വയനാടിന് 100 വീടുകൾ നൽകാമെന്ന് കർണാടക; നൽകിയ കത്തുകൾക്ക് കേരളം മറുപടി പോലും നൽകിയില്ലെന്ന് വിഡി സതീശൻ!

Divya John
 വയനാടിന് 100 വീടുകൾ നൽകാമെന്ന് കർണാടക; നൽകിയ കത്തുകൾക്ക് കേരളം മറുപടി പോലും നൽകിയില്ലെന്ന് വിഡി സതീശൻ! കേരള സർക്കാർ ചെയ്തത് വയനാടിനെ അവഗണിക്കുന്ന കേന്ദ്ര നിലപാടിന് തുല്യമായ കുറ്റമാണെന്നും അദ്ദേഹം പറഞ്ഞു. വയനാട് പുനരധിവാസത്തിൽ അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷ നേതാവിൻറെ വിമർശനം. വയനാട്ടിൽ 100 വീടുകൾ വാഗ്ദാനം ചെയ്തുള്ള കർണ്ണാടക സർക്കാരിൻറെ കത്തിനോട് സംസ്ഥാന സർക്കാർ നിസംഗത പുലർത്തിയത് അപമാനകരമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് വിടുവച്ച് നൽകാമെന്ന് അറിയിച്ചിട്ടും കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ലഭിച്ചില്ലെന്നായിരുന്നു കർണാടക സർക്കാർ നേരത്തെ പറഞ്ഞത്. നൂറ് വിടുകൾ വച്ച് നൽകാമെന്നായിരുന്നു കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചത്.



ചീഫ് സെക്രട്ടറി തലത്തിൽ ചർച്ച നടന്നിരുന്നതായും എന്നാൽ ഇത് സംബന്ധിച്ച് പിന്നീട് മറ്റൊരു മറുപടിയും ഉണ്ടായില്ലെന്നും വാഗ്ദാനം പാലിക്കാൻ കർണാടക സർക്കാർ ഇപ്പോഴും തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന് അയച്ച കത്തിൽ സിദ്ധരാമയ്യ പറഞ്ഞിരുന്നു.വീടുകളുടെ നിർമാണം സുഗമമാക്കാൻ ഭൂമി വാങ്ങാൻ തയ്യാറാണെന്നും കർണാടക മുഖ്യമന്ത്രിയുടെ കത്തിൽ പറയുന്നുണ്ട്. കേരളത്തിൻറെ ഭാഗത്ത് നിന്ന് ഔദ്യോഗിക മറുപടിയൊന്നും ലഭിച്ചില്ലെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. വയനാട് ദുരന്തത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിച്ചിട്ടും കേന്ദ്ര സർക്കാർ ഒരുരൂപപോലും നൽകിയില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കർണാടക സർക്കാരിൻറെ സഹായ വാഗ്ദാനം ചർച്ചയാകുന്നത്.




സർക്കാരിൻറെ ഉദാസീനത പുനരധിവാസ പ്രവർത്തനങ്ങളെ പിറകോട്ട് വലിക്കുകയാണ്. പുനരധിവാസ പ്രവർത്തനങ്ങളിലെ സർക്കാർ നിഷ്ക്രിയത്വത്തിനെതിരെ ഡിസംബർ 17 ന് ചേരുന്ന യുഡിഎഫ് യോഗം സമര പരിപാടികൾ തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.എത്ര ലാഘവത്തോടെയാണ് കേരള സർക്കാർ വയനാട് പുനരധിവാസത്തെ കാണുന്നത് എന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണ്ട. വീടും സ്ഥലവും നഷ്ട്ടപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ വേദന സർക്കാർ അവഗണിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു. ഒന്നുകിൽ വീടുകൾ നിർമ്മിക്കുന്നതിന് ആവശ്യമായ സ്ഥലം എത്രയും വേഗം ഏറ്റെടുത്ത് നൽകുക. അല്ലെങ്കിൽ വീടുകൾ വാഗ്ദാനം ചെയ്തവർക്ക് സ്വന്തം നിലയിൽ സ്ഥലം വാങ്ങി വീട് നിർമ്മിക്കുന്നതിന് അനുമതി നൽകുക. 



100 വീടുകൾ നിർമ്മിച്ചു നൽകാമെന്ന കർണ്ണാടക സർക്കാരിൻറെ വാഗ്ദാനത്തോട് ഒട്ടും ക്രിയാത്മകമായ പ്രതികരണമല്ല സംസ്ഥാന സർക്കാർ നടത്തിയത്. കർണ്ണാടക സർക്കാർ അയച്ച കത്തിന് മറുപടി നൽകാൻ പോലും കേരളം തയാറായില്ലെന്നത് ഗുരുതരമായ സാഹചര്യമാണ്. ചീഫ് സെക്രട്ടറി നടത്തിയ കത്തിടപാടിന് മറുപടി കിട്ടാത്തതിനെ തുടർന്ന് കർണ്ണാടക മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്ക് കത്ത് എഴുതേണ്ടി വന്നത് എത്രമാത്രം അപമാനകരമാണ്. സഹായം നൽകാതെ കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നതിന് തുല്യമായ കുറ്റമാണ് സംസ്ഥാന സർക്കാരും ചെയ്യുന്നത്.

Find Out More:

Related Articles: