ഓറഞ്ച് നിറത്തിൽ വന്ദേ ഭാരത്; ഒപ്പം 25 സവിശേഷതകളും! നിലവിലെ വെള്ള - നീല കോംബിനേഷന് പകരം ഓറഞ്ച് - ഗ്രേ നിറത്തിലുള്ള വന്ദേ ഭാരത് ട്രെയിനാണ് ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയിരിക്കുന്നത്. ചെന്നൈയിലെ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച ട്രെയിൻ രാജ്യത്തെ 31ാമത്തെ വന്ദേ ഭാരതാണ്. ഉടൻ തന്നെ ഈ ട്രെയിൻ ട്രാക്കിലിറങ്ങും. അടുത്തിടെ കോച്ച് ഫാക്ടറിയിൽ എത്തിയ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നിർമ്മാണത്തിലിരിക്കുന്ന ഓറഞ്ച് നിറത്തിലുള്ള വന്ദേ ഭാരതിന് സമീപം നിൽക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ പരീക്ഷണാടിസ്ഥാനത്തിൽ ട്രാക്കിലിറക്കുന്ന ഓറഞ്ച് വന്ദേ ഭാരതിൻറെ ചിത്രങ്ങൾ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടിരിക്കുകയാണ്. പുത്തൻ നിറത്തിൽ ട്രാക്കിലെത്തുന്ന വന്ദേ ഭാരതിൻറെ ചിത്രങ്ങൾ പുറത്ത്. 8 കോച്ചുകളുള്ള എസി ചെയർ കാർ ട്രെയിനിൽ, യാത്രക്കാരിൽ നിന്ന് ലഭിക്കുന്ന ഫീഡ്‌ബാക്കിന് അനുസൃതമായി മെച്ചപ്പെട്ട സുരക്ഷാ സവിശേഷതകൾ ഒരുക്കിയിട്ടുണ്ട്.
സീറ്റുകൾ കൂടുതൽ പിന്നിലേക്ക് ചായിക്കാനുള്ള സൗകര്യം, മെച്ചപ്പെട്ട കുഷ്യനുകൾ, എക്‌സിക്യൂട്ടീവ് ചെയർ കാറിലെ ഫൂട്ട് റെസ്റ്റിൻറെ നീളം, നീല നിറത്തിലുള്ള സീറ്റുകൾ, ടോയ്‌ലറ്റുകളിൽ വെള്ളം തെറിക്കുന്നത് ഒഴിവാക്കാൻ വാഷ് ബേസിനിൽ വരുത്തിയ മാറ്റങ്ങൾ, മെച്ചപ്പെട്ട മൊബൈൽ ചാർജിംഗ് പോയിൻറുകൾ തുടങ്ങിയ 25 സവിശേഷതകളാണ് പുതിയ ട്രെയിനിലുള്ളത്. പരീക്ഷണമെന്നോണമാണ് പുതിയ കളർ തീമിൽ ഐസിഎഫ് ട്രെയിൻ പുറത്തിറക്കുന്നത്. ഓറഞ്ച് - ഗ്രേ നിറത്തിലുള്ള വന്ദേ ഭാരതിൻറെ ഒരു റേക്ക് മാത്രമേ തുടക്കത്തിൽ നിർമ്മിക്കുന്നുള്ളൂ. പുതിയ ട്രെയിനിൻറെ പുറംഭാഗത്തെ കളറിൽ വ്യത്യാസമുണ്ടെങ്കിലും വന്ദേ ഭാരതിൻറെ അകത്തെ കാഴ്ചകളിലൊന്നും വലിയ മാറ്റങ്ങൾ വരുത്തിയിട്ടില്ല. അതേസമയം വന്ദേ ഭാരതിൻറെ പുതിയ ബാച്ചിൽ വരുത്തിയിട്ടുള്ള 25 സവിശേഷതകൾ ഓറഞ്ച് കളർ ട്രെയിനിലുമുണ്ട്.അതേസമയം പുത്തൻ വന്ദേ ഭാരത് ഏത് റൂട്ടിലാകും ഓടിക്കുകയെന്നതിൽ ഇതുവരെയും റെയിൽവേ ഒരു വിശദീകരണവും നൽകിയിട്ടില്ല.
ഈ മാസം തന്നെ നിരവധി സംസ്ഥാനങ്ങൾ പുത്തൻ ട്രെയിനുകൾ നിരത്തിലിറങ്ങാനുണ്ട്. നിലവിൽ 25 റൂട്ടികളിലായി 50 വന്ദേ ഭാരത് സർവീസുകളാണ് രാജ്യത്ത് ഇന്ത്യൻ റെയിൽവേ നടത്തുന്നത്. ഇരുവശത്തേക്കുമുള്ള സർവീസ് ഉൾപ്പെടെയാണിത്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമ്മാണവും ഇൻറഗ്രൽ കോച്ച് ഫാക്ടറിയിൽ പുരോഗമിക്കുകയാണ്. വീൽചെയറുകൾക്ക് ഫിക്സിങ് പോയിൻറുകൾ, എളുപ്പത്തിൽ ഉപയോഗിക്കുന്നതിന് റെസിസ്റ്റീവ് ടച്ചിൽ നിന്ന് കപ്പാസിറ്റിവ് ടച്ചിലേക്ക് റീഡിങ് ലാമ്പിൻറെ മാറ്റം, മെച്ചപ്പെട്ട റോളർ ബ്ലൈൻഡ്, ടോയ്‌ലറ്റുകളിലെ ലൈറ്റുകൾ 1.5 വാട്ടിൽ നിന്ന് 2.5 വാട്ടായി ഉയർത്തി, വാട്ടർ ടാപ്പുകളിൽ എയറേർ, അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള ഹാമർ ബോക്സ് കവറിലെ മാറ്റങ്ങൾ തുടങ്ങിയവയാണ് പുത്തൻ വന്ദേ ഭാരതിൽ യാത്രക്കാർക്കായി വരുത്തിയിരിക്കുന്ന മാറ്റങ്ങൾ.
എയർ കണ്ടീഷനിങ് ഗുണനിലവാരം ഉയർത്തുന്നതിനുവേണ്ടി പാനലുകളുടെ ഇൻസുലേഷൻ പുത്തൻ വന്ദേ ഭാരതിൽ മികവുറ്റതാക്കിയിട്ടുണ്ട്. തീപിടിത്തം തിരിച്ചറിയാനും അണയ്ക്കാനുമുള്ള സംവിധാനത്തിൻറെ ഗുണനിലവാരവും കൂട്ടിയിട്ടുണ്ട്. നിലവിലെ വന്ദേ ഭാരത് ട്രെയിനിൽ സീറ്റുകളിൽചുവപ്പു നിറമാണ് നൽകിയിരുന്നതെങ്കിൽ ഓറഞ്ച് റേക്കിൽ ഇറങ്ങുന്ന സെമി ഹൈസ്പീഡ് ട്രെയിനിൽ അത് നിറം നീലയായി മാറും.