ജിൽ ബൈഡന് പഷ്മിന ഷാൾ, ജോ ബൈഡന് വെള്ളിയിൽ തീർത്ത തീവണ്ടി; സമ്മാനങ്ങൾ നൽകി നരേന്ദ്ര മോദി!

Divya John
 ജിൽ ബൈഡന് പഷ്മിന ഷാൾ, ജോ ബൈഡന് വെള്ളിയിൽ തീർത്ത തീവണ്ടി; സമ്മാനങ്ങൾ നൽകി നരേന്ദ്ര മോദി! വെള്ളിയിൽ തീർത്ത അപൂർവ കരകൗശലം മോദി ബൈഡന് സമ്മാനിച്ചപ്പോൾ ജിൽ ബൈഡന് കൈമാറിയത് കശ്മീരിൻ്റെ പഷ്മിന ഷാൾ ആണ്. ഗ്രീൻവില്ലിലെ ഡെലവെയ‍റിലുള്ള ബൈഡൻ്റെ വസതിയിൽവെച്ചാണ് മോദി സമ്മാനങ്ങൾ കൈമാറിയത്. യുഎസ് പ്രസിഡൻ്റ് ജോ ബൈഡനും യുഎസ് പ്രഥമ വനിത ജിൽ ബൈഡനും അപൂർവ സമ്മാനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.മഹാരാഷ്ട്രയിലെ കൗശലപ്പണിക്കാർ നിർമിച്ച വിൻ്റേജ് മാതൃകയിലുള്ള വെള്ളി തീവണ്ടി അപൂർവ കരകൗശലമാണ്. 92.5 ശതമാനം വെള്ളി ഉപയോഗിച്ചാണ് തീവണ്ടി മാതൃക തയ്യാറാക്കിയത്. ജമ്മു കശ്മീരിൻ്റെ പരമ്പരാഗത വസ്ത്രമായ പഷ്മിന ഷാൾ അടങ്ങിയ പ്രത്യേകം തയ്യാറാക്കിയ പേപ്പർ മാഷെ പെട്ടിയാണ് മോദി ജിൽ ബൈഡന് സമ്മാനിച്ചത്. ഇന്ത്യൻ ലോഹനിർമാണ കലയുടെ മഹത്വം വ്യക്തമാക്കുന്ന വെള്ളിയിൽ തീർത്ത തീവണ്ടി മാതൃകയാണ് മോദി ബൈഡന് സമ്മാനിച്ചത്. 'ഇന്ത്യൻ റെയിൽവേ' എന്ന ടാഗ് തീവണ്ടി മാതൃകയിലുണ്ട്.



  കൂടാതെ, 'ഡൽഹി - ഡെലവെയ‍ർ' എന്ന റൂട്ടും തീവണ്ടിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. ക്വാഡ് ഉച്ചകോടിക്ക് വേദിയാകുന്ന ഡെലവെയർ ബൈഡൻ്റെ ജന്മനാട് കൂടിയാണ്. ഡെലവെയറിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ - യുഎസ് പങ്കാളിത്തത്തിന് ഉത്തേജനം പകരുന്നതിൽ ബൈഡൻ നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ മോദി അഭിനന്ദിച്ചു. കഴിഞ്ഞ വർഷം നടന്ന തൻ്റെ യുഎസ് സന്ദർശനങ്ങൾ ഇന്ത്യ - യുഎസ് പങ്കാളിത്തത്തിനു കൂടുതൽ ഊർജസ്വലതയും ആഴവും പകർന്നുവെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സമഗ്രമായ ആഗോള തന്ത്രപ്രധാന പങ്കാളിത്തമാണ് ഇന്ത്യയും അമേരിക്കയും ഇന്ന് ആസ്വദിക്കുന്നതെന്നും മോദി കൂട്ടിച്ചേർത്തു.



  ത്രിദിന യുഎസ് സന്ദർശനത്തിനായി ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് ഏഴരയോടെ ഫിലഡെൽഫിയയിലാണ് മോദി വിമാനമിറങ്ങിയത്. ക്വാഡ് ഉച്ചകോടിയിൽ പങ്കെടുത്ത മോദി ഇന്ന് ന്യൂയോർക്ക്, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. 23ന് ന്യൂയോർക്കിലെ യുഎൻ പൊതുസഭയിലെ ഭാവി ഉച്ചകോടിയെ അഭിസംബോധന ചെയ്യും. ഇന്ത്യ - യുഎസ് പങ്കാളിത്തം എക്കാലത്തേക്കാൾ ശക്തവും ചലനാത്മകവുമാണെന്ന് പ്രസിഡൻ്റ് ജോ ബൈഡൻ വ്യക്തമാക്കി. പരസ്പര താൽപര്യമുള്ള മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ഇരുനേതാക്കളും ചർച്ച ചെയ്തു. ഇൻഡോ - പസഫിക് മേഖല ഉൾപ്പെടെയുള്ള ആഗോള - പ്രാദേശിക വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ കൈമാറി.

Find Out More:

Related Articles: