവികളിലും പിടി ഉഷ ഉണ്ടായിരുന്നു. ഒളിംപിക്സ് അസോസിയേഷൻ തലപ്പത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ പിടി ഉഷയ്ക്ക് അഭിനന്ദനവുമായി കേന്ദ്ര മന്ത്രി കിരൺ റിജ്ജുവും രംഗത്തെത്തിയിട്ടുണ്ട്.





  നാഷണൽ ഫെഡറേഷനുകളുടെയും അത്ലറ്റുകളുടെയും പിന്തുണയോടെയാണ് ഒളിംപിക്സ് അസോസിയേഷൻ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതെന്ന് പിടി ഉഷ നേരത്തെ വ്യക്തമാക്കിയിരുന്നു.ചെറുപ്പം മുതലേ പിടി ഉഷയ്ക്ക് സ്പ്രിൻ്റിങിൽ താത്പര്യമുമ്ടായിരുന്നെങ്കിലും കുടുംബത്തിലെ ദാരിദ്ര്യം സ്പോർട്സിൽ മികവ് തെളിയിക്കാൻ അനുവദിച്ചില്ല. എന്നാൽ കായികതാരങ്ങൾക്കുള്ള സർക്കാർ സ്കോളർഷിപ്പ് ലഭിച്ചതാണ് ഉഷയ്ക്ക് വഴിത്തിരിവായത്. 1977 അത്ലറ്റിക് കോച്ചായിരുന്ന ഒ എം നമ്പ്യാരാണ് അന്താരാഷ്ട്ര അത്ലറ്റാകാനുള്ള പിടി ഉഷയുടെ ശേഷി തിരിച്ചറിഞ്ഞത്. മെലിഞ്ഞ ശരീരവും നടക്കുന്ന രീതിയുമാണ് താൻ ശ്രദ്ധിച്ചതെന്നും പിടി ഉഷയ്ക്ക് സ്പ്രിൻ്റിങിൽ തിളങ്ങാൻ കഴിയുമെന്ന് താൻ അന്നേ കണക്കുകൂട്ടിയിരുന്നു എന്നും അദ്ദേഹം പിന്നീട് പറഞ്ഞു. ആ വർഷം തന്നെ അദ്ദേഹം ഉഷയെ പരിശീലിപ്പിക്കാൻ തുടങ്ങഉകയും ചെയ്തു. അന്തർസംസ്ഥാന മീറ്റിൽ ജൂനിയർ തലത്തിൽ ഉഷ ആറ് മെഡലുകളും നേടി. 1978ൽ കൊല്ലത്ത് വെച്ചു നടന്ന മത്സരത്തിൽ 100 മീറ്ററിലും 200 മീറ്ററിലും 60 മീറ്റർ ഹർഡിൽസിലും ഹൈ ജംപിലും പിടി ഉഷ സ്വർണം നേടി. സംസ്ഥാന കോളേജ് മീറ്റിൽ പിടി ഉഷ 14 മെഡലുകളും നേടി. 







  തുടർന്ന് 1979 നാഷണൽ ഗെയിംസിലും മറ്റ് അന്തർസംസ്ഥാന മത്സരങ്ങളിലും പല റെക്കോഡുകളും പിടി ഉഷ സ്വന്തമാക്കി. ലോസ് ആഞ്ചലസ് ഒളിംപിക്സിലടക്കം മത്സരിച്ച പിടി ഉഷ ആഗോളതലത്തിൽ ഏറ്റവുമധികം അറിയപ്പെടുന്ന ഇന്ത്യൻ അത്ലറ്റുകളിൽ ഒരാളാണ്. ഏഷ്യൻ ഗെയിംസിൽ 1983 മുതൽ 1994 വരെയുള്ള കാലത്ത് 23 അന്താരാഷ്ട്ര മെഡലുകളാണ് പിടി ഉഷ നേടിയത്. ഇതിൽ 14 സ്വർണവും ഉൾപ്പെടും. 400 മീറ്റർ ഓട്ടത്തിലും 400 മീറ്റർ ഹർഡിൽസിലും 4 ഗുണം 100 മീറ്റർ റിലേയിലും ഉഷ കഴിവു തെളിയിച്ചു. എന്നാൽ ലോസ് ആഞ്ചലസ് ഒളിംപിക്സിൽ തലനാരിഴയ്ക്ക് മെഡൽ നഷ്ടമായതാണ് പിടി ഉഷയുടെ കരിയറിലെ ഏറ്റവും വലിയ നഷ്ടമായി കണക്കാക്കുന്നത്. റൊമേനിയൻ താരം ക്രിസ്റ്റിയാന കൊജോകാരുവിനോട് ഹർഡിൽിസിൽ ഏറ്റുമുട്ടിയ പിടി ഉഷയ്ക്ക് സെക്കൻഡിൻ്റെ നൂറിലൊരംശത്തിനാണ് വെങ്കല മെഡൽ നഷ്ടമായത്.
കേരളത്തിൽ ന്യൂനപക്ഷ, മധ്യവർഗ വോട്ടുകൾ നേടാനുള്ള ബിജെപി പദ്ധതികളിൽ പിടി ഉഷയുടെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.

Find Out More:

Related Articles: