ചരിത്രം കുറിച്ച് ചന്ദ്രയാൻ 3 വിജയ പദത്തിൽ!

Divya John
ചരിത്രം കുറിച്ച് ചന്ദ്രയാൻ 3 വിജയ പദത്തിൽ! ദക്ഷിണ ധ്രുവത്തിൽ ആദ്യമായി ലാൻഡ് ചെയ്തുകൊണ്ട് ചന്ദ്രയാൻ 3 പുതിയ ചരിത്രം രചിക്കുമ്പോൾ അഭിമാനത്തോടെ കേരളവും ഈ ദൗത്യത്തിൽ പങ്കാളികളാകുകയാണെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള 6 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20ഓളം സ്വകാര്യസ്ഥാപനങ്ങളുമാണ് വിജയകരമായി ലാൻഡ് ചെയ്തിരിക്കുന്ന ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ഐഎസ്ആർഒയുടെ മൂന്നാമത്തെ ചന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ൻ്റെ സോഫ്റ്റ് ലാൻഡിങ് വിജയകരമായതോടെ ഇന്ത്യയെ അഭിനന്ദിച്ച് ലോകരാജ്യങ്ങൾ രംഗത്തുവന്നു. ഇതുവരെ ഒരു രാജ്യത്തിൻ്റെയും ചന്ദ്ര ദൗത്യവും കടന്നു ചെന്നിട്ടില്ലാത്ത ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 വിജയകരമായി ലാൻഡ് ചെയ്തത്. അഭിമാനകരമായ ഈ നേട്ടത്തിൽ കേരളത്തിനും നിർണായക പങ്കുണ്ടെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ലോകത്തിന് മുന്നിൽ ഇന്ത്യ അഭിമാനത്തോടെ നിൽക്കുമ്പോൾ, കേരളത്തിനും ഈ ദൗത്യത്തിൽ പങ്കാളികളായതിൽ അഭിമാനിക്കാം.



വിജയകരമായ ലാൻഡിങ് സാധ്യമാക്കിയ എല്ലാ ശാസ്ത്രജ്ഞരേയും മറ്റ് ജീവനക്കാരെയും അഭിനന്ദിക്കുന്നു. രാജ്യത്തിന്റെ സന്തോഷത്തിൽ പങ്കുചേരുന്നുവെന്ന് കുറിപ്പിലൂടെ മന്ത്രി പറഞ്ഞു. ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചന്ദ്രയാൻ 3 ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിങ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചന്ദ്രന് ചുറ്റും ഒരു മാസത്തിലേറെ നീണ്ട ഭ്രമണത്തിന് ശേഷമാണ് ഇന്ന് ചാന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡ് ചെയ്തത്. ഇതോടെ രാജ്യത്തിന്റെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യം അതിന്റെ പ്രധാനപ്പെട്ട ആദ്യ കടമ്പ കടന്നിരിക്കുകയാണ്. 2019ൽ ചന്ദ്രയാൻ 2 ദൗത്യത്തിനുണ്ടായ അവസാന ഘട്ട തിരിച്ചടിയിൽ നിന്നുള്ള തിരിച്ചറിവുകൾ ഉപയോഗപ്പെടുത്തിയാണ് ഇന്ന് ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കിയത്. നിശ്ചയിച്ച സ്ഥലത്തേക്ക് ലാൻഡർ മൊഡ്യൂൾ കൃത്യമായ കണക്കുകൂട്ടലുകളിലൂടെ ലാൻഡ് ചെയ്യിപ്പിച്ചു. മുൻ പരീക്ഷണങ്ങളിൽ നിന്നുള്ള അനുഭവങ്ങളും തിരിച്ചറിവുകളും ഉപയോഗപ്പെടുത്തിയാണ് ശാസ്ത്ര ഗവേഷണ രംഗത്ത് വലിയ മുന്നേറ്റങ്ങൾ സാധ്യമാവുന്നത്.



ചന്ദ്രയാൻ 3 അതിനൊരു വലിയ ദൃഷ്ടാന്തമാണ്. ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണ, പര്യവേക്ഷണങ്ങൾക്ക് വലിയ ഊർജ്ജം പകരുന്നതാണ് ചന്ദ്രയാൻ 3 ന്റെ ഈ നേട്ടം. ഉന്നതമായ ശാസ്ത്രബോധമുള്ള ഒരു സമൂഹത്തിന് മാത്രമേ സർവ്വതല സ്പർശിയായ പുരോഗതി സാധ്യമാവുകയുള്ളു. ഈ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാകട്ടെ ചന്ദ്രയാൻ 3. ഈ നേട്ടത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഐഎസ്ആർഒ. ചെയർമാൻ ഡോ. എസ്‌ സോമനാഥ്‌ ഉൾപ്പെടെ ഒരുകൂട്ടം മലയാളികളും ഇതിന് പിന്നിലുണ്ടെന്നത് ലോകത്തുള്ള എല്ലാ കേരളീയർക്കും ഏറെ അഭിമാനകരമായ കാര്യമാണ്. ബഹിരാകാശ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഐഎസ്ആർഒയ്ക്ക് കഴിയട്ടെ  എന്ന് ആശംസിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.



കെൽട്രോൺ, കെഎംഎംഎൽ, എസ്ഐഎഫ്.എൽ, ടിസിസി, കെഎഎൽ, സിഡ്കോ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും എയ്റോപ്രിസിഷൻ, ബിഎടിഎൽ, കോർട്ടാൻ, കണ്ണൻ ഇൻ്റസ്ട്രീസ്, ഹിൻ്റാൽകോ, പെർഫെക്റ്റ് മെറ്റൽ ഫിനിഷേഴ്സ്, കാർത്തിക സർഫസ് ട്രീറ്റ്മെൻ്റ്, ജോജോ ഇൻ്റസ്ട്രീസ്, വജ്ര റബ്ബർ, ആനന്ദ് ടെക്നോളജീസ്, സിവാസു, റെയെൻ ഇൻ്റർനാഷണൽ, ജോസിത് എയർസ്പേസ്, പി.എം.എസ് തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങളിൽ നിന്നും നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങൾ ചന്ദ്രയാൻ 3 ദൗത്യത്തിൽ ഉപയോഗിച്ചിരിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.

Find Out More:

Related Articles: