കെവി തോമസിൻറെ നിയമനം സിപിഎം- ബിജെപി ഇടനിലക്കാരനായെന്ന് വിഡി സതീശൻ! കേരളത്തിലെ സി പി എമ്മും കേന്ദ്രത്തിലെ ബി ജെ പിയും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ലെയ്‌സൺ ഓഫീസറായി കെ വി തോമസിനെ നിയമിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വിട്ട ശേഷം കെ.വി തോമസ് നടത്തിയ ബെംഗളുരു- ഡൽഹി യാത്രകൾ പരിശോധിച്ചാൽ അദ്ദേഹം നിരന്തരമായി സംഘപരിവാർ നേതാക്കളുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നെന്ന് വ്യക്തമാകുമെന്നും വി ഡി സതീശൻ ആരോപിച്ചു. കെ വി തോമസിനെ ഡൽഹിയിലെ കേരളത്തിൻറെ പ്രത്യേക പ്രതിനിധിയായി നിയമിക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.
ശമ്പളമോ സാമൂഹിക സുരക്ഷാ പെൻഷനോ നൽകാനാത്തത്രയും പരിതാപകരമായ ധനസ്ഥിതിയിലൂടെ സംസ്ഥാനം കടന്നു പോകുന്നതിനിടെ കോടികളുടെ ബാധ്യതയുണ്ടാക്കുന്ന കെ വി തോമസിന്റെ നിയമനം എന്തിന് വേണ്ടിയാണെന്ന് സർക്കാർ വ്യക്തമാക്കണെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ചെലവ് ചുരുക്കണമെന്ന സർക്കാരിൻറെ വാക്കുകളുടെ സന്ദേശം ഇതാണോയെന്നും അദ്ദേഹം ചോദിച്ചു.പല കാര്യങ്ങളും ഒത്തുതീർപ്പിലെത്തിക്കാനും അവിഹിതമായ ബന്ധങ്ങൾ നിലനിർത്താനുമുള്ള ഔദ്യോഗിക ഇടനിലക്കാരനായാണ് കെ വി തോമസിനെ നിയമിച്ചിരിക്കുന്നത്. കേരള ഹൗസിലും കൺട്രോളറുടെ നേതൃത്വത്തിലും പ്രത്യേക ഓഫീസുണ്ട്. ഇത് കൂടാതെ കേരള സർക്കാരിന് ഡൽഹിയിൽ നിയമ വിഭാഗവും ഇൻഫർമേഷൻ ഓഫീസും ടൂറിസം ഇൻഫർമേഷൻ ഓഫീസും നോർക്കയുടെ ഓഫീസും കെ എസ് ഇ ബി ഓഫീസുമുണ്ട്.
എന്നിട്ടും എന്തിന് വേണ്ടിയാണ് ഇങ്ങനെയൊരു നിയമനം നടത്തിയത്?നേരത്തെ മുൻ എം പി സമ്പത്തിനെ നിയമിച്ചപ്പോൾ സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക ബാധ്യത എല്ലാവർക്കും ഓർമ്മയുണ്ട്. സമ്പത്തിൽ നിന്നും എന്ത് പ്രയോജനമാണ് കേരളത്തിനുണ്ടായത്? യുവജന കമ്മിഷൻറെ ശമ്പളം മുൻകാല പ്രാബല്യത്തോടെ സർക്കാർ ഇരട്ടിയാക്കിയിട്ടും സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്ന സഹകരണ ബാങ്കുകളിലെ ഡി വൈ എഫ് ഐ പ്രവർത്തകർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ ശമ്പളം മുൻകാല പ്രാബല്യത്തോടെ വെട്ടിച്ചുരുക്കി. സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ കെ വി തോമസിൻറെ നിയമനത്തിലൂടെ സംസ്ഥാനത്തിന് അധിക സാമ്പത്തിക ബാധ്യതയാണ് സർക്കാർ വരുത്തി വച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
കെ വി തോമസിനെ സംസ്ഥാന സർക്കാരിൻറെ ന്യൂഡൽഹിയിലെ പ്രത്യേക പ്രതിനിധിയായാണ് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കാബിനറ്റ് പദവിയിലാണ് നിയമനം. ഡൽഹിയിൽ ഇപ്പോൾ തന്നെ ഓഫീസർ ഓൺ സ്‌പെഷൽ ഡ്യൂട്ടിയായി മുൻ ഐ എഫ് എസ് ഉദ്യോഗസ്ഥൻ വേണു രാജാമണിയുണ്ട്. റസിഡൻഷ്യൽ കമ്മിഷണറായി സൗരവ് ജെയ്ൻ എന്ന ഐ എ എസുകാരൻറെ നേതൃത്വത്തിൽ ഓഫീസും പ്രവർത്തിക്കുന്നുണ്ട്. കേരള ഹൗസിലും കൺട്രോളറുടെ നേതൃത്വത്തിലും പ്രത്യേക ഓഫീസുണ്ട്.