ഉപതെരഞ്ഞെടുപ്പ്; വിധിയെഴുതാൻ വയനാടും ചേലക്കരയും!

Divya John
 ഉപതെരഞ്ഞെടുപ്പ്; വിധിയെഴുതാൻ വയനാടും ചേലക്കരയും! 27 ദിവസം നീണ്ട വാശിയേറിയ പരസ്യപ്രചാരണം പൂർത്തിയാക്കിയ മുന്നണികൾ ചൊവ്വാഴ്ച നിശബ്ദപ്രചാരണത്തിലേക്ക് കടക്കും. ബുധനാഴ്ച രാവിലെ ഏഴു മണിക്ക് ഇരു മണ്ഡലങ്ങളും പോളിങ് ബൂത്തിലെത്തും.വയനാട് ലോക്സഭാ, ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പുകളുടെ പരസ്യപ്രചാരണം ആവേശം നിറഞ്ഞ കൊട്ടിക്കലാശത്തോടെ അവസാനിച്ചു. കൽപ്പറ്റയിലായിരുന്നു എൽഡിഎഫ് സ്ഥാനാർഥി സത്യൻ മൊകേരി പങ്കെടുത്ത പ്രചാരണ കൊട്ടിക്കലാശം. കൽപ്പറ്റ ചുങ്കം ജങ്ഷനിൽ നിന്നാരംഭിച്ച റോഡ് ഷോ അനന്തവീര തീയേറ്ററിന് സമീപമെത്തി വീണ്ടും ചുങ്കം ജങ്ഷനിലെത്തിയാണ് സമാപിച്ചത്. സ്ഥാനാർഥിക്ക് പുറമെ സന്തോഷ്‌ കുമാർ എംപി, മുൻ എംഎൽഎ സികെ ശശീന്ദ്രൻ തുടങ്ങിയ നേതാക്കളും പ്രചാരണ കൊട്ടിക്കലാശത്തിൽ സംബന്ധിച്ചു.



വയനാട്ടിലെ പ്രധാന നഗരങ്ങളിലൊന്നും യുഡിഎഫ് പ്രചാരണ പരിപാടി ഉണ്ടായിരുന്നില്ല. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി കേന്ദ്രീകരിച്ചായിരുന്നു പ്രിയങ്കയുടെയും രാഹുൽ ഗാന്ധിയുടെയും ഉച്ചകഴിഞ്ഞുള്ള പ്രചാരണം. അതേസമയം സുൽത്താൻ ബത്തേരി നഗരത്തിൽ എൽഡിഎഫിന്റെ പ്രചാരണ കൊട്ടിക്കലാശങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. സുൽത്താൻ ബത്തേരിയിലാണ് എൻഡിഎയുടെ ആവേശോജ്വല കലാശക്കൊട്ട് അരങ്ങേറിയത്. നാലരയോടെ ചുങ്കത്ത് നിന്നാരംഭിച്ച റോഡ്ഷോയിൽ സ്ഥാനാർഥി നവ്യഹരിദാസ്, എംടി രമേശ്, പികെ കൃഷ്ണദാസ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. റോഡ് ഷോ സ്വതന്ത്ര മൈതാനിയിലെത്തി വീണ്ടും ചുങ്കത്ത് എത്തി. ഇവിടം കേന്ദ്രീകരിച്ചായിരുന്നു പരസ്യപ്രചരണത്തിന്റെ സമാപനം.



നവ്യ ഹരിദാസിനെ ക്രെയിനിൽ ഉയർത്തിയതോടെ അണികളുടെ ആവേശം അണപൊട്ടി. ക്രെയിൻ തൊട്ടിയിൽനിന്ന് പ്രവർത്തകരെയും നാട്ടുകാരെയും അഭിവാദ്യം ചെയ്ത സ്ഥാനാർഥി അവർക്ക് നേരെ പുഷ്പങ്ങളെറിഞ്ഞു. ചേലക്കരയിലെ കൊട്ടിക്കലാശം കളറാക്കാൻ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിനൊപ്പം പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലും പങ്കെടുത്തു. റോഡ് ഷോയിൽ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപിനെ കെ രാധാകൃഷ്ണൻ എംപിയും അനുഗമിച്ചു. മന്ത്രി കെ രാജൻ, മുൻ മന്ത്രി വിഎസ് സുനിൽ കുമാർ എന്നിവരും സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. ചേലക്കര നഗരത്തെ ഇറക്കിമറിച്ചാണ് എൻഡിഎ സ്ഥാനാർഥി കെ ബാലകൃഷ്ണൻ റോഡ്ഷോ നടത്തിയത്. 



ഓരോ മുന്നണികളും തങ്ങളുടെ കരുത്ത് തെളിയിക്കാൻ വേണ്ടിയുള്ള മത്സരമായിരുന്നു ചേലക്കര ബസ് സ്റ്റാൻഡ് പരിസരത്ത് നടന്നത്.വമ്പൻ ഭൂരിപക്ഷത്തിലുള്ള പ്രിയങ്ക ഗാന്ധിയുടെ വിജയമാണ് കോൺഗ്രസ് വയനാട്ടിൽ പ്രതീക്ഷിക്കുന്നത്. യുആർ പ്രദീപിലൂടെ ഇടതുകോട്ടയായ ചേലക്കര നിലനിർത്തുമെന്ന ഉറച്ച വിശ്വാസത്തിലാണ് സിപിഎമെങ്കിൽ, രമ്യ ഹരിദാസിലൂടെ മണ്ഡലം പിടിച്ചെടുക്കാൻ കോൺഗ്രസ് ലക്ഷ്യമിടുന്നു. കെ ബാലകൃഷ്ണനിലൂടെ അട്ടിമറി വിജയമാണ് ചേലക്കരയിലെ ബിജെപിയുടെ പ്രതീക്ഷ. 23നാണ് വോട്ടെണ്ണൽ.

Find Out More:

Related Articles: