മുഖ്യമന്ത്രിയുടെ ഔദാര്യത്തിന് വേണ്ടി വാലാട്ടി നിൽക്കുന്നവരല്ല പ്രതിപക്ഷമെന്ന് വിഡി സതീശൻ!

Divya John
 മുഖ്യമന്ത്രിയുടെ ഔദാര്യത്തിന് വേണ്ടി വാലാട്ടി നിൽക്കുന്നവരല്ല പ്രതിപക്ഷമെന്ന് വിഡി സതീശൻ!  നിയമസഭയിൽ ഇന്നലെയുണ്ടായ ദൗർഭാഗ്യകരമായ സംഭവങ്ങളിൽ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷം സർവകക്ഷി യോഗത്തിലും നിയമസഭയിലും ആവശ്യപ്പെട്ടത്. യാതൊരു പ്രകോപനവുമില്ലാതെയാണ് യുഡിഎഫ് എംഎംൽഎമാരെ സിപിഎം എംഎൽഎമാരും വാച്ച് ആൻഡ് വാർഡും മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫ് അംഗങ്ങളും മർദ്ദിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സർക്കാരിനും മന്ത്രി റിയാസിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.  കെ കെ രമയുടെ കൈയ്യൊടിഞ്ഞു. 51 വെട്ട് വെട്ടി കൊന്നിട്ടും ടി പിയുടെ കുടുംബത്തോടുള്ള വൈരാഗ്യം അവസാനിക്കാതെ അവരെ കാല് മടക്കി തൊഴിച്ച ഭരണപക്ഷ എംഎൽഎ സഭയിൽ ഇരിക്കുമ്പോൾ ഞങ്ങൾക്ക് എങ്ങനെയാണ് നിയമസഭയുമായി യോജിച്ച് പോകാനാകുന്നത്? വനിതാ എംഎൽഎയെ കാല് മടക്കി തൊഴിച്ച അമ്പലപ്പുഴ എംഎൽഎയ്ക്കും സച്ചിൻദേവ് എംഎൽഎയ്ക്കും എതിരെ നടപടിയെടുക്കണം. പ്രകോപനമുണ്ടാക്കിയ ഡെപ്യൂട്ടി ചീഫ് മാർഷലിനെതിരെയും നടപടി സ്വീകരിക്കണം.



ഐജിഎസ്ടി, കെഎസ്ആർടിസി, എറണാകുളത്തെ ലാത്തിച്ചാർജ്, പെൺകുട്ടിക്കെതിരായ ആക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒരു കാരണവും ഇല്ലാതെയാണ് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാനുള്ള അനുമതി നിഷേധിച്ചത്. സർക്കാർ നിലപാടിനൊപ്പം നിൽക്കുന്നു എന്നതാണ് സ്പീക്കറിനെതിരായ പ്രതിപക്ഷത്തിൻറെ പരാതി. ഒരു കാരണവശാലും ചർച്ച ഇല്ലെന്ന് മുഖ്യമന്ത്രിയാണ് തീരുമാനിച്ചിരിക്കുന്നത്. ഇനി അടിയന്തിര പ്രമേയം വേണമെങ്കിൽ മുഖ്യമന്ത്രി തീരുമാനിക്കും. അടിയന്തിര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷ അവകാശത്തിൽ കൈകടത്തിയുള്ള ഒരു ഒത്തുതീർപ്പും അനുവദിക്കില്ല. പിണറായി വിജയൻ മോദിക്ക് പഠിക്കുന്നുവെന്നാണ് നേരത്തെ എല്ലാവരും പറഞ്ഞിരുന്നത്. എന്നാലിപ്പോൾ മോദിക്കും മേലെ സ്റ്റാലിൻ ആകാനുള്ള ശ്രമമാണ് നടത്തുന്നത്. മുഖ്യമന്ത്രിക്ക് അസൗകര്യമില്ലാത്ത കാര്യങ്ങൾ മാത്രം അനുവദിക്കും.



അങ്ങനെയുള്ള ഔദാര്യം കൈപ്പറ്റാൻ വേണ്ടി മുഖ്യമന്ത്രിക്ക് മുന്നിൽ വാലാട്ടി നിൽക്കുന്ന പ്രതിപക്ഷമല്ല കേരളത്തിലുള്ളതെന്ന് ഓർമ്മിപ്പിക്കുന്നു.  പേപ്പർ ടേബിൾ ചെയ്യുന്നതിന് പകരം പ്രതിപക്ഷത്തിൻറെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്ന് പൊതുമരാമത്ത് മന്ത്രി പറഞ്ഞത് എന്ത് മര്യാദയാണ്? ഇന്നലെ അദ്ദേഹം പറഞ്ഞതിൽ ചില യാഥാർത്ഥ്യങ്ങളുണ്ട്. അത് അംഗീകരിക്കുന്നു. കേരളത്തിലെ പ്രതിപക്ഷ നേതാക്കൻമാരായിരുന്നവരുടെ പാരമ്പര്യമൊന്നും ഇല്ലെന്നു പറഞ്ഞത് സത്യമാണ്. പി.ടി ചാക്കോ മുതൽ രമേശ് ചെന്നിത്തല വരെയുള്ളവരുടെ ശ്രേണിയിൽപ്പെട്ട ഒരാളല്ല ഞാൻ. അവരെല്ലാം ഇരുന്ന കസേരയിലാണ് ഇരിക്കുന്നതെന്ന അഭിമാനമുണ്ട്. അവരൊന്നും പ്രവർത്തിക്കുന്ന രീതിയിലല്ല ഞാൻ പ്രവർത്തിക്കുന്നത്. ഞാൻ പക്ഷെ സ്‌പോൺസേർഡ് സീരിയലിൽ അല്ല പ്രവർത്തിക്കുന്നത്.
 സഭാ ടിവിയിൽ പ്രതിപക്ഷ പ്രതിഷേധം കാണിക്കില്ല, അടിയന്തിര പ്രമേയ ചർച്ച അനുവദിക്കില്ല എന്നതൊക്കെയുള്ളത് കേട്ടുകേൾവിയില്ലാത്തതാണ്.



ഭരണപക്ഷം പറയുന്ന അനുവദിക്കുന്ന അവസരങ്ങളിൽ മാത്രം പ്രതിപക്ഷം സംസാരിക്കണം എന്ന നിലയിലേക്ക് കേരള നിയമസഭയുടെ നിലവാരം, സഭാനാഥനായ മുഖ്യമന്ത്രി ഇടിച്ച് താഴ്ത്തുകയാണ്. അതിനോട് യോജിക്കാനാകില്ല. സഭാ ടിവിയുമായി സഹകരിക്കേണ്ടതില്ലെന്നതാണ് പ്രതിപക്ഷ തീരുമാനം. സഭാ ടിവിയുടെ ഉന്നതതല സമതിയിലുള്ള പ്രതിപക്ഷ എംഎൽഎമാരായ മോൻസ് ജോസഫ്, എം വിൻസെൻറ്, റോജി എം. ജോൺ, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ രാജിവയ്ക്കും. പാചകവാതക വിലക്കയറ്റത്തിനെതിരെയും മോദിയുടെ കേരളം പിടിക്കുമെന്ന പ്രസ്താവനയ്‌ക്കെതിരെയും ഒന്നും പറഞ്ഞില്ലെന്നതാണ് മറ്റൊരു ആരോപണം. മന്ത്രി വല്ലപ്പോഴുമൊക്കെ പത്രം വായിക്കുന്നത് നല്ലതാണ്. ലാവലിൻ കേസിലും സ്വർണക്കടത്ത്, ലൈഫ് മിഷൻ കോഴ കേസുകളിലും ബിജെപിയുമായി ഒത്തുതീർപ്പുണ്ടാക്കിയത് ആരാണെന്ന് എല്ലാവർക്കും അറിയാം.




ഇതിനൊക്കെ പകരമായാണ് ബിജെപി നേതാക്കൾ ഉൾപ്പെട്ടിട്ടുള്ള കൊടകര കുഴൽപ്പണ കേസ് ഒത്തുതീർപ്പാക്കിയത്. സ്വപ്‌ന സുരേഷ് വന്ന് കുടുംബാംഗങ്ങളെ മുഴുവൻ ആക്ഷേപിച്ചിട്ടും ഒരു നോട്ടീസ് പോലും അയ്ക്കാത്ത ആളിൻറെ നട്ടെല്ലാണോ വാഴപ്പിണ്ടിയും വാഴനാരുമെന്നാണ് ആലോചിക്കേണ്ടത്. ഞാൻ ജയിലിൽ കിടന്നില്ലെന്നൊക്കെയാണ് പറയുന്നത്. എംഎൽഎയായി കാൽ നൂറ്റാണ്ടോളം ആകുകയാണെങ്കിലും അദ്ദേഹത്തിൻറെ അത്രയും ഭാഗ്യം എനിക്കില്ല. ആദ്യം എംഎൽഎ ആയപ്പോൾ തന്നെ മന്ത്രിയാകാനുള്ള ഭാഗ്യം കിട്ടിയിട്ടില്ല. പരിണിതപ്രജ്ഞരായ ആളുകൾ നിരവധിയുള്ളപ്പോൾ പെട്ടന്ന് മന്ത്രിയാകാനുള്ള ഭാഗ്യം കിട്ടിയതിൻറെ പരിഭ്രമം കൊണ്ടാകാം അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത്.

Find Out More:

Related Articles: