വയനാട് ഉരുൾപൊട്ടൽ: തിരച്ചിൽ നടത്തുന്നത് 1174 സേനാംഗങ്ങൾ!

frame വയനാട് ഉരുൾപൊട്ടൽ: തിരച്ചിൽ നടത്തുന്നത് 1174 സേനാംഗങ്ങൾ!

Divya John
 വയനാട് ഉരുൾപൊട്ടൽ: തിരച്ചിൽ നടത്തുന്നത് 1174 സേനാംഗങ്ങൾ! ഉരുൾപൊട്ടലിൻറെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം മുതൽ ഉരുൾജലപ്രവാഹത്തിൻറെ വഴികളിലൂടെയുള്ള ഊർജിതമായ തിരച്ചിലും നിരീക്ഷണവും തുടരുകയാണ്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഭാഗത്തും സൂചിപ്പാറ വെള്ളച്ചാട്ടം മുതൽ പോത്തുകല്ല്, നിലമ്പൂർ വരെ ചാലിയാർ കേന്ദ്രീകരിച്ചുമാണ് ഇന്ന് തെരച്ചിൽ നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശത്തുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താൻ സാധ്യതകളൊന്നും ബാക്കിനിർത്താതെയുള്ള തിരച്ചിലാണ് ഇതുവരെയും നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിൽനിന്ന് അഞ്ചും നിലമ്പൂരിൽനിന്ന് ഒരു മൃതദേഹവുമാണ് ലഭിച്ചത്. തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും 154 ശരീര ഭാഗങ്ങളും പുത്തുമലയിൽ ഹാരിസൺ മലയാളം ലിമിറ്റഡ് പ്ലാൻറേഷനിലെ ശ്മശാനത്തിൽ സർവ്വമത പ്രാർഥനയോടെ സംസ്കരിച്ചു.



  വയനാട്ടിൽനിന്നു 150 ഉം നിലമ്പൂരിൽനിന്ന് 76 മൃതദേഹങ്ങളാണ് ഇതുവരെ രക്ഷാപ്രവർത്തകർ കണ്ടെടുത്തത്. വയനാട്ടിൽനിന്ന് 24, നിലമ്പൂരിൽനിന്ന് 157 ഉൾപ്പെടെ 181 ശരീര ഭാഗങ്ങളും ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. മൃതദേഹങ്ങളും ശരീരഭാഗങ്ങളും മറവ് ചെയ്യുന്നതിന് കൂടുതൽ സ്ഥലം ദുരന്ത നിവാരണ നിയമ പ്രകാരം ഏറ്റെടുക്കാൻ വയനാട് ജില്ലാ കളക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. 154 പേരെ കാണാതായി എന്നാണ് കണക്ക്. 88 പേർ ഇപ്പോഴും ആശുപത്രികളിലാണ്. ചൂരൽ മല ഭാഗത്ത് 9 ക്യാമ്പുകളിലായി 1381 പേർ കഴിയുന്നുവെന്നും മുഖ്യമന്ത്രി വിശദമാക്കി. തിങ്കളാഴ്ചത്തെ തിരച്ചിലിൽ ആറ് മൃതദേഹങ്ങൾ ലഭിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ സ്ഥിരീകരിച്ച സംഖ്യ 224ലെത്തി. ചാലിയാർ നദിയുടെ ഇരുകരകളിലും, വനമേഖലയിലും തിരച്ചിലും, രക്ഷാ പ്രവർത്തനങ്ങളും ശക്തമാക്കാനും ഇന്ത്യൻ നേവി, ഇന്ത്യൻകോസ്റ്റ് ഗാർഡ് എന്നിവരുമായി എത്രയും പെട്ടെന്ന് ചർച്ച ചെയ്ത് മൃതദേഹങ്ങൾ കടലിൽ ഒഴുകിയെത്തിയിട്ടുണ്ടോയെന്ന് നിരീക്ഷിക്കാനും തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ ഉപസമിതി യോഗം നിർദേശം നൽകിയിട്ടുണ്ട്.



  തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധന നടത്തി ഐഡൻറിറ്റി സ്ഥിരീകരിക്കുന്ന നടപടികൾ ത്വരിതപ്പെടുത്തുകയാണ്. പുതിയ ക്രിമിനൽ നിയമ സംഹിതയുടെ വെളിച്ചത്തിൽ ഡിഎൻഎ പരിശോധന സ്വകാര്യ ലാബുകളിലും ചെയ്യാനാകുമോ എന്ന് പരിശോധിക്കും. ഉരുൾപൊട്ടലിൽ അകപ്പെട്ടവരെ സ്കൂൾ ക്യാമ്പുകളിൽ നിന്ന് മാറ്റി താമസിപ്പിക്കേണ്ടതുണ്ട്. ഇങ്ങനെ മാറ്റുമ്പോൾ ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും. വെള്ളപ്പൊക്കത്തിൻറെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുണ്ട്. വെള്ളവും ചെളിയും ഇറങ്ങിയാൽ താമസയോഗ്യമാക്കാനാകുന്ന വീടുകളുണ്ട്.



  അങ്ങനെ സുരക്ഷിതമായ വീടുകളുള്ള ആളുകളെ വെള്ളമിറങ്ങിയാൽ ശുചീകരണത്തിന് ശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കും.
ദുരന്തബാധിത മേഖലകളിലെ വീടുകളിൽനിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി വീണ്ടെടുക്കാൻ സാധിക്കുമെങ്കിൽ പോലീസിൻറെ സാന്നിധ്യത്തിൽ ഇതിന് അവസരം ഒരുക്കും. ക്യാമ്പുകളിൽ കഴിയുന്നവർക്കും, തിരച്ചിലിലും, രക്ഷാപ്രവർത്തനത്തിലും ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്കും, സന്നദ്ധപ്രവർത്തകർക്കും നൽകുന്ന ഭക്ഷണത്തിൻറെ ഗുണനിലവാരം ഉറപ്പാക്കാൻ നിർദേശം നൽകി.

Find Out More:

Related Articles: