സാൻ ഫെർണാൻഡോയ്ക്ക് വിഴിഞ്ഞത്ത് വാൻ സ്വീകരണം! രാവിലെ 10-നാണ് തുറമുഖത്തു വെച്ച് സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളും സന്നിഹിതരായിരിന്നു ഈ പരിപാടിയിൽ. സർബാനന്ദ സോനോവാളാണ് മുഖ്യാതിഥി. ചരക്കുകപ്പലിന് ഔദ്യോഗിക സ്വീകരണം നൽകിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മന്ത്രി വിഎൻ വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഞ്ചു സംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ തുടങ്ങിയവർ ചടങ്ങിലുണ്ടായിരുന്നു. അദാനി ഗ്രൂപ്പ് ഡയറക്ടർ കരൺ അദാനിയും പങ്കെടുത്തു. അതെസമയം തന്നെ പരിപാടിയിലേക്ക് ക്ഷണിക്കാഞ്ഞതിനെ ഇടുങ്ങിയ രാഷ്ട്രീയ കാഴ്ചപ്പാട് എന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തി.
"ഈ സന്തോഷത്തിനിടയിലും ഇടുങ്ങിയ രാഷ്ട്രീയ കാഴ്ച്ചപ്പാടുകൾ സർക്കാർ വച്ചുപുലർത്തുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവിനെ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് വലിയ തെറ്റാണ്. സർക്കാരിന്റെ ഇത്തരം ചടങ്ങുകളിൽ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കുക എന്നത് ഒരു കീഴ്‌വഴക്കമാണ്, മര്യാദയാണ്. ഈ നടപടി പ്രതിഷേധാർഹമാണ്. 4000 കോടി രൂപയുടെ പദ്ധതിക്ക് 6000 കോടി രൂപയുടെ അഴിമതി ആരോപിച്ച് അതിന്റെ ജൂഡീഷ്യൽ കമ്മീഷനെ വെച്ച ഉമ്മൻ ചാണ്ടിയെ വേട്ടയാടിയത് ആരും മറക്കില്ല. കേരളത്തിന്റെ വളർച്ചയ്ക്കും തിരുവനന്തപുരത്തിന്റെ പുരോഗതിക്കും ഏറെ പ്രയോജനകമായ പദ്ധതിയാണ് വിഴിഞ്ഞം. പദ്ധതി ആരംഭിക്കുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് കൊടുത്ത ഉറപ്പുകൾ പാലിക്കാതെ വന്നപ്പോഴാണ് അവവർ സമര രംഗത്തേക്ക് വന്നത്, അവരുടെ ന്യായമായ ആവശ്യങ്ങൾക്ക് ഒപ്പം ഞങ്ങൾ കൂടെയുണ്ടാകും," അദ്ദേഹം പറഞ്ഞു.
കാരണം പദ്ധതിക്ക് തുടക്കം കുറിച്ചത് യുഡിഎഫാണെന്ന വാദം പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. കെ കരുണാകരന്റെ കാലത്താണ് ഈ ആശയം രൂപപ്പെടുന്നത് അന്ന് എംവി രാഘവൻ തുറമുഖ വകുപ്പ് മന്ത്രി കൂടിയായിരിക്കുമ്പോഴാണ് ഇതിന്റെ തുടക്കം കുറിച്ചത്. പിന്നിടു വന്ന ഗവൺമെന്റുകൾ ഇതിനായി ശ്രമം നടത്തിയെങ്കിലും പദ്ധതിക്ക് ഒരു എഗ്രിമെന്റ് വെച്ച് പ്രവർത്തനം തുടങ്ങിയത് ഉമ്മൻ ചാണ്ടിയുടെ കാലത്താണ്. ഇതിന്റെ പേരിൽ വലിയ എതിർപ്പുകൾ അദ്ദേഹത്തിനു നേരിടേണ്ടി വന്നു നാലായിരം കോടി രൂപയുടെ പദ്ധതിക്ക് 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചയാളാണ് ഇന്നത്തെ മുഖ്യമന്ത്രിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പൂർണതോതിൽ ചരക്കുനീക്കം നടക്കുന്നതരത്തിലുള്ള ട്രയൽ റൺ ഇന്നലെ തുടങ്ങി.
ഇതോടെ മദർഷിപ്പിലെത്തുന്ന കണ്ടെയ്നറുകൾ തുറമുഖ യാർഡിലേക്ക് ഇറക്കിവെക്കുകയാണ് ആദ്യം ചെയ്യുക. പിന്നീട് ഈ കണ്ടയ്നറുകൾ ചെറിയ കപ്പലുകളെത്തിച്ച് അവയിലേക്ക് കയറ്റി ട്രാൻസ്ഷിപ്മെന്റ് ആരംഭിക്കും.
ചൈനയിൽ നിന്നെത്തിച്ചവയാണ് കപ്പലിലുള്ള കണ്ടെയ്നറുകൾ. ഇവ അടുത്ത ദിവസങ്ങളിൽ തുറമുഖത്തെത്തുന്ന ചെറിയകപ്പലുകളിൽ മുംബൈ, കൊൽക്കത്ത എന്നിവിടങ്ങളിലേയ്ക്ക് കൊണ്ടുപോകും. ട്രയൽ റണ്ണിന്റെ ഭാഗമായി സെപ്റ്റംബർ വരെ തുടർച്ചയായി ചരക്കുകപ്പലുകൾ എത്തും. മൂന്നുമാസത്തിനുള്ളിൽ തുറമുഖത്തിന്റെ വാണിജ്യപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടക്കും. ചടങ്ങിലേക്ക് പ്രതിപക്ഷനേതാവ് വി.ഡി സതീശനെ കുടാതെ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കും ക്ഷണമില്ല. പേര് നോട്ടീസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഔദ്യോഗികമായി ക്ഷണിക്കാത്തതിനാൽ ചടങ്ങിൽ പങ്കെടുക്കേണ്ടന്ന നിലപാടിലായിരുന്നു ആർച്ച് ബിഷപ്പ്.