ഇന്ത്യ മുന്നണിയെ ഒറ്റുകൊടുത്ത പിണറായി കോൺഗ്രസിനെ ഉപദേശിക്കേണ്ടെന്ന് വിടി സതീശൻ!
ഒന്നും നടക്കാത്തതു കൊണ്ടാണ് പരാതികളുടെ എണ്ണം കൂടുന്നത്. ആണ്ടി വലിയ അടിക്കാരനാണെന്ന് ആണ്ടി തന്നെ പറയുന്നതു പോലെയാണ് മുഖ്യമന്ത്രി തന്നെ നവകേരള സദസ്സ് ഗംഭീരമാണെന്ന് പറയുന്നത്. നവകേരള സദസ്സ് വലിയ സംഭവം ആയിരുന്നോയെന്ന് പറയേണ്ടത് ജനങ്ങളാണ്. അല്ലാതെ മുഖ്യമന്ത്രിയല്ല പറയേണ്ടത്. പാവങ്ങളെ ആട്ടിത്തെളിച്ചാണ് കൊണ്ടു പോകുന്നത്. കുട്ടികളെ പങ്കെടുപ്പിക്കുന്നതും സ്‌കൂൾ ബസുകൾ ഉപയോഗിക്കുന്നതും വിലക്കിയത് ഉൾപ്പെടെ നാല് ഉത്തരവുകളാണ് കോടതികളിൽ നിന്നുണ്ടായിരിക്കുന്നത്. പഞ്ചായത്തുകളിൽ നിന്നും പണം പിരിക്കാൻ സർക്കാരിന് അധികാരമില്ലെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്. മന്ത്രിയുടെ ഓഫീസിൽ നിന്നും ഭീഷണിപ്പെടുത്തിയാണ് പറവൂർ മുൻസിപ്പൽ സെക്രട്ടറി പണം നൽകിയത്. ഇപ്പോൾ സെക്രട്ടറിയുടെ കയ്യിൽ നിന്നും പണം പോയി. മന്ത്രി രാജേഷിൻറെ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് കോടതി റദ്ദാക്കി കോടതിയും പിരിഞ്ഞ ശേഷം ഞായറാഴ്ചയാണ് മന്ത്രി വാദം പറയാൻ എത്തിയിരിക്കുന്നത്.
മഹാരാജാവ് എഴുന്നള്ളുമ്പോൾ മതിലുകളും കെട്ടിടങ്ങളുമൊക്കെ പൊളിഞ്ഞുവീഴും. കുട്ടികളെ വെയിലത്ത് നിർത്തിയിട്ടാണ് അവർ അവേശം കൊണ്ടാണ് വന്നതെന്ന് പറയുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേരളം സാമ്പത്തികമായി തകർന്ന് തരിപ്പണമായിരിക്കുന്ന കാലത്ത് തിരുവനന്തപുരത്ത് ഇരുന്ന് ഭരണം നടത്തി പ്രതിസന്ധി പരിഹരിക്കുന്നതിന് പകരം മന്ത്രിമാരെയും കൂട്ടി 44 ദിവസം ടൂർ പോകുന്ന പരിപാടിയെ അശ്ലീലനാടകം എന്നല്ലാതെ എന്താണ് പറയേണ്ടത്. അശ്ലീലം എന്ന വാക്കിൻറെ അർഥം അറിയില്ലെങ്കിൽ മുഖ്യമന്ത്രി മീഡിയ അഡൈ്വസറായ പ്രഭാവർമയോട് ചോദിച്ചാൽ മതി. കേന്ദ്ര ഏജൻസികൾ കേരളത്തിൽ നടത്തിയ എല്ലാ അന്വേഷണവും ഒരു ദിവസം മടക്കിക്കെട്ടി.