ആകാശ് തില്ലങ്കേരിക്കെതിരായ ആരോപണങ്ങൾ; പ്രതികരിക്കുന്നില്ലെന്ന് എംവി ഗോവിന്ദൻ!

Divya John
 ആകാശ് തില്ലങ്കേരിക്കെതിരായ ആരോപണങ്ങൾ; പ്രതികരിക്കുന്നില്ലെന്ന് എംവി ഗോവിന്ദൻ! കൊലപാതകം നടത്താനുള്ള ആഹ്വാനമൊന്നും പാർട്ടി നടത്തിയിട്ടില്ല. അത്തരം കാര്യങ്ങൾ ചെയ്യാൻ പാർട്ടിക്ക് മറ്റു സഹായങ്ങളൊന്നും വേണ്ട. ക്രിമിനൽ സംഘത്തിൻറെ ഭാഗമായവർക്കൊന്നും മറുപടിയില്ല. അതൊക്കെ പ്രാദേശികമായ കാര്യം മാത്രമായി എടുത്താൽ മതി. ആകാശ് തില്ലങ്കേരി വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രാദേശികമായുള്ള ഒരു ക്രിമിനൽ സംഘമാണിത്. അതേ കുറിച്ചു ഞാൻ പ്രതികരിക്കുന്നില്ലെന്ന് എംവി ഗോവിന്ദൻ തളിപ്പറമ്പിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. അതേസമയം സോഷ്യൽ മീഡിയയിലെ വിവാദങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് സിപിഎം കണ്ണൂർ ജില്ലാ നേതൃത്വം പാർട്ടി അണികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഫെബ്രുവരി 20ന് പാർട്ടി എം വി ഗോവിന്ദൻ നയിക്കുന്ന സംസ്ഥാന ജാഥ തുടങ്ങാനിരിക്കെ വിവാദങ്ങൾ ജനകീയ പ്രതിരോധ മുന്നേറ്റ യാത്രയുടെ ശോഭ കെടുത്തുമെന്ന ആശങ്കയിലാണ് നേതൃത്വം.



   ഷുഹൈബ് വധ കേസിൽ സി ബി ഐ അന്വേഷണം അവസാന വാക്കല്ല. കോൺഗ്രസിൻറെ രാഷ്ട്രീയ നിലപാടിനോട് സി പി എം യോജിക്കുന്നില്ല. സി ബി ഐ പോലുള്ള കേന്ദ്ര ഏജൻസികൾ കൂട്ടിലടച്ച തത്തയാണെന്ന് മനസിലാവുന്ന കാലമാണിത്. ജനകീയ പ്രതിരോധ മുന്നേറ്റ ജാഥയിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധമുയരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ പ്രതിയായ ആകാശ് തില്ലങ്കേരി മട്ടന്നൂർ കോടതിയിൽ കീഴടങ്ങി. മട്ടന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് വെള്ളിയാഴ്ച്ച വൈകുന്നേരം കീഴടങ്ങിയത്.  സ്ത്രീത്വത്തെ അവഹേളിച്ചുവെന്നു ചൂണ്ടിക്കാട്ടി മന്ത്രി എം ബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറിയും മട്ടന്നൂർ ബ്ലോക്ക് കമ്മിറ്റിയംഗവുമായ ശ്രീലക്ഷ്മി നൽകിയ പരാതിയിലാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്.




 ജാമ്യമില്ലാ കുറ്റമാണ് പോലീസ് ചുമത്തിയതെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. 
വെള്ളിയാഴ്ച്ച രാവിലെ മുതൽ ഒളിവിൽ കഴിയുകയായിരുന്ന ആകാശ് തില്ലങ്കേരി കീഴടങ്ങുമെന്ന അഭ്യൂഹമുണ്ടായിരുന്നു. വെള്ളിയാഴ്ച്ച വൈകുന്നേരം നാലുമണിയോടെയാണ് അഭിഭാഷകനൊപ്പം കോടതിയിൽ കീഴടങ്ങിയത്. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ആകാശിന്റെ സൃഹുത്തുക്കളും ഇതേ കേസിൽ പ്രതികളുമായ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരും മുഴക്കുന്ന് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. ഇവർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.



 ഡിവൈഎഫ്ഐ യോഗത്തിൽ ആകാശ് തില്ലങ്കേരിയുടെ ക്വട്ടേഷൻ ബന്ധത്തെ കുറിച്ചു പ്രസംഗിച്ചതിന് വനിതാ നേതാവിനെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തുകയും സ്ത്രീത്വത്തെ അവഹേളിക്കുന്ന വിധത്തിൽ കമന്റിടുകയും ചെയ്തുവെന്നാണ് മൂന്ന് പേർക്കുമെതിരെയുളള പരാതി. തില്ലങ്കേരി വഞ്ചേരിയിലെ ആകാശിന്റെ വീട്ടിൽ മുഴക്കുന്ന് പോലീസ് രണ്ടു തവണ തെരച്ചിൽ നടത്തിയെങ്കിലും ഒളിവിൽ പോയ ആകാശിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
 
 

Find Out More:

Related Articles: