27,199 വോട്ടുകൾ നഷ്ടം; ചേലക്കരയിൽ വോട്ട് കൂട്ടി യുഡിഎഫും ബിജെപിയും!

Divya John
 27,199 വോട്ടുകൾ നഷ്ടം; ചേലക്കരയിൽ വോട്ട് കൂട്ടി യുഡിഎഫും ബിജെപിയും! ചേലക്കരയിൽ ഇടതുപക്ഷത്തിൻ്റെ പതനം ലക്ഷ്യമിട്ടു കോൺഗ്രസും ബിജെപിയും നടത്തിയ നീക്കങ്ങളിൽ പാർട്ടി വോട്ടുകളിൽ വിള്ളൽ വീഴ്ത്താനായെങ്കിലും യുആർ പ്രദീപിലൂടെ ചെങ്കോട്ട നിലനിർത്താൻ സിപിഎമ്മിനായി. 13 റൗണ്ടുകളിലായി നടന്ന വോട്ടെണ്ണലിൽ 12 റൗണ്ടുകളിലും മുൻ എംഎൽഎ കൂടിയ യുആ‍ർ പ്രദീപ് നേടിയത് വ്യക്തമായ മേൽക്കൈ. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ഒരു റൗണ്ടിൽ മാത്രമാണ് ലീഡ് നേടാനായത്. രണ്ടാം പിണറായി വിജയൻ സർക്കാരിനെതിരെ ഭരണവിരുദ്ധവികാരം ശക്തമാണെന്ന പ്രതിപക്ഷ ആരോപണത്തിൻ്റെ മുനയൊടിച്ചു ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിൻ്റെ വിജയം. 12201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് യുആ‍ർ പ്രദീപിൻ്റെ വിജയം. 64827 വോട്ടുകൾ പ്രദീപ് പെട്ടിയിലാക്കിയപ്പോൾ രമ്യ ഹരിദാസിന് 52626 വോട്ടുകളാണ് പിടിക്കാനായത്.



എൻഡിഎ സ്ഥാനാ‍ർഥി കെ ബാലകൃഷ്ണൻ 33609 വോട്ടുകളും പിടിച്ചു. പിവി അൻവറിൻ്റെ പിന്തുണയിൽ മത്സരിച്ച എൻകെ സുധീറിന് 3920 വോട്ടുകളാണ് ലഭിച്ചത്. മുൻ എംഎൽഎ കെ രാധാകൃഷ്ണൻ്റെ വികസന പ്രവർത്തനങ്ങളും സംസ്ഥാന പ്രതിപക്ഷത്തിനും കേന്ദ്രസർക്കാരിനുമെതിരായ വിമർശനങ്ങളും ചൂണ്ടിക്കാട്ടി സിപിഎം നയിച്ച പ്രചാരണം വോട്ടർമാർ കണക്കിലെടുത്തുവെന്ന് തെരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു. ഭരണവിരുദ്ധവികാരം ശക്തമാണെന്ന വാദം ഉയ‍ർത്തി യുഡിഎഫ് നയിച്ച പ്രചാരണം വോട്ടർമാർക്കിടയിൽ ഏശിയതുമില്ല.ചേലക്കരയിൽ ജയിച്ചുകയറാനായെങ്കിലും ശക്തികേന്ദ്രങ്ങളിൽ പാർട്ടിവോട്ടുകളിൽ ഉണ്ടായ ചോർച്ച ഇടതുപക്ഷത്തിനും സിപിഎമ്മിനും ആശങ്ക ഉയർത്തുന്നതാണ്. 2021ൽ 39,400 വോട്ടുകൾക്കായിരുന്നു കെ രാധാകൃഷ്ണൻ്റെ വിജയം.



എന്നാൽ ഉപതെരഞ്ഞെടുപ്പിൽ 27,199 വോട്ടുകൾ സിപിഎമ്മിന് നഷ്ടമായി. ഇവ കോൺഗ്രസ്, ബിജെപി സ്ഥാനാ‍ർഥികളുടെ പെട്ടിയിലെത്തി. ചെറിയ ഭാഗം പിവി അൻവറിൻ്റെ സ്ഥാനാർഥിക്കും ലഭിച്ചു. കോൺഗ്രസ് സ്ഥാനാർഥിക്ക് 8,122 വോട്ടുകളും 9,309 വോട്ടുകളുമാണ് 2021ലെ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ അധികമായി ലഭിച്ചത്.1996 മുതൽ തുടർച്ചയായി ചുവന്ന ചേലക്കര ഇക്കുറിയും നിലനി‍‍ർത്താനായത് സിപിഎമ്മിന് ആശ്വാസത്തിനപ്പുറം അഭിമാനവും നൽകുന്നതാണ്. 



രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ കാലാവധി അവസാനിക്കാൻ 18 മാസങ്ങൾ മാത്രം ശേഷിക്കെ ചേലക്കരയിലെ വിജയം സ‍ർക്കാരിനും മുന്നണിക്കും ആത്മവിശ്വാസം പകരുന്നു. ഉപതെരഞ്ഞെടുപ്പികളിൽ പതിവായ വിജയം ചേലക്കരയിലും ആവർത്തിക്കാമെന്ന കോൺഗ്രസിൻ്റെ പ്രതീക്ഷയ്ക്ക് തിരിച്ചടി കൂടിയായി ചേലക്കരയിലെ ഫലം. 13 റൗണ്ടുകളിലായി നടന്ന വോട്ടെണ്ണലിൽ 12 റൗണ്ടുകളിലും മുൻ എംഎൽഎ കൂടിയ യുആ‍ർ പ്രദീപ് നേടിയത് വ്യക്തമായ മേൽക്കൈ. യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന് ഒരു റൗണ്ടിൽ മാത്രമാണ് ലീഡ് നേടാനായത്.

Find Out More:

Related Articles: