പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പോലീസ്; സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയെന്ന് വനിതാ എംപി! ഗുജറാത്തിൽ നിന്നുള്ള ബിജെപി എംപി ഹേമന്ദ് ജോഷി നൽകിയ പരാതിയിലാണ് വ്യാഴാഴ്ച രാഹുലിനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തത്. പാർലമെൻ്റ് വളപ്പിലെ സംഘർഷത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തത് നിയമോപദേശം തേടിയ ശേഷം.ബിജെപി നേതാക്കളായ ഹേമന്ദ് ജോഷി, അനുരാഗ് താക്കൂർ, ബൻസുരി സ്വരാജ് എന്നിവർ രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകാൻ പാർലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്‌റ്റേഷനിലെത്തി. പാർലമെൻ്റ് വളപ്പിലുണ്ടായ പ്രശനങ്ങൾക്കെല്ലാം കാരണം രാഹുൽ ഗാന്ധിയാണെന്നും രാഹുൽ അക്രമത്തിന് പ്രേരിപ്പിക്കുകയും നേതാക്കളെ പരിക്കേൽപ്പിച്ചെന്നും ബിജെപി എംപിമാർ ആരോപിച്ചു.
നാഗാലൻഡിൽ നിന്നുള്ള വനിതാ ബിജെപി എംപിയോട് രാഹുൽ മോശമായി പെരുമാറിയെന്ന് ഠാക്കൂർ ആരോപിച്ചു. അതേസമയം, ബിജെപി നേതാക്കളുടെ ആരോപണങ്ങൾ കോൺഗ്രസ് നിഷേധിച്ചു. അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭിപ്രായത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രമാണ് ആരോപണങ്ങളും കേസ് നടപടിയുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാഹുൽ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത് പ്രിയങ്ക ഗാന്ധി ആരോപിച്ചു. രാഹുൽ ഗാന്ധി തട്ടിക്കയറുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പെരുമാറിയെന്നും നാഗാലൻഡിൽ നിന്നുള്ള ബിജെപി വനിതാ എംപി ഫാംഗ് നോൻ കൊന്യാക് ആരോപിച്ചു. പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധി ഗുണ്ടയെ പോലെ പെരുമാറുകയും എംപിമാരെ കയ്യേറ്റം ചെയ്യുകയും ചെയ്തതായി മന്ത്രി കിരൺ റിജ്ജു പറഞ്ഞു. ചൊവ്വാഴ്ച രാജ്യസഭയിൽ ഡോ. ബിആർ അംബേദ്കറിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പരാമർശത്തെ ചൊല്ലിയാണ് ബിജെപി - കോൺഗ്രസ് എംപിമാർ നേർക്കുനേർ എത്തിയത്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അമിത് ഷാ നടത്തിയ പരാമർശത്തിൽ ഇന്ത്യാ സഖ്യം എം.പിമാർ പ്രതിഷേധിച്ചിരുന്നു. ഈ വിഷയത്തിൽ പാർലമെൻ്റിന് പുറത്ത് കോൺഗ്രസ് - ബിജെപി നേതാക്കൾ ഇന്ന് നേർക്കുനേർ എത്തുകയും ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു.ബിജെപി എംപിമാർ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ പിടിച്ചുതള്ളുകയും രാഹുൽ ഗാന്ധിയെ ശാരീരികമായി കൈകാര്യം ചെയ്യുകയും ചെയ്തുവെന്ന് കോൺഗ്രസ് പറഞ്ഞു. ബിജെപി എംപിമാരുടെ മോശം പെരുമാറ്റത്തിൽ ദിഗ്‌വിജയ സിങ്ങും മുകുൾ വാസ്‌നിക്കും ഉൾപ്പെടെയുള്ള കോൺഗ്രസ് എംപിമാരുടെ സംഘം പോലീസിൽ പരാതി നൽകി.
വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപിമാർ ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് കത്ത് നൽകുകയും ചെയ്തു. എംപിമാരെ കയ്യേറ്റം ചെയ്തു, വനിതാ എംപിമാരെ അപമാനിച്ചു എന്നീ പരാതികളാണ് രാഹുലിനെതിരെയുള്ളത്. സെക്ഷൻ 109, 115, 117, 121, 125, 351 എന്നീ വകുപ്പുകൾ പ്രകാരമാണ് രാഹുലിനെതിരെ പാർലമെൻ്റ് സ്ട്രിറ്റ് പോലീസ് സ്റ്റേഷനിൽ ബിജെപി നേതാക്കൾ പരാതി നൽകിയത്.